| Saturday, 9th November 2019, 8:42 pm

'അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും സ്വീകരിക്കുക'; അയോധ്യാ വിധിയില്‍ പ്രതികരണവുമായി രജനീകാന്ത് അടക്കമുള്ള പ്രമുഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാ വിധിയില്‍ പ്രതികരിച്ച് ചലച്ചിത്രമേഖലയിലെ പ്രമുഖര്‍. എല്ലാവരും വിധിയെ മാനിക്കണമെന്നും സുപ്രീംകോടതി വിധി ഐക്യത്തിനും രാജ്യത്തിന്റെ വികസനത്തിനും വേണ്ടിയുള്ളതാണെന്നും രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മതാടിസ്ഥാനത്തിലല്ലാതെ, എല്ലാവരും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും സമാധാനത്തോടെ ഒന്നിച്ചുനില്‍ക്കാനാവുമെന്നു തെളിയിക്കുന്നതാണു വിധിയെന്നായിരുന്നു നടി കങ്കണ റണൗട്ടിന്റെ പ്രസ്താവന. ‘ഇതാണു നമ്മുടെ മഹത്തായ രാജ്യത്തിന്റെ സൗന്ദര്യം. വൈവിധ്യത്തില്‍ ഏകത എന്നതില്‍ എല്ലാവരും സന്തോഷിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു.’- അവര്‍ ട്വീറ്റ് ചെയ്തു.

വിധിയെന്താണെങ്കിലും സമാധാനമുണ്ടാകട്ടെ എന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച നടി ഊര്‍മിളാ മതോണ്ഡ്കര്‍ പ്രതികരിച്ചത്. ട്വിറ്ററിലായിരുന്നു പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി വിധിയെ മാനിക്കണമെന്നതാണു തന്റെ അഭ്യര്‍ഥനയെന്ന് നടനും സംവിധായകനും നിര്‍മാതാവുമായ ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ബഹുമാനത്തോടെ അതു സ്വീകരിക്കുക. ഇതോടെ ഒറ്റ ജനതയായി നമ്മുടെ രാജ്യത്തിനു മുന്നോട്ടുപോകണം.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

മഹാത്മാ ഗാന്ധിയെപ്പോലെ ഇക്കാര്യം ആരും നന്നായി പറഞ്ഞിട്ടില്ലെന്നായിരുന്നു നടന്‍ വിവേക് ഒബ്‌റോയിയുടെ ട്വീറ്റ്. സമാധാനം പുലര്‍ത്തിയും ഒന്നായി നിന്നും നമുക്ക് അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിക്കാം എന്നും ഒബ്‌റോയി പറഞ്ഞു.

രാജ്യത്തെ മലിനീകരണ പ്രശ്‌നവും സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും പരോക്ഷമായി സൂചിപ്പിച്ച് നടി തപ്‌സി പന്നു നേരത്തേ പ്രതികരിച്ചിരുന്നു. അയോധ്യ വിധിയില്‍ സുപ്രീം കോടതിയെ അഭിനന്ദിക്കുന്നു. ഇനി രാജ്യത്തെ ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നാണ് തപ്സിയുടെ ട്വീറ്റ്.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിയാണ് ഇന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കണമെന്നും മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്കു പകരം ഭൂമി നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും. എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more