വളരെ ചെറിയ ബാക്ക്ഗ്രൗണ്ടില്‍ നിന്നും വന്ന് സിനിമലോകത്ത് സ്വന്തമായ ഒരു സിഗ്നേച്ചറുണ്ടാക്കാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ ഉയര്‍ന്നുവന്ന് സൂപ്പര്‍ താരങ്ങളായാവരും മികച്ച അഭിനേതാക്കളായി പേരെടുത്തവരൊക്കെയുണ്ടെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് ആ നിലയിലേക്ക് ഉയര്‍ന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഇത്തരത്തില്‍, ഗോഡ് ഫാദര്‍മാരൊന്നുമില്ലാതെ എട്ട് വര്‍ഷമെന്ന വളരെ ചുരുങ്ങിയ കാലയളവില്‍ മലയാളികളുടെ മനസ്സില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷന്‍ ജോസഫ് മാത്യു എന്ന റോഷന്‍ മാത്യു.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏത് റോളും തന്റെ കൈയില്‍ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന നടനാണ് റോഷന്‍. മലയാളത്തില്‍ അടി കപ്യാരെ കൂട്ടമണി എന്ന സിനിമയില്‍ നിന്നും തുടങ്ങി ഹിന്ദിയിലെ ഡാര്‍ലിംഗ്സ് വരെ എത്തി നില്‍ക്കുകയാണ് ഈ യുവനടന്റെ യാത്ര. റോഷന്റെ സിനിമ ജീവിതത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
2016ല്‍ ആനന്ദം എന്ന സിനിമയിറങ്ങിയപ്പോള്‍ സൂചിമോന്‍ എന്ന് ഇരട്ടപേരുള്ള ഗൗതം എന്ന കഥാപാത്രമായെത്തിയ വളരെ വൈബ്രന്റ് ആയ ഒരു നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പിറങ്ങിയ പുതിയ നിയമം എന്ന സിനിമയില്‍ ക്രൂരനായ വില്ലനെ അവതരിപ്പിച്ചതും ഇതേ നടനായിരുന്നുവെന്ന് ആദ്യ കാഴ്ചയില്‍ പലര്‍ക്കും പിടികിട്ടിയിരുന്നില്ല. റോഷന്‍ മാത്യു എന്ന നടനെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത് ഈ ചിത്രങ്ങളിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് ഓരോ വേഷങ്ങളിലും റോഷന്‍ അത്ഭുതപ്പെടുത്തിക്കൊണ്ടിരിന്നു.
ചെറിയ പ്രായം മുതലേ സിനിമകള്‍, പുസ്തകങ്ങള്‍ എന്നത് റോഷന്റെ ലോകമായിരുന്നു. മമ്മൂട്ടിയുടെ ആരാധകര്‍ നിറഞ്ഞ ഒരു കുടുംബത്തില്‍ നിന്നാണ് റോഷന്‍ വരുന്നത്. പക്ഷെ ഒരിക്കലും റോഷന്റെ സ്വപ്‌നത്തില്‍ സിനിമ ഉണ്ടായിരുന്നില്ല. ഒരു എഞ്ചീനിയറാകാനായി കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നെങ്കിലും ഒരു വര്‍ഷം കൊണ്ട് പഠനം മതിയാക്കി ബി എസ് സി ഫിസിക്സ് പഠിക്കാനായി മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് പോയി. ഇത് തന്നെയാണ് റോഷന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്. ഈ കാലഘട്ടത്തിലാണ് സ്റ്റേജ് ഫ്രൈറ്റ് പ്രൊഡക്ഷന്‍സിന്റെ ഓഡിഷനിലൂടെ നാടകലോകത്തിലേക്ക് റോഷന്‍ പ്രവേശിക്കുന്നത്. ഡേര്‍ട്ടി ഡാന്‍സിങ് എന്ന നാടകത്തില്‍ നീല്‍ എന്ന കഥാപാത്രം റോഷന്റെ കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സുഹൃത്തുക്കളോടൊപ്പം തുടങ്ങിയ തിയേറ്റര്‍ നമ്പര്‍ 59 എന്ന തീയറ്റര്‍ ഗ്രൂപ്പ് അയാളുടെ വളര്‍ച്ചക്ക് സഹായകമായി. 07/07/07, ഗ്ലാസ് മീനിഗ്രി എന്ന നാടകങ്ങളിലൂടെ തിയേറ്റര്‍ സര്‍ക്കിളുകളില്‍ പേരെടുക്കാന്‍ സാധിച്ച റോഷന്‍ പിന്നീട് മുംബൈയിലെ ഡ്രാമ സ്‌കൂളില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ എടുക്കുകയും ചെയ്തു. നാടകം കൊണ്ടെങ്ങനെ ജീവിക്കാം എന്ന് പരീക്ഷണം നടത്തിയ കാലഘട്ടമായിരുന്നു അതെന്ന് പല അഭിമുഖങ്ങളിലും റോഷന്‍ പറഞ്ഞിട്ടുണ്ട്.
2015ല്‍ ഇറങ്ങിയ അടി കപ്യാരെ കൂട്ടമണിയിലൂടെയാണ് റോഷന്‍ മലയാള സിനിമയില്‍ എത്തിയത്. റോഷന്റെ രണ്ടാമത്തെ ചിത്രം മമ്മൂട്ടി,നയന്‍താര തുടങ്ങിയവര്‍ അഭിനയിച്ച പുതിയ നിയമം ആണ്. പിന്നീടാണ് ആനന്ദം എത്തുന്നത്. ഈ സിനിമയിലെ ഒരു ചോക്ലേറ്റ് കോളേജ് ബോയ് പരിവേഷത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോളായിരുന്നു അടുത്തതായ് എത്തിയ വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയില്‍ റോഷന്‍ അവതരിപ്പിച്ചത്. ഒരുപാട് കണ്‍ഫ്യൂഷന്‍സുള്ള, സമ്മര്‍ദങ്ങളനുഭവിക്കുന്ന ഒരു മുസ്ലിം യുവാവിന്റെ കഥയാണ് ഈ സിനിമയില്‍ പ്രതിപാദിച്ചത്. അത്ര ശ്രദ്ധിക്കപ്പെടാതെപോയ കടംകഥ, ഒരായിരം കിനാക്കളാല്‍, മാച്ച് ബോക്സ് തുടങ്ങിയ സിനിമകളിലും സ്വന്തം പ്രകടനം 100% കയ്യടക്കത്തോടെ റോഷന് അവതരിപ്പിക്കാനായി.
ഇതിനിടയില്‍ ഒരു അഭിനേതാവെന്നുള്ളതിനുപരി താനൊരു അടിപൊളി സ്റ്റോറി ടെല്ലെര്‍ ആണെന്നും മുംബൈ സ്പോക്കന്‍ ഫെസ്റ്റിലെ ‘എവരി സ്റ്റോറി ഹാസ് എ ഹൗസ് ‘ എന്ന കഥയിലൂടെ തെളിയിച്ചു. ആലുംമൂട്ടില്‍ വീട്ടിലെ തന്റെ മുത്തച്ഛനോടൊപ്പമുള്ള ദിനങ്ങളെകുറിച്ചും, അവിടെ പറഞ്ഞു തന്ന കഥകളിന്നും പ്രിയപ്പെട്ടതാണെന്നും റോഷന്‍ ഈ കഥയില്‍ പറയുന്നുണ്ട്. റോഷന്റെ ഏറ്റവും വലിയ റോള്‍മോഡല്‍ തന്റെ മുത്തച്ഛന്‍ ആണെന്നും ഇതില്‍ പരാമര്‍ശിക്കുകയുണ്ടായി. 2018-19 കാലഘട്ടം റോഷനെ സംബന്ധിച്ച് പാത്ത് ബ്രേക്കിങ് ആയിട്ടുള്ള വര്‍ഷങ്ങള്‍ തന്നെയായിരുന്നു. തൊട്ടപ്പന്‍ എന്ന സിനിമയിലെ ഇസ്മയില്‍ എന്ന കഥാപാത്രവും അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചലച്ചിത്രത്തില്‍ കൃഷ് എന്ന കുസൃതി നിറഞ്ഞ കഥാപാത്രത്തെയും അവതരിപ്പിച്ചു. ‘ ഇറ്റ്സ് ഓക്കെ ടു ആസ്‌ക് ഫോര്‍ ചാന്‍സ്’ എന്നാണ് റോഷന്‍ പറയുന്നത്. അഞ്ജലിയോട് ചാന്‍സ് ചോദിച്ച് തന്നെയാണ് കൂടെയില്‍ എത്തിപ്പെട്ടതെന്ന് റോഷന്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.
മൂത്തോന്‍ എന്ന സിനിമയാണ് ഒരു പാന്‍ ഇന്ത്യന്‍ തലത്തില്‍ റോഷനെ എത്തിച്ചത്. മൂത്തോന് മുന്‍പും ശേഷവും എന്ന് തന്നെ അദ്ദേഹത്തിന്റെ കരിയറിനെ വിശേഷിപ്പിക്കാം. താനൊരു ഇന്‍സ്റ്റിങ്ക്ടിനു പുറമെയാണ് അമീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റോഷനെ ക്ഷണിച്ചതെന്ന് സംവിധായികയായ ഗീതു മോഹന്‍ദാസ് പറഞ്ഞിട്ടുണ്ട്. ഇമ്പ്രവൈസ് ചെയ്യാനൊരുപാട് താല്പര്യമുള്ള ഒരു നടനാണ് താന്‍, വലിയ പ്ലാനൊന്നുമില്ലാതെ ഇഷ്ടപെട്ട സംവിധായകാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നാണ് റോഷന്‍ പറയാറുള്ളത്. മൂത്തോനെന്ന സിനിമയിലെ അമീറെന്ന സംസാരശേഷിയില്ലാത്ത കഥാപാത്രത്തെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു റോഷന്‍. ഈ സിനിമയിലെ അമീറിന്റെ അക്ബറുമായുള്ള പ്രണയം ഇന്നും നമ്മളില്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്.
ഒരുപക്ഷെ, 2020-21 എന്ന വര്‍ഷങ്ങള്‍ ലോകം മൊത്തത്തില്‍ കൊറോണയുമായി ലോക്കായി കിടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ക്രീയേറ്റീവ് ആയി വളര്‍ന്ന നടനാണ് റോഷന്‍. ബോളിവുഡിലെ ഏറ്റവും പ്രമുഖനായ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ‘ചോക്ഡ്’ എന്ന നെറ്റ്ഫ്ലിക്സ് സിനിമയിലെ കേന്ദ്രകഥാപാത്രമായി ബോളിവുഡ് ഡെബ്യു നടത്തി.വളരെ സാധാരണക്കാരനായ, കലാകാരനാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു യുവാവിന്റെ ജീവിതമാണ് ഈ സിനിമയിലൂടെ റോഷനവതരിപ്പിച്ചത്. ഇതിനുമുന്‍പ് ടാന്‍ലൈന്‍സ് എന്ന 2015ലിറങ്ങിയ ഇന്ത്യന്‍ വെബ് സീരീസിലും റോഷനഭിനയിച്ചിട്ടുണ്ട്.
ഓരോ കഥാപാത്രത്തെയും, ആഴത്തില്‍ പഠിച്ച് അവരുടെ മാനറിസം ഒക്കെ വ്യക്തമായി മനസിലാക്കി ക്യാരക്ടേഴ്‌സിനെ മികച്ചതാക്കാന്‍ റോഷന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കപ്പേള എന്ന സിനിമയിലെ ക്ലൈമാക്സില്‍ ഭാസിയുമായിട്ടുള്ള ഫൈറ്റ് സീനൊക്കെ അത് വ്യക്തമാക്കുന്നതാണ്. ജിമ്മി കുര്യന്‍ എന്ന ‘സീ യു സൂണി’ലെ വളരെ കണ്‍ഫ്യൂസ്ഡായ, എന്നാല്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്ന യുവാവിന്റെ ജീവിതം ഒത്തിരി ഡെപ്ത്തില്‍ അഭിനയിക്കാന്‍ റോഷന് സാധിച്ചു.
നടനുപുറമേ നല്ലൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന നാടകത്തിലൂടെ റോഷന്‍ തെളിയിച്ചിട്ടുണ്ട്. കനി കുസൃതി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കൂടി ഭാഗമായ പ്രോജക്ടായിരുന്നു ഇത്. മരുമക്കത്തായം നിലനില്‍ക്കുന്ന ഒരു കുടുംബത്തിലെ ടീന എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു ഈ നാടകത്തിലൂടെ പറഞ്ഞത്. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ അരങ്ങേറിയ നാടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
2021ലേക്ക് വന്നാല്‍, വളരെ പൊളിറ്റിക്കലായ വര്‍ത്തമാനം, കുരുതി എന്ന രണ്ട് ചിത്രങ്ങളില്‍ റോഷന്‍ അഭിനയിച്ചു. കുരുതിയിലെ ഇബ്രാഹിം എന്ന കഥാപാത്രം ആദ്യം പൃഥ്വിരാജ് തനിക്ക് നല്‍കിയപ്പോള്‍ ഒട്ടും വിശ്വസിക്കാനായില്ലെന്നും റോഷന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തന്റെ തെറ്റും ശരിയും എന്താണെന്ന് മനസിലാക്കാനാകാതെ, മടുപ്പും സങ്കടങ്ങളും നിറഞ്ഞ ജീവിതം എങ്ങനെയോ ജീവിച്ചു തീര്‍ക്കുന്ന ഇബ്രാഹിം എന്ന കഥാപാത്രത്തെ അനായാസമായാണ് റോഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.2021ല്‍ ഇറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജിയില്‍ ആഷിഖ് അബു സംവിധാനം ചെയ്ത റാണിയിലും റോഷന്‍ കലക്കന്‍ പെര്‍ഫോമന്‍സ് ആണ് കാഴ്ച വെച്ചത്. മലയാളത്തിലെ യുവതാരങ്ങളില്‍ ഇവോള്‍വിങ് ആക്ടര്‍മാരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് റോഷന്റെ സ്ഥാനമെന്ന് ഈ സിനിമകള്‍ ഒരിക്കല്‍ കൂടി കാണിച്ചു തരികയായിരുന്നു.
റോഷനെ ഇനി മലയാളത്തില്‍ കാത്തിരിക്കുന്നത് കൊത്ത്, നൈറ്റ്ഡ്രൈവ്, ചേര, ചതുരം തുടങ്ങിയ സിനിമകളാണ്.പക്ഷെ മലയാളത്തിലെ ഈ സിനിമകളേക്കാള്‍, 2022 എന്ന വര്‍ഷം, മറ്റു ഭാഷകളിലേക്കുള്ള റോഷന്റെ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതായിരിക്കും. വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്‍ അജയ് സംവിധാനം ചെയ്യുന്ന ‘കോബ്ര’ എന്ന തമിഴ് സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് റോഷന്‍. അതിനോടൊപ്പം ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ തുടങ്ങിയവരോടൊപ്പം ജസ്മീത് റീനിന്റെ സംവിധാനത്തിലൂടെ ഇറങ്ങുന്ന ‘ഡാര്‍ലിംഗ്സ്’ എന്ന ഹിന്ദി സിനിമയുടെയും ഭാഗമായിരിക്കുകയാണ് റോഷന്‍. ആലിയ ഭട്ട് പ്രൊഡ്യൂസറാകുന്ന ആദ്യ ചിത്രമാണ് ഡാര്‍ലിംഗ്‌സ്. റെഡ് ചില്ലിസ്, ഇറ്റെനല്‍ സണ്‍ഷൈന്‍ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ കമ്പനികളും ഈ സിനിമയുടെ ഭാഗമാണ്
ഇങ്ങനെ കരിയറില്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറിക്കൊണ്ടിരിക്കുകയാണ് റോഷന്‍ മാത്യു. കഥാപാത്ര തെരഞ്ഞെടുപ്പില്‍ ഏറെ വ്യത്യസ്ത പുലര്‍ത്തുകയും, അതേസമയം ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും വളരെ സ്വാഭാവികമായ പൂര്‍ണ്ണത കൊണ്ടുവരികയും ചെയ്യുന്നിടത്താണ് റോഷന്‍ എന്ന നടന്‍ വ്യത്യസ്തനാകുന്നത്. അതുതന്നെയാണ് ഈ യുവതാരത്തെ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടവനാക്കുന്നത്.
Content Highlight; Film career of Roshan Mathew