മോഹന്‍ലാല്‍ പങ്കെടുത്താല്‍ അവാര്‍ഡ് ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടും: സച്ചിദാനന്ദന്‍
Malayalam Cinema
മോഹന്‍ലാല്‍ പങ്കെടുത്താല്‍ അവാര്‍ഡ് ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടും: സച്ചിദാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 10:39 pm

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്ന് കവി സച്ചിദാനന്ദന്‍. അതുകൊണ്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ച ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിവിധ രംഗത്തുള്ള 105 ഓളം പേരാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കിയത്. സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദിയെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.


Read Also : മോഹന്‍ലാലിനോട് എന്തിനാണ് അയിത്തം; ചലച്ചിത്ര പുരസ്‌ക്കാര വിതരണ വിവാദത്തില്‍ പ്രതികരണവുമായി എം.എ നിഷാദ്


 

“ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്. സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്കു സ്വന്തം നാട്ടില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടുതന്നെ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണമായ ഒരു കലാ അന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്” ഭീമ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.