ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു
Kerala News
ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 3:01 pm

കോഴിക്കോട്: ചലച്ചിത്രകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ചെലവൂര്‍ വേണു. 1977 മുതല്‍ കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനിയുടെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

കേരളത്തിലെ ആദ്യത്തെ മനഃശാസ്ത്ര മാസികയായിരുന്ന സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. തന്റെ 79-ാം വയസില്‍ ‘സൈക്കോ’യുടെ പുനപ്രസിദ്ധീകരണത്തിനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു.

ടെലിവിഷന്‍ സീരിയലുകളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. സാംസ്‌കാരിക മാഗസിനായ യുവഭാവനയാണ് ആദ്യത്തെ പ്രസിദ്ധീകരണം. മലയാളത്തിലെ ആദ്യ സ്‌പോട്‌സ് മാസികയായ സ്റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, രാഷ്ട്രീയ വാര്‍ത്തകളുടെ പ്രസിദ്ധീകരണമായ സെര്‍ച്ച് ലൈറ്റ്, നഗര വിശേഷങ്ങള്‍ പരിചയപ്പെടുത്തിയിരുന്ന സിറ്റി മാഗസിന്‍, സായാഹ്ന പത്രമായ വര്‍ത്തമാനം എന്നിവയുടെ പത്രാധിപരായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കവേ ‘ഉമ്മ’ എന്ന സിനിമയുടെ നിരൂപണമെഴുതിയാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സംവിധായകന്‍ രാമുകാര്യാട്ടിന്റെ അസിസ്റ്റന്റായും കുറച്ച് കാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധയകാന്‍ ജോണ്‍ ഏബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി സിനിമ നിരൂപകന്‍ പ്രേംചന്ദ് നിര്‍മിച്ച ‘ജോണ്‍’ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും സംഘടനയുടെ മുഖമാസികയായ ദൃശ്യതാളത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. ഇടത് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.എഫിന്റെ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

Content Highlight: Film and culture activist Chelavoor Venu passed away