| Monday, 3rd May 2021, 6:41 pm

സിനിമാ നടനായ ആര്‍. ബാലകൃഷ്ണപ്പിള്ള; അഭിനയിച്ചത് അഞ്ചോളം സിനിമകളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു ആര്‍. ബാലകൃഷ്ണപ്പിള്ള. കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന അദ്ദേഹം സിനിമയില്‍ അഭിനയിച്ചിരുന്ന എന്ന കാര്യം പലര്‍ക്കും അറിയാത്ത കാര്യമാണ്.

ബാലകൃഷ്ണപ്പിള്ളയുടെ മകനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ ഗണേഷ് കുമാര്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ബാലകൃഷ്ണപ്പിള്ള സിനിമയില്‍ അഭിനയിച്ചിരുന്നു.

1976 മുതല്‍ 81 വരെയുള്ള വര്‍ഷങ്ങളിലാണ് ഇദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. നീലസാരി, അശ്വത്ഥാമാവ്, ഇവളൊരു നാടോടി, വെടിക്കെട്ട്, അപര്‍ണ്ണ എന്നീ സിനിമകളിലാണ് ആര്‍. ബാലകൃഷ്ണപ്പിള്ള അഭിനയിച്ചത്.

സുഹൃത്തും സംവിധായകനുമായ എം കൃഷ്ണന്‍നായരുടെ നീലസാരി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് വെടിക്കെട്ട് എന്ന സിനിമയില്‍ കരപ്രമാണിയായ ഒരു മുഴുനീളവേഷം അഭിനയിക്കുന്നത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെയാണ് ബാലകൃഷ്ണപ്പിള്ള അന്തരിക്കുന്നത്.

മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. നായര്‍ സര്‍വീസ് സൊസൈറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.

മകനും എം.എല്‍.എയുമായ കെ. ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് ബാലകൃഷ്ണപ്പിള്ളയുടെ ആരോഗ്യനില മോശമാകുന്നത്.

കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1935 മാര്‍ച്ച് എട്ടിനാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ ആര്‍. ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി.

1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പിള്ള. 1971 ല്‍ ലോക്സഭാംഗമായി. 1975 ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ എക്സൈസ് – ജയില്‍ വകുപ്പ് മന്ത്രിയായിരുന്നു.

1980-82, 82-85, 86-87 കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. 1995 മാര്‍ച്ച് 22 മുതല്‍ 95 ജൂലൈ 28 വരെ എ. കെ ആന്റണി മന്ത്രിസഭയിലംഗമായിരുന്നു. 2017ല്‍ മെയിലാണ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനാകുന്നത്.

NB: വിവരങ്ങള്‍ക്ക് കടപ്പാട് m3db.com/r-balakrishna-pillai

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more