തിരുവനന്തപുരം: മലയാള സിനിമാ താരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല. നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതിനെപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ആളുകള്‍ വിമര്‍ശനവുമായി ജയസൂര്യയുടെ പേജിലെത്തിയത്.
വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ താന്‍ എ.എം.എം.എയില്‍ അംഗം മാത്രമാണെന്നും, തീരുമാനങ്ങള്‍ ഭാരവാഹികള്‍ പറയും എന്നുമായിരുന്നു ജയസൂര്യയുടെ പ്രതികരണം. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
റോഡിന്റെ കുഴി അടയ്ക്കാനും, ടോള്‍ വിഷയത്തിലും പ്രതികരിച്ചപ്പോള്‍ താങ്കള്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നോ എന്ന കമന്റും, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വെച്ച് നടക്കാത്ത ഒരു നടനുണ്ട് പൃഥ്വിരാജ് അയാളെ കണ്ട് പഠിക്കൂ എന്നുമുള്ള കമന്റുകള്‍ ജയസൂര്യയുടെ പേജില്‍ കാണാം.
തന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് ജയസൂര്യയിലെ നന്മമരം പൂക്കുന്നതെന്നും പേജില്‍ വിമര്‍ശനങ്ങളുണ്ട്. നിങ്ങളുടെ ഡെഡിക്കേഷനും കാട്ടിക്കൂട്ടലുകളും തീയറ്ററില്‍ ആളെ നിറയ്ക്കാന്‍ ആണോ എന്നും ആളുകള്‍ ജയസൂര്യയുടെ പേജില്‍ ചോദിക്കുന്നുണ്ട്.
ജയസൂര്യയെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങുന്നുണ്ട്.
ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ തീരുമാനം രാജ്യവ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. അക്രമത്തെ അതിജീവിച്ച നടി ഉള്‍പ്പെടെ നാല് നടിമാര്‍ എ.എം.എം.എയില്‍ നിന്ന് ഇതേ തുടര്‍ന്ന് രാജി വെച്ചിരുന്നു. കന്നഡ ഫിലിം ഇന്‍ഡസ്ട്രിയും ഇന്ന് എ.എം.എം.എയ്ക്ക് പ്രതിഷേധ കത്ത് അയച്ചിരുന്നു.
എന്നാല്‍ മുന്‍ നിര താരങ്ങള്‍ പലരും ഇനിയും സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് ആരാധകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയരുന്നത്.
ട്രോളിന് കടപ്പാട്: International Chalu Union