ഫെസ്റ്റിവല്‍ നല്ല രീതിയില്‍ നടക്കുന്നതിനിടക്കാണ് ഒരു സിനിമ കാണാന്‍ പറ്റാത്തതിന്റെ രോഷപ്രകടനം; പപ്പുവിന്റെ അനുശോചന സമ്മേളനത്തില്‍ സംവിധായകന്‍ രഞ്ജിത്
Entertainment news
ഫെസ്റ്റിവല്‍ നല്ല രീതിയില്‍ നടക്കുന്നതിനിടക്കാണ് ഒരു സിനിമ കാണാന്‍ പറ്റാത്തതിന്റെ രോഷപ്രകടനം; പപ്പുവിന്റെ അനുശോചന സമ്മേളനത്തില്‍ സംവിധായകന്‍ രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th December 2022, 8:26 am

ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലചിത്രമേള തലസ്ഥാന നഗരിയില്‍ നടക്കുകയാണ്. എല്ലാ തവണത്തേയും പോലെ പ്രതിഷേധങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത ഡെലിഗേറ്റ്‌സിന് സിനിമ കാണാന്‍ കഴിയാത്തതിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ കാണാന്‍ കഴിയാതെ ഡെലിഗേറ്റ്‌സ് വലിയ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഒരു സിനിമ കാണാന്‍ പറ്റാത്തതില്‍ രോഷ പ്രകടനം നടക്കുന്ന അതേ വേദിയിലാണ് അനുശോചനം നടക്കുന്നതെന്ന് സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്.

സംവിധായകന്‍ പപ്പുവിന്റെ അനുശോചന സമ്മേളനത്തിനിടെ ഐ.എഫ്.എഫ്.കെ വേദിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ തൊഴുകയ്യോടെ ഈ സദസിന് നന്ദി പറയുകയാണ്. പപ്പുവിന്റെ ഈ അനുസ്മരണ ദിവസം, ഇത്രയുംപേര്‍ ഒന്നിച്ച് കൂടിയതില്‍ നിങ്ങള്‍ക്ക്, നിങ്ങളുടെ മനസിന് നന്ദി പറയുന്നു. ഈ ഫിലിം ഫെസ്റ്റിവെല്‍ ഏതാണ്ട് നല്ല രീതിയില്‍ നടന്നുപോകുന്നതിന്റെ ഇടക്കാണ്, ആകപ്പാടെ മമ്മൂട്ടിയുടെ ഒരു സിനിമ ഇറങ്ങിയപ്പോള്‍ അത് കാണാന്‍ പറ്റാത്തതിന്റെ രോക്ഷ പ്രകടനങ്ങള്‍ നടക്കുന്നത്.

അതേ ഫെസ്റ്റിവെല്ലില്‍ തന്നെയാണ്  ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട പപ്പുവിന്റെ അനുസ്മരണം നടക്കുന്നത്. ഈ വേദിയിലേക്ക് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും തൊഴുകയ്യോടെ ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു,’ രഞ്ജിത് പറഞ്ഞു.

വനിതാ സംവിധായകരുടെയടക്കം നിരവധി പ്രതിഷേധങ്ങള്‍ ഐ.എഫ്.എഫ്.കെ വേദിയില്‍ നടന്നിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സിനിമ കാണാന്‍ കഴിയാത്ത ഡെലിഗേറ്റ്‌സിന്റെ പ്രതിഷേധമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

content highlight: film accademy chairman renjith talks about protest in iffk