വീട്ടിലെ നായ്ക്കള്‍ എന്നെ നോക്കി കുരക്കും, അവര്‍ക്ക് ഉടമ ഞാനാണെന്ന് അറിയില്ല; ഐ.എഫ്.എഫ്.കെ പ്രതിഷേധങ്ങളെ അധിക്ഷേപിച്ച് രഞ്ജിത്ത്
Entertainment news
വീട്ടിലെ നായ്ക്കള്‍ എന്നെ നോക്കി കുരക്കും, അവര്‍ക്ക് ഉടമ ഞാനാണെന്ന് അറിയില്ല; ഐ.എഫ്.എഫ്.കെ പ്രതിഷേധങ്ങളെ അധിക്ഷേപിച്ച് രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th December 2022, 4:31 pm

ഐ.എഫ്.എഫ്.കെ പ്രതിഷേധക്കാരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ആള്‍ക്കൂട്ട പ്രതിഷേധം നായകള്‍ കുരയ്ക്കുന്നത് പോലെയാണെന്നും തനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് വരാറുള്ളതെന്നും ഐ.എഫ്.എഫ്.കെ നടത്തിപ്പില്‍ വീഴ്ചയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ന്യൂസ് 18നോടാണ് രഞ്ജിത്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.

”നിങ്ങളിതിനെ കൂവി വിളിയെന്ന് പറഞ്ഞ് വലുതാക്കരുത്. ആരോ എന്തോ ബഹളമുണ്ടാക്കിയെന്ന് വിചാരിച്ചാല്‍ മതി. അതൊന്നും വലിയ കാര്യമല്ല. മേളയുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത് നല്ല കണ്ടന്റ് കൊണ്ടുവരുക എന്നതാണ്.

അത് കാണാനായി ക്ഷണിച്ചപ്പോള്‍ വളരെ ഉത്സാഹത്തോടെ വന്ന ഒരുപാട് പ്രേക്ഷകര്‍ നമുക്ക് ഒപ്പമുണ്ട്. അതാണ് നമ്മുടെ കരുത്ത്. അല്ലാതെ ബഹളം വെക്കുക എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. അത്തരം ബഹളം വെക്കുന്നവരെ നമ്മള്‍ കാര്യമായിട്ട് എടുക്കാറുമില്ല.

അക്കാദമിയുടെ ഭാഗത്ത് നിന്ന് നടത്തിപ്പിന്റെ കാര്യത്തില്‍ ഒരു വീഴ്ചയുമില്ല. അക്കാദമിക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടുമില്ല. നല്ല സിനിമകള്‍, വിഖ്യാതരായ പലരുടെയും സാന്നിധ്യം എന്നിവ നമുക്ക് ഒരുക്കാന്‍ കഴിഞ്ഞു. ഈ കൂവിയവരെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.

കോഴിക്കോടാണ് ഞാന്‍ ജീവിക്കുന്നത്. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ഒരു ബാലകൃഷ്ണനുണ്ട്. അദ്ദേഹം നാടന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്. അവ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. എന്റെ വീടാണെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അറിയില്ല.

എനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് തോന്നാറുള്ളത്. അതുപോലെയേ ഞാന്‍ ഈ അപശബ്ദങ്ങളെയും കാണുന്നുള്ളു. നായ ഒരിക്കലും എന്നെ ടാര്‍ഗറ്റ് ചെയ്ത് കുരക്കുന്നതല്ലല്ലോ. വല്ലപ്പോഴുമെത്തുന്ന ഒരാളെന്ന പോലെ അവ എന്നെ കാണുമ്പോള്‍ കുരയ്ക്കുന്നു.

അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കുന്നില്ലല്ലോ. ഒരുനാള്‍ അവക്ക് എന്നെ പരിചയത്തിലാവുകയും അവര്‍ എന്നെ എവിടെ എങ്കിലും വെച്ച് തിരിച്ചറിയുകയും ചെയ്യും. അത്രമാത്രമെ ഇതിലൊക്കെയുള്ളു,” രഞ്ജിത്ത് പറഞ്ഞു.

content highlight: Film Academy Chairman Ranjith likens IFFK protesters to dogs