| Sunday, 27th October 2024, 9:35 am

എനിക്ക് മെസിയോടും റൊണാള്‍ഡോയോടും ദേഷ്യമാണ്, അവര്‍ കാരണം ഞങ്ങള്‍ രണ്ട് പേരും... തുറന്നടിച്ച് ഇറ്റാലിയന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയോ റൊണാള്‍ഡോയോ? ഇവരില്‍ മികച്ചതാര്? ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം അന്ത്യമില്ലാതെ തുടരും എന്നുറപ്പുള്ള ചര്‍ച്ചയാണിത്.

ഏറ്റവും മികച്ച താരമാര് എന്ന ചോദ്യം മിക്ക പ്രൊഫഷണല്‍ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും. ഇരുവരുടെയും പ്രൈമില്‍ റയല്‍-ബാഴ്‌സ മത്സരങ്ങള്‍ ലൈവായി കണ്ടവരെ ഭാഗ്യവാന്‍മാരെന്ന് ഭാവി തലമുറ വിശേഷിപ്പിച്ചാലും തെറ്റ് പറയാന്‍ സാധിക്കില്ല.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാര്‍ കൂടിയാണ് ഇരുവരും. ഇരുവരുടെയും ഗോള്‍വേട്ടയെ കുറിച്ച് മുന്‍ ഇറ്റാലിയന്‍ താരവും മിലാന്‍ ഇതിഹാസവുമായ ഫിലിപ്പോ ഇന്‍സാഗി സംസാരിച്ചിരുന്നു. 2020ല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്‍സാഗി ഇരുവരെയും കുറിച്ച് സംസാരിച്ചത്.

തനിക്ക് ഇരുവരോടും ചെറിയ ദേഷ്യമുണ്ടെന്നും ഇവര്‍ കാരണം താനും റൗള്‍ ഗോള്‍സാലസും വളരെ കുറച്ച് ഗോള്‍ മാത്രം നേടിയെന്നേ തോന്നുകയുള്ളൂ എന്നാണ് ഇന്‍സാഗി തമാശപൂര്‍വം പറഞ്ഞത്.

‘എനിക്ക് ക്രിസ്റ്റ്യാനോയോടും ലയണല്‍ മെസിയോടും ദേഷ്യമുണ്ട്. ഇവര്‍ രണ്ട് പേരും കാരണം ഞാനും റൗളും വളരെ കുറച്ച് ഗോള്‍ മാത്രം നേടിയെന്നേ തോന്നുകയുള്ളൂ,’ ഇന്‍സാഗി പറഞ്ഞു.

തന്റെ കരിയറില്‍ 313 ഒഫീഷ്യല്‍ ഗോളുകളാണ് ഇന്‍സാഗി നേടിയത്. ദേശീയ ടീമിനായി കളത്തിലിറങ്ങിയ 57 മത്സരത്തില്‍ നിന്നും 25 ഗോള്‍ വലയിലെത്തിച്ച താരം സീരി എയില്‍ 156 തവണയും വലകുലുക്കിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ എന്ന നേട്ടവും ഇന്‍സാഗിയുടെ പേരില്‍ തന്നെയാണ്. 50 തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ താരം സ്‌കോര്‍ ചെയ്തത്.

മിലാനും യുവന്റസിനും പുറമെ അറ്റ്‌ലാന്റ, പാര്‍മ തുടങ്ങിയ ടീമുകള്‍ക്കായും പന്തുതട്ടിയ താരം 2006ല്‍ ഇറ്റലിക്കൊപ്പം ലോകകപ്പും നേടിയിരുന്നു.

റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ ഇതില്‍ ആദ്യ സ്ഥാനങ്ങളില്‍ കാണുന്ന പേരാണ് റൗളിന്റെത്. ലോസ് ബ്ലാങ്കോസിനായി 323 ഗോളാണ് താരം നേടിയത്. ഇതിഹാസ താരം അല്‍ഡഫ്രെഡോ സ്‌റ്റെഫാനോയുടെ ഗോള്‍ റെക്കോഡ് തകര്‍ക്കുന്ന ആദ്യ താരമെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.

ലോസ് ബ്ലാങ്കോസിനൊപ്പം ആറ് തവണ ലാലിഗ കിരീടം നേടിയ താരം മൂന്ന് തവണ യൂറോപ്യന്‍ കിരീടവും സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ കരിയറില്‍ പലപ്പോഴായി അഞ്ച് തവണ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ താരം അഞ്ച് തവണ ടോപ് സ്‌കോറര്‍ പട്ടവും സ്വന്തമാക്കിയിരുന്നു.

Content highlight: Filippo Inzaghi about Messi and Ronaldo

We use cookies to give you the best possible experience. Learn more