| Wednesday, 17th August 2016, 10:56 am

സെക്രട്ടറിയേറ്റില്‍ നിന്നും പല ഫയലുകളും നീങ്ങുന്നില്ല: പിന്നില്‍ ഉദ്യോഗസ്ഥരുടെ അമിത രാഷ്ട്രീയമെന്ന് വിജിലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  സെക്രട്ടറിയേറ്റില്‍ നിന്നും പല ഫയലുകളും നീങ്ങാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അമിത രാഷ്ട്രീയമാണെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഫയല്‍ നീക്കത്തെ സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ഇതിനോടകം വിജിലന്‍സിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളമാണ് ഫയല്‍ പൂഴ്ത്തിവയ്ക്കുന്നത്. പലപ്പോഴും ഫയല്‍ വൈകുന്നതിന്റെ കാരണം പോലും പരാതിക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്താന്‍ തയാറാകുന്നില്ല.

അതേസമയം ഉദ്യോഗസ്ഥരുടെ താല്‍പ്പര്യമുള്ള ഫയലുകള്‍ ദിവസങ്ങള്‍ കൊണ്ടു തീരുമാനമുണ്ടാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം വൈകുന്ന ഫയലുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ല്ാം മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയും വിജിലന്‍സിന് ഉണ്ട്.

We use cookies to give you the best possible experience. Learn more