ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതിനാലാണ് എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയത്: വെളിപ്പെടുത്തലുമായി മാധ്യമ വിദ്യാര്‍ഥിനി
National Politics
ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതിനാലാണ് എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയത്: വെളിപ്പെടുത്തലുമായി മാധ്യമ വിദ്യാര്‍ഥിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 9:43 am

 

ഭോപ്പാല്‍: തന്നെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച മാധ്യമ വിദ്യാര്‍ഥിനി. കോണ്‍ഗ്രസ് എം.എല്‍.എ ഹേമന്ത് കടാരെയ്‌ക്കെതിരെയായിരുന്നു വിദ്യാര്‍ത്ഥിനി ആരോപണവുമായി രംഗത്തുവന്നത്.

ബി.ജെ.പി നേതാവ് അരവിന്ദ് ഭടോരിയയും ഹേമന്തും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന് തന്നെ ആയുധമാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഒരുവര്‍ഷം മുമ്പ് നടന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ അടര്‍ മണ്ഡലത്തില്‍ ഭടോരിയയെ ഹേമന്ത് പരാജയപ്പെടുത്തിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന ഹേമന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പെണ്‍കുട്ടി ഹേമന്ത് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്തുവന്നു.


Also Read: ദല്‍ഹിയിലെ തുഗ്ലക് കാലത്തെ ശവക്കല്ലറ കാവി പൂശി ശിവക്ഷേത്രമാക്കി: ചരിത്ര സ്മാരകത്തില്‍ വിഗ്രഹം സ്ഥാപിച്ചത് ആരെന്നറിയില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍


തുടര്‍ന്ന് പൊലീസ് ഹേമന്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നില്ല. പിന്നീട് ഹേമന്ത് അറസ്റ്റിന് സ്റ്റേ വാങ്ങുകയും ചെയ്തു.

എന്നാല്‍ ഈ കേസില്‍ ഹേമന്ത് നിരപരാധിയാണെന്നാണ് വ്യാഴാഴ്ച പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞത്. തന്നെ ചിലര്‍ ആയുധമാക്കുകയായിരുന്നെന്നും അതിനാലാണ് കള്ളം പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു. ഗൂഢാലോചനയ്ക്കു പിന്നില്‍ ഭടോരിയയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പെണ്‍കുട്ടി മധ്യപ്രദേശ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. 2018 ജനുവരി 27ന് പിടിച്ചുപറിക്കേസില്‍ തന്നെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ച സമയത്ത് തനിക്കൊപ്പം ആരോപണവിധേയനായ വിക്രംജീത് ഒരു അഭിഭാഷകനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം തന്നെ കാണാന്‍ വന്നിരുന്നു. ഇക്കാര്യം ജയിലിലെ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും. ഭടോരിയയുമായി സംസാരിച്ചശേഷമാണ് തന്നെ കാണാന്‍ വന്നതെന്ന് വിക്രംജീത് പറഞ്ഞതായും പെണ്‍കുട്ടി സത്യവാങ്മൂലത്തില്‍ പറയുന്നു.

“വിക്രംജീത്തിനൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ സൗജന്യമായി എന്റെ കേസ് വാദിക്കുമെന്ന് പറഞ്ഞു. വിക്രംജീത് നല്‍കിയ വക്കാലത്തില്‍ ഒപ്പിട്ട എന്നോട് ഹേമന്ത് കാട്രെയ്‌ക്കെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.” എന്നും അവര്‍ പറയുന്നു.


Must Read: സ്മൃതി ഇറാനിയുടെ ഈ ധാര്‍ഷ്ട്യം തെറ്റാണ്; രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി


താനിതിന് വിസമ്മതിച്ചപ്പോള്‍ ജയിലില്‍വെച്ച് തന്നെ പീഡിപ്പിക്കുകയും പറഞ്ഞത് ചെയ്യാന്‍ അഭിഭാഷകന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത് ചെയ്തില്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ തന്നെ കിടക്കേണ്ടിവരുമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കേസ് കൊടുക്കാന്‍ സമ്മതിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

ആരോപണം ഭടോരിയ നിഷേധിച്ചു. പെണ്‍കുട്ടിയ്‌ക്കെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.