'35 പരാതികള്‍ നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല, വീട് വരെ ഉപേക്ഷിക്കേണ്ടി വന്നു': ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം
ലക്‌നൗ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ആളുകള്‍ വേട്ടയാടുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35 തവണ പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ ബന്ധു.
‘സി.ബി.ഐ കേസേറ്റെടുത്ത് എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് ശേഷം നിരന്തരം ഭീഷണികള്‍ നേരിട്ടു കൊണ്ടാണ് കഴിഞ്ഞത്. പക്ഷെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഭീഷണി കാരണം ഉന്നാവോയിലെ മഖിയില്‍ നിന്ന് വീട് വരേ ഉപേക്ഷിക്കേണ്ടി വന്നു’ ബന്ധു പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എം.എല്‍.എയുടെ ആളുകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 35 പരാതികള്‍ പൊലീസ് പരിഗണിച്ചില്ലെന്ന വിമര്‍ശനം.
33 പരാതികള്‍ കുടുംബത്തില്‍ നിന്ന് ലഭിച്ചതായി ഉന്നാവോ എസ്.പി എം.പി വര്‍മ്മയും പറഞ്ഞു. പക്ഷെ കഴമ്പില്ലെന്ന് കണ്ടാണ് പരാതി അന്വേഷിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തെ പരാതികള്‍ പുനപരിശോധിക്കുമെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥ കണ്ടാല്‍ നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബവം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഇന്ന് തീരുമാനമെടുത്തിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.പി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രം കേസ് സി.ബി.ഐക്ക് കൈമാറിയത്.
കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെംഗാളിനെ ബി.ജെ.പി ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗാണ് സസ്പെഷന്‍ നടപടി സ്വീകരിച്ചത്.