| Wednesday, 29th April 2020, 8:58 am

കാർഷിക കടം എഴുതിത്തള്ളില്ലെന്ന സൂചനകൾക്ക് പിന്നാലെ കമൽനാഥിനും രാഹുൽ ​ഗാന്ധിയ്ക്കുമെതിരെ കേസ് കൊടുക്കാൻ കർഷകരോട് ആഹ്വാനം ചെയ്ത് മധ്യപ്രദേശ് ബി.ജെ.പി സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ കാർഷിക കടം എഴുതിത്തള്ളില്ലെന്ന സൂചനകൾക്ക് പിന്നാലെ കർഷകരോട് മധ്യപ്രദേശ് മുൻ കോൺ​ഗ്രസ് മുഖ്യമന്ത്രി കമൽനാഥിനെതിരെയും രാഹുൽ ​ഗാന്ധിയ്ക്കെതിരെയും കേസ് കൊടുക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് ബി.ജെ.പി സർക്കാർ. കടമെഴുതി തള്ളിയെന്ന് സർട്ടിഫിക്കറ്റ് മധ്യപ്രദേശ് കോൺ​ഗ്രസ് സർക്കാരിൽ നിന്നും ലഭിച്ചിട്ടും ബാങ്കുകളിൽ കടം നിലനിൽക്കുന്ന കർഷകരോടാണ് കമൽനാഥ് സർക്കാരിനും കോൺ​ഗ്രസ് നേതാവ് രാഹുൽ​ ​ഗാന്ധിയ്ക്കുമെതിരെ കേസ് കൊടുക്കാൻ മധ്യപ്രദേശ് കാർഷിക വകുപ്പ് മന്ത്രി കമൽ പട്ടേൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2018 ഡിസംബറിലാണ് കാർഷിക കടം എഴുതിത്തള്ളുമെന്ന ഏറെ ശ്രദ്ധ നേടിയ പദ്ധതി കോൺ​ഗ്രസ് സർക്കാർ മധ്യപ്രദേശിൽ കൊണ്ടുവന്നത്. അധികാരത്തിലെത്തിയാൽ 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ 10 ദിവസം കൊണ്ട് എഴുതിത്തള്ളുമെന്നും രാഹുൽ ​ഗാന്ധി ജനങ്ങൾക്ക് വാ​ഗ്ദാനം നൽകിയിരുന്നു.
”മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിനു ശേഷം കമൽ നാഥ് സർക്കാർ 54,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനുള്ള ഉത്തരവിൽ ഒപ്പ് വെച്ചിരുന്നു. പക്ഷേ കടമെഴുതിത്തള്ളിയെന്ന സർട്ടിഫിക്കറ്റ് മാത്രമാണ് കർഷകർക്ക് ലഭിച്ചത്. ലോണുകൾ യഥാർത്ഥത്തിൽ എഴുതിത്തള്ളിയോ എന്നത് വ്യക്തമല്ല”. ബി.ജെ.പിയുടെ കമൽ പട്ടേൽ പറഞ്ഞു.

എന്നാൽ 80 ശതമാനം കാർഷിക കടങ്ങളുമെഴുതിത്തള്ളിയെന്ന് മധ്യപ്രദേശിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് ജിതു പത്വാരി പറഞ്ഞു. പദ്ധതി ബി.ജെ.പിയുടെ അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ കളിക്കിടെയാണ് നിന്നു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാർ ബാക്കിയുള്ള 20 ശതമാനം ആളുകളുടെ കൂടി കാർഷിക വായ്പകളെഴുതി തള്ളണമെന്നാണ് ഞങ്ങളുന്നയിക്കുന്ന ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുമായി മുന്നോട്ട് പോകവെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം കോൺ​ഗ്രസ് സർക്കാരിനെ താഴെയിറക്കിയതെന്ന് നേരത്തെ കമൽനാഥ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതി പൂർത്തിയാക്കാൻ ബി.ജെ.പി അനുവദിച്ചില്ലെന്നുമായിരുന്നു ഔദ്യോ​ഗിക രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിൽ കമൽ നാഥ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more