ഭോപ്പാൽ: മധ്യപ്രദേശിലെ കാർഷിക കടം എഴുതിത്തള്ളില്ലെന്ന സൂചനകൾക്ക് പിന്നാലെ കർഷകരോട് മധ്യപ്രദേശ് മുൻ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥിനെതിരെയും രാഹുൽ ഗാന്ധിയ്ക്കെതിരെയും കേസ് കൊടുക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് ബി.ജെ.പി സർക്കാർ. കടമെഴുതി തള്ളിയെന്ന് സർട്ടിഫിക്കറ്റ് മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിൽ നിന്നും ലഭിച്ചിട്ടും ബാങ്കുകളിൽ കടം നിലനിൽക്കുന്ന കർഷകരോടാണ് കമൽനാഥ് സർക്കാരിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കുമെതിരെ കേസ് കൊടുക്കാൻ മധ്യപ്രദേശ് കാർഷിക വകുപ്പ് മന്ത്രി കമൽ പട്ടേൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2018 ഡിസംബറിലാണ് കാർഷിക കടം എഴുതിത്തള്ളുമെന്ന ഏറെ ശ്രദ്ധ നേടിയ പദ്ധതി കോൺഗ്രസ് സർക്കാർ മധ്യപ്രദേശിൽ കൊണ്ടുവന്നത്. അധികാരത്തിലെത്തിയാൽ 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ 10 ദിവസം കൊണ്ട് എഴുതിത്തള്ളുമെന്നും രാഹുൽ ഗാന്ധി ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു.
”മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിനു ശേഷം കമൽ നാഥ് സർക്കാർ 54,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനുള്ള ഉത്തരവിൽ ഒപ്പ് വെച്ചിരുന്നു. പക്ഷേ കടമെഴുതിത്തള്ളിയെന്ന സർട്ടിഫിക്കറ്റ് മാത്രമാണ് കർഷകർക്ക് ലഭിച്ചത്. ലോണുകൾ യഥാർത്ഥത്തിൽ എഴുതിത്തള്ളിയോ എന്നത് വ്യക്തമല്ല”. ബി.ജെ.പിയുടെ കമൽ പട്ടേൽ പറഞ്ഞു.