കണക്കുകള്‍ പറയുന്നത്; മൂന്നാം സീറ്റ് ന്യായം, അല്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന്
IUML
കണക്കുകള്‍ പറയുന്നത്; മൂന്നാം സീറ്റ് ന്യായം, അല്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന്
ഇഖ്ബാല്‍ വാവാട്, ശംസീര്‍ കേളോത്ത്‌
Sunday, 25th February 2024, 3:34 pm
മലബാറില്‍ നാല് സീറ്റുകളും തെക്കന്‍ കേരളത്തില്‍ ഒരു സീറ്റും ലീഗിന് കൊടുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്നാം സീറ്റ് എന്ന ആവശ്യം പരിഗണിച്ചില്ലെങ്കില്‍ മലബാറില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ ലീഗ് തയാറാവണം. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിജയിക്കാന്‍ കഴിയില്ല. ലീഗിന് മലപ്പുറം സുരക്ഷിത മണ്ഡലമായി തുടരും. മാത്രമല്ല, എട്ടില്‍ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെക്കാള്‍ വോട്ടുകള്‍ നേടാന്‍ ലീഗിന് സാധിക്കും. നാല്‍പതോളം നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഗിന് പിന്നില്‍ മൂന്നാമതാവും. ഈ കണക്കുകള്‍ ഉപയോഗിച്ച് 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിന് 35ലധികം നിയമസഭ സീറ്റുകള്‍ ചോദിച്ച് വാങ്ങാം.

കേരള രാഷ്ട്രീയ മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്. കേരളപ്പിറവിക്ക് മുന്‍പ് തന്നെ തെരഞ്ഞടുപ്പ് പ്രക്രിയയില്‍ സ്വന്തമായൊരിടം കണ്ടത്തിയ ന്യുനപക്ഷ രാഷ്ട്രീയ പാര്‍ട്ടി സാമുദായിക രാഷ്ട്രീയത്തെയാണ് മുന്നോട്ടു വെക്കുന്നത്.

പിന്നോക്ക ജനതയുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കുന്ന ലീഗ് എക്കാലത്തും സാമൂഹ്യ നീതിയെ മുന്‍നിര്‍ത്തിയാണ് നയങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതന്ന് കാണാം.

കേരളപ്പിറവിക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സാന്നിധ്യം അറിയിച്ച മുസ്‌ലിം ലീഗ് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് മൂന്നാമത്തെ പ്രബല പാര്‍ട്ടി എന്ന രീതിയിലേക്ക് വളര്‍ന്നത്. യുഡിഎഫ് മുന്നണിയുടെ അവിഭാജ്യ ഘടകമായി മാറിയ ലീഗിന് പക്ഷെ, അര്‍ഹമായ പലതും നിഷേധിക്കപ്പെടുകയും അനാവശ്യ വിവാദങ്ങള്‍ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ലീഗ് ചോദിച്ചതിനെ തുടര്‍ന്ന് ലീഗിന്റെ അര്‍ഹതയും അവകാശവും നിര്‍ണയിക്കുന്ന ചര്‍ച്ച സജീവമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം ശക്തിയുള്ള പാര്‍ട്ടി എന്ന രീതിയിലേക്ക് ലീഗിനെ മുദ്ര കുത്തുന്നതില്‍ രാഷ്ടീയവും അരാഷ്ടീയവുമായ ഘടകങ്ങളുണ്ട്. അതിലൂടെ മലബാറില്‍ തന്നെ ലീഗിന് അര്‍ഹമായ സീറ്റുകള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്.

2019ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യം വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വരവോടെ അപ്രസക്തമായി മാറുകയായിരുന്നു. പക്ഷെ, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതേ ആവശ്യവുമായി ലീഗ് ചര്‍ച്ച നടത്തേണ്ടി വരുന്നത് ദൌര്‍ഭാഗ്യകരമാണ്.

സി.എച്ച് മുഹമ്മദ് കോയ

ലീഗ് ചോദിക്കാതെ തന്നെ കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നല്‍കേണ്ടത് ചരിത്രപരമായ ബാധ്യതയാണ്. 1962ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സിഎച്ച് മുഹമ്മദ് കോയയെ പാര്‍ലമെന്റിലേക്ക് അയച്ച ചരിത്രമുള്ള ലീഗ് അന്ന് മല്‍സരിച്ച് രണ്ട് സീറ്റിലാണ് 60 വര്‍ഷങ്ങള്‍ക്ക് ശേഷവും മല്‍സരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റ് മല്‍സരിക്കുന്ന ലീഗിന് ആനുപാതികമായ 17 ശതമാനം സീറ്റ് പോലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്നില്ല. നിയമസഭ സീറ്റുകളില്‍ ക്രമേണ നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും ലോക്‌സഭയില്‍ 1962ലെ രണ്ട് സീറ്റില്‍ നിന്ന് മൂന്നിലേക്ക് പോലും എത്തിയിട്ടില്ല. 1971 വരെ കോഴിക്കോടും മഞ്ചേരിയിലും മല്‍സരിച്ച ലീഗ് 1977ല്‍ പൊന്നാനിയിലേക്ക് മാറിയതോടെ മലപ്പുറം ജില്ലയില്‍ ഒതുങ്ങിപ്പോയി.

ലീഗിന്റെ സ്വാധീനവും വിജയ ശതമാനവും

പാര്‍ട്ടിയുടെ ശക്തിക്ക് തുല്യമായ പ്രാതിനിധ്യം സീറ്റ് വിഭജനത്തില്‍ ലീഗിന് ഒരിക്കലും ലഭിക്കാറില്ല. മുന്നണി മര്യാദയുടെ പേരില്‍ ലീഗ് ശക്തമായ മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസ് മല്‍സരിക്കുന്നു. മാത്രമല്ല, ആനുപാതിക തലത്തില്‍ എതിര്‍ മുന്നണിയായ എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് ലഭിക്കുന്ന പരിഗണന യു ഡി എഫില്‍ ലീഗിന് ലഭ്യമല്ല.

2010ലെയും 2015ലെയും 2020ലെയും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയില്‍ ലീഗ്, സി.പി.ഐ, കോണ്‍ഗ്രസ് എന്നിവര്‍ നേടിയ വാര്‍ഡുകള്‍ ഒരു പരിധി വരെ ഈ അവഗണനയെ തുറന്ന് കാട്ടുന്നുണ്ട്.

2010ലെ യു.ഡി.എഫ് മുന്നേറ്റം ഉണ്ടായ തിരഞ്ഞെടുപ്പില്‍ 871 സീറ്റുകള്‍ നേടിയ സി.പി.ഐയുടെ ഇരട്ടിയിലധികം സീറ്റുകളാണ് ലീഗ് നേടിയത്, 1980. എല്‍.ഡി.എഫ് തരംഗമുണ്ടായ 2015ല്‍ പോലും മൂന്ന് വിഭാഗത്തിലുമായി 1060 സീറ്റുകള്‍ മാത്രം നേടിയ സി.പി.ഐക്ക് 4 ലോക്‌സഭാ സീറ്റും 27 നിയമസഭ സീറ്റും ലഭിക്കുമ്പോള്‍ എതിര്‍ തരംഗത്തിനിടയിലും 1877 സീറ്റുകള്‍ നേടിയ ലീഗിന് 2 ലോക്‌സഭ സീറ്റ് മാത്രം ലഭിക്കുന്നതിന്റെ മാനദണ്ഡം എന്താണ്? 2020ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സി.പി.ഐ നേടിയത് 1026 വാര്‍ഡുകളാണ്, പക്ഷെ ലീഗ് നേടിയത് 1891 സീറ്റുകള്‍.

01

02

03

2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 7184 വാര്‍ഡുകള്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ അതില്‍ 5006 എണ്ണം കോണ്‍ഗ്രസും 1891 എണ്ണം ലീഗും നേടി, അഥവാ 69 ശതമാനം കോണ്‍ഗ്രസിനും 26 ശതമാനം ലീഗിനും. ഇതിന് ആനുപാതികമായ സീറ്റ് വിഭജനം യു.ഡി.എഫ് നടത്തുന്നില്ല.

2015ല്‍ 5085 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ലഭിച്ചത് യു.ഡി.എഫിന്റെ 7785 സീറ്റുകളുടെ 65.31 ശതമാനം ആണ്. 24.11 ശതമാനം ലീഗിന് ലഭിച്ചു. പക്ഷെ നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇത് ചര്‍ച്ചക്ക് പോലും വരാറില്ല. അടിസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ലീഗ് കാണിക്കുന്ന ഈ സ്ഥിരത രാഷ്ട്രീയ ശക്തിയുടെ പ്രതീകം തന്നെയാണ്. പക്ഷെ അതിന് തുല്യമായ പ്രാതിനിധ്യം മുകളിലേക്ക് എത്തുന്നില്ല.

യു.ഡി.എഫ് തരംഗമുണ്ടായ 2010ലെ കണക്കുകള്‍ നോക്കിയാല്‍ ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അടക്കം അഞ്ച് വിഭാഗങ്ങളിലുമായി 15181 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 7617 എണ്ണത്തിലാണ്, അഥവാ 50.17 ശതമാനം. 2881 എണ്ണത്തില്‍ മല്‍സരിച്ച് 2235ല്‍ വിജയിച്ച ലീഗിന്റെ വിജയ ശതമാനം 77.57.

ഈ കണക്കുകള്‍ രണ്ട് കാര്യം വെളിപ്പെടുത്തുന്നുണ്ട്. ഒന്ന്, സ്വന്തമായി ശക്തിയുള്ള സീറ്റുകളിലാണ് ലീഗ് പ്രധാനമായും മല്‍സരിക്കുന്നത്. രണ്ടാമതായി ഇതിന് ആനുപാതികമായ പരിഗണന ലീഗിന് ലഭിക്കുന്നില്ല. കോണ്‍ഗ്രസിനെ അപേക്ഷിച്ച് ലീഗിന്റെ വിജയ ശതമാനം എല്ലാ തിരഞ്ഞെടുപ്പുകളിലും വളരെ കൂടുതലാണ്.

മലബാറില്‍ ലീഗില്ലാതെ കോണ്‍ഗ്രസ് നിലനില്‍പ് അസാധ്യം

മലബാറിലെ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള എട്ട് മണ്ഡലങ്ങളില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സ്വാധീനം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാവും. അഥവാ മലപ്പുറത്തിന് പുറത്ത് യു.ഡി.എഫ് വിജയത്തില്‍ ലീഗിന്റെ പങ്കിന്റെ വ്യാപ്തി അത് സ്ഥിരീകരിക്കും.

മലബാറിന് പുറത്ത് 150തോളം വാര്‍ഡുകളില്‍ ലീഗ് വിജയിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നമുക്ക് മറക്കാം. പക്ഷെ മലബാറിലെ ഓരോ മണ്ഡലത്തിലെയും ലീഗും കോണ്‍ഗ്രസും നേടിയ സീറ്റുകള്‍ ലീഗിന്റെ അര്‍ഹതയുടെ ആഴം അളക്കാന്‍ പര്യാപ്തമാണ്.

കാസര്‍കോഡ് ജില്ലയില്‍ 2020ല്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ എന്നിവയില്‍ കോണ്‍ഗ്രസിന് 144 സീറ്റുകളും ലീഗിന് 204ഉം ആണ് ലഭിച്ചത്. കണ്ണൂരില്‍ കോണ്‍ഗ്രസിന് 202ഉം ലീഗിന് 124ഉം ലഭിച്ചു. വടകരയില്‍ കോണ്‍ഗ്രസിന് 145ഉം ലീഗിന് 189ഉം ലഭിച്ചു. കോഴിക്കോട് കോണ്‍ഗ്രസിന് 145ഉം ലീഗിന് 145ഉം ലഭിച്ചു. വയനാട് കോണ്‍ഗ്രസിന് 327ഉം ലീഗിന് 218ഉം ലഭിച്ചു. മലപ്പുറത്ത് കോണ്‍ഗ്രസിന് 131ഉം ലീഗിന് 373ഉം ലഭിച്ചു. പൊന്നാനിയില്‍ കോണ്‍ഗ്രസിന് 161ഉം ലീഗിന് 373ഉം ലഭിച്ചു. പാലക്കാട് കോണ്‍ഗ്രസിന് 184ഉം ലീഗിന് 116ഉം ലഭിച്ചു.

04

 

കാസര്‍കോഡ് ജില്ലയില്‍ 2015ല്‍ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ എന്നിവയില്‍ കോണ്‍ഗ്രസിന് 154 സീറ്റുകളും ലീഗിന് 215ഉം ആണ് ലഭിച്ചത്. കണ്ണൂരില്‍ കോണ്‍ഗ്രസിന് 230ഉം ലീഗിന് 122ഉം ലഭിച്ചു. വടകരയില്‍ കോണ്‍ഗ്രസിന് 156ഉം ലീഗിന് 171ഉം ലഭിച്ചു. കോഴിക്കോട് കോണ്‍ഗ്രസിന് 136ഉം ലീഗിന് 131ഉം ലഭിച്ചു. വയനാട് കോണ്‍ഗ്രസിന് 276ഉം ലീഗിന് 198ഉം ലഭിച്ചു. മലപ്പുറത്ത് കോണ്‍ഗ്രസിന് 80ഉം ലീഗിന് 405ഉം ലഭിച്ചു. പൊന്നാനിയില്‍ കോണ്‍ഗ്രസിന് 135ഉം ലീഗിന് 362ഉം ലഭിച്ചു. പാലക്കാട് കോണ്‍ഗ്രസിന് 195ഉം ലീഗിന് 121ഉം ലഭിച്ചു.

ഇതില്‍ മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കാസര്‍ഗോഡ്, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലാണ് ലീഗ്. കോഴിക്കോട് ബലാബലം ആവുമ്പോള്‍ വയനാട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും ഏറെ പിന്നിലല്ല.

മലബാറിലെ മുഴുവന്‍ സീറ്റുകള്‍ എടുത്താല്‍ 2020ല്‍ 1742 വാര്‍ഡുള്ള ലീഗിനെക്കാള്‍ പിന്നിലാണ് 1439 വാര്‍ഡുമായി കോണ്‍ഗ്രസ്. 2015ല്‍ 1362 സീറ്റുള്ള കോണ്‍ഗ്രസിനെക്കാള്‍ 1725 സീറ്റുമായി ബഹുദൂരം മുന്നിലാണ് ലീഗ്.

ലീഗ് കോട്ടയായ മലപ്പുറം മണ്ഡലത്തെ മാറ്റി നിര്‍ത്തിയാലും താരതമ്യേന കോണ്‍ഗ്രസിനെക്കാള്‍ മുന്നിലാണ് ലീഗ്.

നിലവില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗിന്റെ ലോക്‌സഭ അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും

ഓരോ പാര്‍ട്ടിയുടെയും ശക്തി കൂടുതല്‍ പ്രകടമാവുന്ന വാര്‍ഡ് തിരഞ്ഞെടുപ്പില്‍ ഇത്രയും മികച്ച വിജയം സ്വന്തമാക്കിയിട്ടും ആരാണ് ലീഗിന്റെ വളര്‍ച്ചയെ ഭയപ്പെടുന്നതെന്നും രണ്ട് സീറ്റുകളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നതെന്നും ന്യായമായി സംശയിച്ചുപോവുന്നു.

ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കാസര്‍ഗോഡ്, വടകര എന്നീ സീറ്റുകളില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ ലീഗിന് അര്‍ഹതയുണ്ടെന്നും സി.എച്ച് വിജയിച്ച കോഴിക്കോട് ആവശ്യപ്പെടാന്‍ മാത്രം ശക്തി ലീഗിന് ഉണ്ടെന്നും തന്നെയാണ്. മലബാറില്‍ ലീഗും കോണ്‍ഗ്രസും തുല്യ ശക്തികളാണെന്ന് തെളിയിക്കുന്ന ഈ കണക്കുകള്‍ എട്ട് സീറ്റുകളുടെ തുല്യമായ പങ്ക് വെക്കല്‍ ആവശ്യപ്പെടുന്നുണ്ട്.

യു.ഡി.എഫിനെ വിജയിപ്പിക്കുന്ന ബാധ്യത മാത്രം ഏറ്റെടുത്ത് അരികുവല്‍കരിക്കപ്പെട്ട ലീഗിന് കൂടുതല്‍ സീറ്റുകള്‍ എന്ന അണികളുടെ ആഗ്രഹം എന്ന് പൂവണിയും എന്നത് പ്രസക്തമായ ചോദ്യമാണ്. മലബാറിലുടനീളം ശക്തിയുണ്ടായിട്ടും രണ്ട് സീറ്റില്‍ മാത്രം മല്‍സരിക്കുന്നത് ലീഗിന്റെ വോട്ടിംഗ് ശതമാനം കണക്കുകളില്‍ കുറയാന്‍ കാരണമാവുന്നുണ്ട്. മറ്റ് മണ്ഡലങ്ങളിലെ ലീഗ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ അക്കൌണ്ടില്‍ ആണ് വരിക.

അതേ സമയം, നിയമസഭയില്‍ മലപ്പുറം ജില്ലക്ക് പുറത്ത് 12 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പാര്‍ട്ടിക്ക് ലോക്‌സഭയില്‍ മാറി നില്‍ക്കേണ്ടി വരുന്നതെന്ത് കൊണ്ടാണ്?

മലബാറിലെ 8 ലോക്‌സഭ മണ്ഡലങ്ങളുടെയും അതിലുള്ള 56 നിയമസഭ മണ്ഡലങ്ങളുടെയും സൂക്ഷ്മ വിശകലനം ലീഗിന്റെ ശക്തിയും 5 ലോക്‌സഭ സീറ്റുകള്‍ വരെ ലഭിക്കാനുള്ള അവകാശവും അടയാളപ്പെടുത്തുന്നതാണ്. 2021 നിയമസഭയില്‍ 56ല്‍ 15 സീറ്റ് ലീഗിനും 6 എണ്ണം കോണ്‍ഗ്രസിനുമുണ്ട്. 2016 നിയമസഭയില്‍ ലീഗിന് 17ഉം കോണ്‍ഗ്രസിന് 6ഉം ആണുള്ളത്. യുഡിഎഫ് ഭരണത്തില്‍ വന്ന 2011ല്‍ ലീഗിന് 19ഉം കോണ്‍ഗ്രസിന് 10ഉം സീറ്റുകളാണ് മലബാറില്‍ ലഭിച്ചത്.

എന്ന് മാത്രമല്ല, 1987ല്‍ ഉദുമയും ഹോസ്ദുര്‍ഗും ജയിച്ചതിന് ശേഷം കാസര്‍ഗോഡ് ജില്ലയില്‍ ഇത് വരെ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും വിജയിച്ചിട്ടില്ല. അതേ സമയം, 2006ലെ മഞ്ചേശ്വരത്തെ തോല്‍വി മാറ്റി നിര്‍ത്തിയാല്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ലീഗിന്റെ ഉറച്ച കോട്ടയായി നിലനില്‍ക്കുന്നു. 2001ല്‍ കൊയിലാണ്ടിയിലും കോഴിക്കോട് നോര്‍ത്തിലും വിജയിച്ചതിന് ശേഷം കോഴിക്കാട് ജില്ലയിലും നിയമസഭയിലേക്ക് ഒരു സീറ്റ് പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

ഈ കണക്കുകള്‍ നോക്കിയാല്‍ മലബാറില്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ കൂടുതല്‍ സാധ്യത ലീഗിന് ഉണ്ടെന്ന് കാണേണ്ടി വരും.

കെ. മുരളീധരന്‍

യു.ഡി.എഫിനെ സഹായിക്കാന്‍ മുഴുവന്‍ ശേഷിയും ഉപയോഗിക്കുന്ന ലീഗിനെ വര്‍ഗീയപ്പാര്‍ട്ടിയായും മലപ്പുറം പാര്‍ട്ടിയായും ഒതുക്കാന്‍ ശ്രമിക്കുന്നവരില്‍ കോണ്‍ഗ്രസുകാരുമുണ്ട്. ഉറച്ച കോട്ടയായ കൊടുവള്ളി മണ്ഡലം 2006ല്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയിട്ടും അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിനെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു കെ. മുരളീധരന്‍. പിന്നീട് വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ലീഗിന്റെ പിന്തുണയോടെ എം.പിയായപ്പോഴാണ് അദ്ദേഹം നിലപാട് മാറ്റിയത്. ഇപ്പോള്‍ ലീഗിന് ആറ് സീറ്റിന് വരെ അര്‍ഹതയുണ്ടെന്ന സത്യം അദ്ദേഹം തുറന്ന് പറയുന്നു.

കണ്ണൂരില്‍ നിന്ന് എം.പിയായപ്പോള്‍ ലീഗാണ് അത് സാധ്യമാക്കിയത് എന്ന് പറഞ്ഞ സുധാകരനും കെ.പി.സി.സി പ്രസിഡന്റ് ആയ ശേഷം മലക്കം മറിഞ്ഞു. ഒരേ സമയം ലീഗിനെ പുകഴ്ത്തുകയും പ്രായോഗികമായി ക്ഷയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ച് പോരുന്നത്.

എ.കെ ആന്റണി

1995ല്‍ എകെ ആന്റണിക്ക് തിരൂരങ്ങാടിയില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കിയതും അദ്ദേഹത്തിന് രാജ്യസഭയിലേക്ക് സീറ്റ് നല്‍കിയതും ലീഗ് ആണ്. അന്ന് നല്‍കിയ രാജ്യസഭ സീറ്റ് ഇത് വരെ തിരിച്ച് കിട്ടിയിട്ടില്ല. യു.ഡി.എഫിലെ എക്കാലത്തെയും ഉറച്ച കക്ഷിയായും വിശ്വസ്ത സഹചാരിയായും തുടരുമ്പോഴും സി.എച്ചിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കിയ കോണ്‍ഗ്രസ് ലീഗിനെ അവഗണിക്കുക തന്നെയാണ് ചെയ്യുന്നത്.

ലീഗിന് അധികം ലഭിക്കുന്നതെന്തും സാമുദായിക സന്തുലനം തകര്‍ക്കും എന്നുള്ള പ്രചാരണം ലീഗിനെ ദുര്‍ബലപ്പെടുത്തുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഈ ഇരട്ട സമീപനത്തിന്റെ ഫലമാണ്. പക്ഷെ, ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സാമുദായിക രാഷ്ട്രീയം കോണ്‍ഗ്രസിന്റെ മുസ്‌ലിം നയവുമായി ചേര്‍ന്നു പോവുന്നില്ല. മാത്രമല്ല, പാര്‍ട്ടിയിലെയും രാജ്യത്തെയും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനായി മുദൃഹിന്ദുത്വനയം സ്വീകരിക്കുകയും മുസ്‌ലിം വിഷയങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് ലീഗിനെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് അന്യായമാണ്.

മുസ്‌ലിം സമുദായത്തിന്റെ ആവശ്യങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പേരിന് മാത്രമാണ് കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്നതെന്ന് ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാവും. 2018ല്‍ ആദ്യമായി മുത്തലാഖിനെ ക്രിമിനല്‍വല്‍ക്കരിച്ച് ബി.ജെ.പി ലോക്‌സഭയില്‍ ബില്ല് കൊണ്ടു വന്നപ്പോള്‍ ബീഹാറിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ കിശന്‍ഖന്‍ജില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എം.പി മൗലാനാ അസ്‌റാറുല്‍ ഹഖിനെ ബില്ലിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി അനുവദിച്ചില്ലന്ന് പുറത്ത് പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു.

മൗലാന അസ്‌റാറുല്‍ ഹഖ്

മാത്രമല്ല, കോണ്‍ഗ്രസിന്റെ എംപിമാര്‍ നേരം ഇരുട്ടി വെളുക്കുമ്പോള്‍ ബി.ജെ.പി കൂടാരത്തില്‍ അഭയം തേടുന്നത് നിത്യ കാഴ്ചയാണ്. ഇതേ കോണ്‍ഗ്രസിനെ മതേതരത്വത്തിന്റെ പേരില്‍ ലീഗ് പിന്തുണക്കണമെന്ന് പറയുന്നത് നിരര്‍ത്ഥകമാണ്.

ബാബരി മസ്ജിദ് വിഷയത്തിലും കോണ്‍ഗ്രസിന്റെ നിലപാട് മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുമ്പോള്‍ മറുഭാഗത്ത് ലീഗിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ ആവശ്യമായ അധിക സീറ്റ് അനുവദിക്കുകയാണ് രാഷ്ട്രീയ മര്യാദ.

മുസ്‌ലിം പ്രാതിനിധ്യവും ലീഗിന്റെ പ്രസക്തിയും

14 ശതമാനം മുസ്‌ലിങ്ങള്‍ ഉള്ള ഇന്ത്യയില്‍ 1952 മുതല്‍ 2019 വരെ ഒരിക്കലും ആനുപാതിക പ്രാതിനിധ്യം അവര്‍ക്ക് ലഭിച്ചിട്ടില്ല. 1980ല്‍ 49 എം.പിമാരുമായി 9.26 ശതമാനം പ്രാതിനിധ്യം ലഭിച്ചതാണ് ഏറ്റവും കൂടുതലെങ്കില്‍ 23 എംപിമാര്‍ മാത്രമായി, 4.23 ശതമാനം മാത്രമുള്ള 2014ലെ സ്ഥിതിയാണ് ഏറ്റവും കുറവ്. നിലവില്‍ 27 മുസ്‌ലിം എം.പിമാരാണ് ലോക്‌സഭയില്‍ ഉള്ളത്.

ദളിതനെയോ വനിതയെയോ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മാത്രമേ ലീഗിന് മൂന്നാം സീറ്റ് നല്‍കേണ്ടതുള്ളൂ എന്ന വാദം ലീഗിന്റെ പരമാധികാരത്തെയും രാഷ്ട്രീയത്തെയും അട്ടിമറിക്കാനുള്ള ഒരു അജണ്ടയുടെ ഭാഗമാണ്. മാത്രമല്ല, കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടി രാഹുല്‍ ഗാന്ധിക്ക് ശക്തി പകരുക എന്ന വാദത്തിലും കഴമ്പില്ല. കാരണം, രാഹുലിന്റെ നേതൃത്വത്തെയോ കോണ്‍ഗ്രസിനെയോ എതിര്‍ക്കുന്ന നിലപാട് ലീഗ് സ്വീകരിക്കില്ലെന്നുറപ്പാണ്.

ലീഗിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിലെ മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുന്ന പതിവ് കാലങ്ങളായി ഉണ്ട്. പക്ഷെ മറ്റ് സമുദായങ്ങള്‍ക്ക് ഇതേ കോണ്‍ഗ്രസ് കണക്കുകളൊന്നും നോക്കാറുമില്ല. ഈ വിരോധാഭാസത്തിന്റെ മറ്റൊരു രൂപമാണ് ലീഗ് അനുഭവിക്കുന്നത്.

മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗിനെയും കോണ്‍ഗ്രസിനെയും ചേര്‍ത്തു നിര്‍ത്തുന്ന ആശയ ഐക്യം ദേശീയ തലത്തില്‍ ഇല്ല എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ തങ്ങള്‍ പ്രതിനിധികരിക്കുന്ന ന്യൂനപക്ഷ രാഷട്രീയത്തെ നിയനിര്‍മ്മാണ സഭകളില്‍ കൂടുതല്‍ ഊക്കോടെ പ്രതിഫലിപ്പിക്കുക എന്നത് ലീഗിന്റെ ആവശ്യമാണ്. അതിലേക്കുള്ള ഒരു ചുവട് മാത്രമാണ് ലീഗിന് അര്‍ഹതയുള്ള അധിക സീറ്റുകള്‍.

ഈ അവസരത്തില്‍ 30 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യയിലെ 46 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, വടകര എന്നിവയില്‍ ജയ-പരാജയ സാധ്യതയെയും ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ മാനസിക ഐക്യവും പരിഗണിച്ച് സീറ്റ് നല്‍കാന്‍ മുന്‍കൈ എടുക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്.

സമകാലിക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് മുസ്‌ലിം വിഭാഗമാണ്. അവര്‍ക്കെതിരെ ബിജെപി ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ധീരമായി ശബ്ദിക്കാന്‍ മുസ്‌ലിം എം.പിമാര്‍ അനിവാര്യമാണ്. മുസ്‌ലിം പ്രാതിനിധ്യത്തില്‍ ലീഗ് വഹിക്കുന്ന പങ്ക് അവിതര്‍ക്കിതമാണ്. അത് കൊണ്ട് തന്നെ ലീഗിന് ലോക്‌സഭയില്‍ എം.പിമാരെ വര്‍ധിപ്പിക്കുന്നത് കാലത്തിന്റെ ആവശ്യകത കൂടിയാണ്.

ഇബ്രാഹിം സുലൈമാന്‍ സേട്ട്

മഞ്ചേരിക്ക് പുറമെ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സി.എച്ച് മുഹമ്മദ് കോയ 1962ലും ഇബ്രാഹിം സുലൈമാന്‍ സേട്ട് 1967, 1971 വര്‍ഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ചരിത്രം ലീഗിനുണ്ട്. 1962ല്‍ രണ്ട് സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി ഇന്നും തല്‍സ്ഥിതി തുടരുന്നു എന്നത് അതിന്റെ അപചയത്തെയെയാണ് അടയാളപ്പെടുത്തുന്നത്.

1977 മുതല്‍ 2019 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 240 സീറ്റുകളില്‍ നിന്നായി 35 മുസ്‌ലിങ്ങളാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ 23 പേരും അഥവാ 65 ശതമാനവും ലീഗ് എം.പിമാരാണ്. 115 എം.പിമാരെ ജയിപ്പിച്ച കോണ്‍ഗ്രസ് വെറും 7 മുസ്‌ലിങ്ങളെയാണ് ലോക്‌സഭയിലേക്കയച്ചത്. അത് ആകെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ 20 ശതമാനവും കോണ്‍ഗ്രസിന്റെ എം.പിമാരുടെ വെറും 6 ശതമാനവുമാണ്.

സി.പി.ഐ.എമ്മാണെങ്കില്‍ 53 പേരെ എം.പിമാരാക്കിയതില്‍ 5 പേരാണ് മുസ്‌ലിങ്ങള്‍. പാര്‍ട്ടി പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഭേദമാണ് സി.പി.ഐ.എം. സിപിഐയില്‍ നിന്ന് മുസ്‌ലിമായി ആരും പാര്‍ലമെന്റില്‍ എത്തിയിട്ടില്ല. ലീഗ് എന്തിന് വേണ്ടിയാണ് അധികമായി സീറ്റ് ചോദിക്കുന്നത് എന്ന് ഈ കണക്ക് കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്.

25 ശതമാനം വരുന്ന മുസ്‌ലിങ്ങള്‍ക്ക് 1977 മുതല്‍ 2019 വരെ 14 ശതമാനം എംപിമാര്‍ മാത്രമാണ് കേരളത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

എം.ഐ. ഷാനവാസ്‌

ലീഗിന് മൂന്നോ നാലോ സീറ്റ് ലഭിച്ചിരുന്നുവെങ്കില്‍ ഈ അസന്തുലിതാവസ്ഥ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടേനെ. ഷാനവാസിന് ശേഷം വയനാട് മണ്ഡലം രാഹുല്‍ ഗാന്ധിക്ക് നല്‍കിയതും അടിസ്ഥാനപരമായി മുസ്‌ലിം പ്രാതിനിധ്യത്തെയാണ് ബാധിച്ചിട്ടുള്ളത്. 1962 മുതല്‍ 1980 വരെ അഞ്ച് തവണ മുസ്‌ലിം പ്രതിനിധികളെ തിരഞ്ഞെടുത്ത കോഴിക്കാട് പോലും പിന്നീട് അന്യമായി എന്നതാണ് വസ്തുത.

05

ലീഗിന്റെ ഭാവി സാധ്യതകള്‍

അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ലീഗ് എടുക്കുന്ന തീരുമാനം കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുമെന്ന് ഉറപ്പാണ്. മലബാറില്‍ നാല് സീറ്റുകളും തെക്കന്‍ കേരളത്തില്‍ ഒരു സീറ്റും ലീഗിന് കൊടുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ട്.

ഏറ്റവും കുറഞ്ഞത് മൂന്നാം സീറ്റ് എന്ന ആവശ്യം പരിഗണിച്ചില്ലെങ്കില്‍ മലബാറില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ ലീഗ് തയാറാവണം. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിജയിക്കാന്‍ കഴിയില്ല. ലീഗിന് മലപ്പുറം സുരക്ഷിത മണ്ഡലമായി തുടരും.

മാത്രമല്ല, എട്ടില്‍ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെക്കാള്‍ വോട്ടുകള്‍ നേടാന്‍ ലീഗിന് സാധിക്കും. നാല്‍പതോളം നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഗിന് പിന്നില്‍ മൂന്നാമതാവും. ഈ കണക്കുകള്‍ ഉപയോഗിച്ച് 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിന് 35ലധികം നിയമസഭ സീറ്റുകള്‍ ചോദിച്ച് വാങ്ങാം.

സമയബന്ധിതമായി കൃത്യമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാകാതെ ലീഗ് പോലൊരു പാര്‍ട്ടിക്ക് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയില്ല. വിദ്യാഭ്യാസവും നവചിന്തയും കൈമുതലാക്കിയ യുവ തലമുറ ലീഗില്‍ ധാരാളമുണ്ട്. പക്ഷെ, രണ്ട് സീറ്റും അനേകം മോഹികളുമുള്ള പാര്‍ട്ടിയില്‍ അവര്‍ എന്നും തഴയപ്പെട്ടവരായി തുടരും.

യു.ഡി.എഫ് എന്ന സംവിധാനം നിലനില്‍ക്കല്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആവശ്യമാണ്. പക്ഷെ, അധ്വാനം ലീഗിനും ഫലം കോണ്‍ഗ്രസിനും എന്നതാണ് പ്രശ്‌നം.

മൂന്നാം സീറ്റ് ലീഗിന് ലഭിച്ചാലും കോണ്‍ഗ്രസ് പിന്തുണക്കാതെ വിജയിക്കുക എളുപ്പമല്ല. അണികള്‍ക്കിടയില്‍ അനാവശ്യ ഭിന്നത സൃഷ്ടിക്കുന്നത് ഇരു പാര്‍ട്ടികള്‍ക്കും ദോഷമാണ് ഉണ്ടാക്കുക. അത് കൊണ്ട് തന്നെ വിവേകപരമായ തീരുമാനമെടുക്കുന്നത് ആണ് ഉചിതം.

അഞ്ചാം മന്ത്രി വിഷയത്തില്‍ ഉണ്ടായത് പോലെ അനാവശ്യ വിവാദം ഉണ്ടായാല്‍ അത് എല്ലാ മണ്ഡലങ്ങളിലെയും വിജയ സാധ്യതയെ ബാധിക്കും. എല്‍.ഡി.എഫ് എന്നത് ലീഗിന് ഇപ്പോഴും ഒരു വിദൂര സാധ്യതയാണ്. അത് കൊണ്ട് യു.ഡി.എഫ് സംവിധാനത്തെ നിലനിര്‍ത്തി അധിക സീറ്റ് 2026ല്‍ കേരളത്തില്‍ ഭരണം തിരിച്ച് പിടിക്കല്‍ അനിവാര്യമാണെന്നിരിക്കെ ലീഗും കോണ്‍ഗ്രസും വഴിപിരിഞ്ഞാല്‍ ആ സാധ്യത പൂര്‍ണമായും ഇല്ലാതാവും.

ലീഗിനെ പുകഴ്ത്തി കൂടെ നിര്‍ത്തുന്നതിന് പകരം അവകാശപ്പെട്ടത് സന്തോഷത്തോടെ കൈമാറുന്നത് തന്നെയാണ് കാലം ആവശ്യപ്പെടുന്ന നീതി. നേടിയെടുക്കാന്‍ സാധിച്ചാല്‍ അത് ലീഗിനെ രാഷ്ട്രീയമായി ശക്തിപ്പെടുത്തും.

കോണ്‍ഗ്രസിനെ സംബദ്ധിച്ചിടത്തോളം അവരുടെ ചരിത്രത്തില്‍ ലീഗിനോളം വിശ്വസിക്കാന്‍ പറ്റുന്ന ഘടകകക്ഷി ഉണ്ടായിട്ടില്ല താനും. ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് പ്രചാരകറായി മാറുന്നത് പോലും കേരളരാഷ്ട്രീയം പലവുരു കണ്ടിട്ടുള്ളതാണ്. പകരം ലീഗിനെ പിണക്കി ഐക്യമുന്നണിയെ തകര്‍ത്തുള്ള ഒരു രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ് മുതിരുന്നതെങ്കില്‍ തങ്ങളുടെ തന്നെ അടിത്തറയിളക്കുന്ന തീരുമാനമായിരിക്കുമത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നന്നെ ദുര്‍ബലപ്പെടാന്‍ കാരണമായത് പലസംസ്ഥാനങ്ങളിലും അവര്‍ സ്വീകരിച്ച ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമായിരുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ കോണ്‍ഗ്രസിന് നന്ന്.


വിവരശേഖരണത്തിന് സഹായിച്ചവര്‍: മുഹമ്മദ് വസീം, ഫവാസ്, ഉബൈദ് കോണിക്കഴി, ഡോ. മുഹ്‌സിന്‍ വരിക്കോടന്‍, ബാഫഖി സ്റ്റഡി സര്‍ക്കിള്‍- ജെഎന്‍യു


content highlights: Figures say; The third seat of the Muslim League is fair, or that there are other ways

ഇഖ്ബാല്‍ വാവാട്, ശംസീര്‍ കേളോത്ത്‌
ഗവേഷക വിദ്യാര്‍ഥികള്‍, ജെ.എന്‍.യു