national news
2023-24ല്‍ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 3967 കോടി, കോണ്‍ഗ്രസിന് 1129 കോടി; ഇരു കൂട്ടര്‍ക്കും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 28, 05:59 am
Tuesday, 28th January 2025, 11:29 am

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2023-24 കാലഘട്ടത്തില്‍ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ പുറത്ത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വിവിധ പാര്‍ട്ടികള്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍.

മുന്‍ വര്‍ഷങ്ങളിലേതെന്ന് പോലെ ബി.ജെ.പിക്ക് തന്നെയാണ് 2023-24 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവനായി ലഭിച്ചിരിക്കുന്നത്. 3967 കോടി രൂപയാണ് ഈ കാലയളവില്‍ ബി.ജെ.പിക്ക് സംഭാവനായി ലഭിച്ചിട്ടുള്ളത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 87 ശതമാനം വര്‍ദ്ധനവാണ്. മുന്‍ വര്‍ഷം ഇത് 2120 കോടി രൂപയായിരുന്നു.

അതേസമയം സംഭാവനയുടെ കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ് 2023-24 കാലത്ത് 1129 കോടി രൂപയാണ് കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത്. 320 ശതമാനം വര്‍ദ്ധനവാണ് കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്.

2022-23 കാലത്ത് കേവലം 268 കോടി രൂപ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതു കൊണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിലെത്തിയേക്കാമെന്ന പ്രതീക്ഷയിലുമായിരിക്കാം കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ വര്‍ദ്ധനവുണ്ടായത് എന്നാണ് വിലയിരുത്തല്‍.

അതേസമയം ബി.ജെ.പിക്ക് ലഭിച്ച സംഭാവനയുടെ 61 ശതമാനവും ഇലക്ട്രല്‍ ബോണ്ട് രൂപത്തിലാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1685 കോടി രൂപയാണ് ബി.ജെ.പിക്ക് ഇലക്ടര്‍ ബോണ്ട് രൂപത്തില്‍ ലഭിച്ചത്. ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കുന്നതിന് മുമ്പാണ് ഈ സംഭാവനകള്‍ ലഭിച്ചിട്ടുള്ളത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023-24 കാലത്തില്‍ ബി.ജെ.പിയുടെ പൊതുപ്രചണരത്തിനുള്ള ചെലവില്‍ വര്‍ദ്ധനവുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍ വര്‍ഷം 1092 കോടി രൂപയാണ് ബി.ജെ.പിയുടെ ചെലവെങ്കില്‍ 2023-24 കാലഘട്ടത്തില്‍ ഇത് 1754 കോടി രൂപയായി വര്‍ദ്ധിച്ചു.

ഇതില്‍ 591 കോടി രൂപ പരസ്യങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. പൊതു തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായതിനാലാണ് ഇത്രയും പണം ചെലവഴിക്കേണ്ടി വന്നിരിക്കുന്നത് എന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

content highlights: Figures of donations received by various political parties in the country during Lok Sabha elections 2023-24