| Saturday, 14th September 2013, 2:05 pm

ഫിഗോ, സെഡാന്‍ കാറുകള്‍ ഫോര്‍ഡ് തിരികെ വിളിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയ ഫോര്‍ഡിന്റെ ഫിഗോ ക്ലാസിക് കാറുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. ഒരു ലക്ഷത്തിലേറെ കാറുകളാണ് ഫോര്‍ഡ് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.

2011 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ പുറത്തിറക്കിയ 1,09,469 ഫിഗോ കാറുകളും 22,453 ക്ലാസിക്ക് കാറുകളുമാണ് തിരിച്ചുവിളിക്കുന്നതില്‍ അധികവും.

സ്റ്റിയറിംഗിന്റെയും പിന്നിലെ സസ്‌പെന്‍ഷന്റെയും തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് അറിയുന്നത്.

എന്നാല്‍ മോഡലുകളില്‍ കാര്യമായ തകരാറൊന്നുമല്ലെന്നും ചിലയിടത്തുനിന്നും ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

വിശദമായ പരിശോധന നടത്തി വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം മാത്രമേ കാറുകള്‍ നിരത്തിലിറക്കുള്ളൂ എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇതു കൂടാതെ 2010 ജനുവരി മുതല്‍ 2010 ഓഗസ്റ്റ് വരെ പുറത്തിറക്കിയതും 2011 മാര്‍ച്ച് മുതല്‍ 2011 നവംബര്‍ വരെ ഇറക്കിയതുമായ 30,681 ഫിഗോ കാറുകളും 3,418 ക്ലാസിക്ക് കാറുകളും തിരിച്ച് വിളിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more