| Friday, 14th June 2024, 12:58 pm

ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ കൂട്ടയടി; പ്രതിപക്ഷ അംഗത്തിന് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളും ഭരണകക്ഷികളും തമ്മില്‍ കൂട്ടയടി. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയഭരണാവകാശം നല്‍കുന്ന ബില്ലിനെതിരെയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്.

പിന്നാലെ ഭരണകക്ഷികളുമായി പ്രതിപക്ഷം കൈയ്യാകളിയിലേക്ക് എത്തുകയായിരുന്നു. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഇറ്റാലിയന്‍ എം.പിമാര്‍ക്കെതിരെ ഉയരുന്നത്.

കൂട്ടയാടിയില്‍ പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിയുടെ കഴുത്തില്‍ പ്രതിപക്ഷ അംഗമായ ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക കെട്ടാന്‍ ശ്രമിച്ചതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.


ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള നേതാക്കള്‍ ഇറ്റലിയില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിലെ കൂട്ടത്തല്ല്. ഇത് ആഗോള സമൂഹത്തിന് മുന്നില്‍ ഇറ്റലിയുടെ പ്രതിച്ഛായ മോശമാകുന്നതിന് കാരണമാകുമെന്ന് പൗരന്മാരടക്കം ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഭരണകക്ഷിയിലെ എം.പിമാര്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചു. ഭരണകര്‍ത്താക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൈയ്യാങ്കളിയിലേക്ക് എത്തേണ്ടതില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ അംഗത്തിന് പരിക്ക് പറ്റിയെന്ന വാദം തെറ്റാണെന്നും അദ്ദേഹം അഭിനയിക്കുകയാണെന്നും ഭരണകക്ഷികള്‍ പ്രതികരിച്ചു. പ്രതിപക്ഷം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും നേതാക്കള്‍ പ്രതികരിക്കുകയുണ്ടായി.


അതേസമയം പതാക സഭയ്ക്ക് മുമ്പില്‍ അവതരിപ്പിക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും പ്രകോപനമുണ്ടാകാന്‍ ശ്രമിച്ചിട്ടില്ലെന്നും ഡോണോ പറഞ്ഞു. സംഭവത്തില്‍ ജി 7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി നിര്‍വഹിക്കേണ്ട ചുമതലകളെ കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ഓര്‍മിപ്പിച്ചു.

Content Highlight: Fights breack out in Italian Parliament

We use cookies to give you the best possible experience. Learn more