| Saturday, 19th February 2022, 9:00 pm

സുരേന്ദ്രേട്ടാ.. ഗവര്‍ണറുണ്ട് ഇവിടെ സേഫ് അല്ല! | ARIF MOHAMMAD KHAN | Trollodu Troll

അനുഷ ആന്‍ഡ്രൂസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നയപ്രഖ്യാനത്തില്‍ ഒപ്പ് വെക്കാന്‍ സമ്മതിക്കാതെ കേരള ഗവര്‍ണര്‍ കേരള സര്‍ക്കാരിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ഗവര്‍ണറുടെ ശിപാര്‍ശപ്രകാരം അദ്ദേഹത്തിന്റെ അഡീഷണല്‍ പി.എയായി ഒരു ആര്‍.എസ്.എസുകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിയോജനക്കുറിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, എന്നെ കുറ്റം പറയാന്‍ അവനാരാ എന്ന ഭാവത്തില്‍ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം എന്ന വാശിയിലായിരുന്നു ഗവര്‍ണര്‍. അവസാനം പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ മാറ്റി ശാരദാ മുരളീധരന് താല്‍ക്കാലിക ചുമതല നല്‍കി കഴിഞ്ഞപ്പോഴാണ് നയപ്രഖ്യാനത്തില്‍ ഒപ്പ് വെക്കാന്‍ ഗവര്‍ണര്‍ സമ്മതിച്ചത്.

2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ കക്ഷിരാഷ്ട്രീയത്തിന് നിന്നുകൊടുക്കുന്ന ആളായിരിക്കാന്‍ പാടില്ലല്ലോ. അങ്ങനെയാണ് പുള്ളി കേരളത്തിന്റെ ഗവര്‍ണറായി വരുന്നത്. പക്ഷെ രണ്ടരവര്‍ഷം മുമ്പ് രാജ്ഭവനിലെത്തിയതോടെ അദ്ദേഹത്തിന്റെ മട്ട് മാറി. ഈ ഗവര്‍ണര്‍ സ്ഥാനത്തെ തനിക്ക് തന്നെ വേണ്ടിയുള്ള ഒരു രാഷ്ട്രീയ പരീക്ഷണശാലയാക്കുന്ന തിരക്കിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

ഒന്നാം പിണറായി സര്‍ക്കാര്‍ 2020 ജനുവരി 29നു നടത്തിയ നയപ്രഖ്യാപനത്തിന്റെ തലേന്നും ഗവര്‍ണര്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കിയിരുന്നു. പ്രസംഗം വായിക്കാം, പക്ഷെ അതിലെ ഒരു ഭാഗം വായിക്കാന്‍ കഴിയില്ല എന്നായിരുന്നു പുള്ളി അന്ന് മുഴക്കിയ ഭീഷണി. സാധാരണഗതിയില്‍ ഗവര്‍ണര്‍ മുഴുവന്‍ പ്രസംഗവും വായിക്കണം. വിയോജിപ്പുള്ള ഭാഗങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ട് എന്ന് പറയാം എന്നല്ലാതെ വായിക്കാതിരിക്കുക എന്നത് ഒരു ഓപ്ഷന്‍ അല്ല.

സി.എ.എക്കെതിരെയുള്ള പ്രമേയമായിരുന്നു വായിക്കില്ല എന്ന് അന്ന് പുള്ളി പറഞ്ഞത്. അതുപോലെ കഴിഞ്ഞ ദിവസങ്ങളില്‍ ഹിജാബിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഷയത്തില്‍ ബി.ജെ.പി അനുകൂല നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്‍ എടുത്തത്. അത് വലിയ വിവാദം ഉണ്ടാക്കിയതുമാണ്.

അതുപോലെ തന്നെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം അഭിനന്ദിക്കുകയായിരുന്നു ചെയ്തത്. മാത്രമല്ല രാജ്യത്ത് ഹിന്ദുത്വമൗലികവാദത്തിന്റെ പേരില്‍ ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന വിഷയങ്ങളിലൊക്കെതന്നെ വളരെ സേഫ് ആയ മൗനം പുള്ളി പാലിക്കുന്നുണ്ട്.

ഇവിടെ മാത്രമല്ല. ബി.ജെ.പി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെയും കേന്ദ്രം അവരുടെ കൈകടത്താന്‍ വേണ്ടി നിയമിച്ചിട്ടുള്ള ഗവര്‍ണറുമാരുമൊക്കെയായി സര്‍ക്കാരുകള്‍ തമ്മില്‍ അടിപിടിയാണ്.

ഗവര്‍ണറല്ല സര്‍ക്കാരിന്റെ തലവന്‍ അത് മുഖ്യമന്ത്രി തന്നെയാണ്. സംസ്ഥാനത്തെ നിയമനിര്‍മാണവും ഭരണനിര്‍വഹണവും ഭരണഘടനപ്രകാരം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഗവര്‍ണറുടെ ഉത്തരവാദിത്തം. അതുകൊണ്ട് ഭരണനിര്‍വഹണത്തില്‍ പുള്ളി ഇടപെടേണ്ടതില്ല. ഭരണഘടനയെ മാനിച്ചുകൊണ്ട് ഗവര്‍ണറും സര്‍ക്കാരും അവരവരുടെ അധികാരപരിധിയില്‍ നില്‍ക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പിന് ആവശ്യമാണ്.


Content Highlight: Fighting rages between Governor Arif Mohammad Khan and the Kerala government

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.