റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഷാരൂഖ് ചിത്രം പത്താന്‍. ഷാരൂഖിന് പുറമേ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. നായകന്റെ നിഴലിലൊതുങ്ങുന്ന, പാട്ടിനും ഡാന്‍സിനും റൊമാന്‍സിനും മാത്രം വരുന്ന നായികയല്ല ചിത്രത്തില്‍ ദീപിക. ഷാരൂഖിന്റെ നായകകഥാപാത്രത്തിനൊപ്പം വരുന്ന മാസും ആക്ഷനുമെല്ലാമുള്ള നായികയാണ് ദീപികയുടെ റുബീന.
സ്‌ക്രീന് പ്രസന്‍സ് കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ ദീപിക ഗംഭീരമാക്കിയിട്ടുമുണ്ട്. സാധാരണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ വില്ലന്മാര്‍ തട്ടിക്കൊണ്ടു പോകുന്ന നായികയെ നായകന്‍ രക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ പത്താനില്‍ ഇതിന് നേര്‍വിപരീതമായ രംഗമാണുള്ളത്. വില്ലന്മാരുടെ പിടിയിലായ പത്താനെ രക്ഷിക്കുന്നത് ദീപികയുടെ റുബീനയാണ്. ഈ രംഗത്തിലെ ദീപികയുടെ ആക്ഷന്‍ സ്വീക്വന്‍സുകളും മികച്ച രീതിയില്‍ തന്നെയാണ് ചെയ്തിരിക്കുന്നത്.
എണ്ണിയാലൊടുങ്ങാത്ത വില്ലന്മാരെ അടിച്ചിട്ടതിന് ശേഷം ഷാരൂഖിനെ രക്ഷിച്ചുകൊണ്ട് പോകുന്ന ദീപിക ഒടുവില്‍ ആപത്തില്‍ പെടുകയും ഷാരൂഖ് തന്നെ രക്ഷിക്കുകയുമാണ്. പരമ്പരാഗത രീതികളെയെല്ലാം അട്ടിമറിച്ചിട്ട് മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയെന്ന് പറഞ്ഞത് പോലെയായി ഈ രംഗം അവസാനിച്ചത്. പിന്നീട് ഈ രംഗത്തിന് മറ്റൊരു വിശദീകരണം നല്‍കുന്നുണ്ടെങ്കിലും നായിക രക്ഷിക്കുന്ന തരത്തില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു.
വില്ലന്‍ റോളില്‍ ജോണ്‍ എബ്രഹാമും സ്‌കോര്‍ ചെയ്തു. ജോണ്‍ എബ്രഹാമിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി പത്താനിലെ ജിം. ഫൈറ്റ് രംഗങ്ങളിലെ ലോജിക്കില്‍ ചില പ്രശ്‌നങ്ങള്‍ വന്നിരുന്നുവെങ്കിലും ക്യാരക്ടര്‍ ആര്‍ക്കില്‍ ഷാരൂഖിന്റെ പത്താനെക്കാള്‍ മികച്ചുനിന്നും ജോണ്‍ എബ്രഹാമിന്റെ ജിം.
നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് പുറമേ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഷാരൂഖിന് ലഭിക്കുന്ന തിയേറ്റര്‍ വിജയം കൂടിയാണ് ചിത്രം. ഷാരൂഖ് ഒടുവില്‍ നായകനായ ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയം രുചിച്ചിരുന്നു. അത്തരത്തില്‍ നോക്കിയാലും അദ്ദേഹത്തിന് ഇരട്ടി മധുരമാണ് പത്താന്‍.
Content Highlight: fight scenes of deepika padukone in pathaan