Advertisement
national news
ഞങ്ങള്‍ ഗ്രേവി കഴിക്കാറില്ല; പീസ് ആണിഷ്ടം; ബി.ജെ.പി എം.പിയുടെ വിരുന്നില്‍ മട്ടന്‍പീസ് കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 16, 07:48 am
Saturday, 16th November 2024, 1:18 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ബി.ജെ.പി എം.പി ഒരുക്കിയ വിരുന്നില്‍ മട്ടന്‍ കഷ്ണം ലഭിക്കാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. യു.പിയിലെ ബധോഹി മണ്ഡലം എം.പിയായ വിനോദ് കുമാര്‍ സംഘടിപ്പിച്ച വിരുന്നിലാണ് മട്ടന്‍ കഷ്ണം കിട്ടാത്തതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.

വിരുന്നില്‍ അതിഥികള്‍ക്ക് വിളമ്പിയ മട്ടന്‍ കറിയില്‍ കഷ്ണം ഉണ്ടായിരുന്നില്ലെന്നും ഗ്രേവി മാത്രമാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് സംഘര്‍ഷം ഉടലെടുത്തത്.

മട്ടന്‍ പീസ് കിട്ടാത്ത അതിഥികള്‍ ഭക്ഷണം വിളമ്പുന്ന യുവാവിനെ മര്‍ദിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. പിന്നീട് വിരുന്നില്‍ പങ്കെടുത്തവരെല്ലാം തമ്മില്‍ കൂട്ടത്തല്ല് ആവുകയായിരുന്നു. ഒടുവില്‍ നേതാക്കളും നാട്ടുകാരും ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.

കൂട്ടത്തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഭക്ഷണപ്പൊതികളുമായി ആളുകള്‍ വേദിയില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെയും പരിക്കേറ്റ യുവാവ് മോട്ടോര്‍ സൈക്കിളിലേക്ക് കയറുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.

വിരുന്നിനെത്തിയ യുവാവ് ചടങ്ങിനെത്തിയ മറ്റ് അതിഥികളുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പന്തിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ പാത്രത്തില്‍ വളരെയധികം ഗ്രേവി വിളമ്പിയതില്‍ സംശയം തോന്നിയ യുവാവ് പാത്രത്തില്‍ വിരല്‍ മുക്കി മട്ടണ്‍ കഷണം ഉണ്ടോയെന്ന് പരിശോധിച്ചു.

എന്നാല്‍ യുവാവിന് ഒരു മട്ടന്‍ കഷ്ണം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന് ദേഷ്യം വന്ന യുവാവ് വിളമ്പുകാരനോട് അതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ പ്രതികരണം ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് യുവാവ് വിളമ്പുകാരനെ ചീത്തവിളിക്കുകയും തല്ലുകയുമായിരുന്നു.

തുടര്‍ന്ന് വിളമ്പുകാരും യുവാവിന്റെ സുഹൃത്തുക്കളും തമ്മില്‍ അടിയായി. സംഘര്‍ഷത്തെ തുടര്‍ന്ന് വിരുന്നിനെത്തിയ അതിഥികള്‍ വിരുന്ന് ഉപേക്ഷിച്ച് പോവുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ വിരുന്നിനെത്തിയ അതിഥികള്‍ അമിതമായി ഭക്ഷണം കഴിച്ചതാണ് മട്ടണ്‍ പീസ് തീര്‍ന്ന് പോകാന്‍ കാരണമെന്നാണ് എം.പി നല്‍കുന്ന വിശദീകരണം.’ക്ഷണിച്ചവര്‍ പരമാവധി ഭക്ഷണം കഴിച്ചതിനാല്‍ രാത്രി 8.30 ആവുമ്പോഴേക്ക് വിരുന്ന് അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതിനിടയില്‍ ക്ഷണിക്കാതെത്തിയ കുറച്ച് യുവാക്കള്‍ മദ്യപിച്ച് അകത്ത് പ്രവേശിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്,’ വിനോദ് കുമാര്‍ എം.പി പറഞ്ഞു.

Content Highlight: Fight over mutton chunks at Mirzapur event conducted by BJP MP