കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ അണികളും നേതാക്കളും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ തമ്മിലടി. ആര്‍.എസ്.എസ് ഹിന്ദു ഐക്യ വേദി, റെഡി ടു വെയ്റ്റ് ക്യാംപയിന്‍ അംഗങ്ങള്‍ തുടങ്ങി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരത്തിനിറങ്ങവരാണ് പരസ്പ്പരം പഴിചാരിയും ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തും പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്നു റെഡി റ്റു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മ പിള്ളയുടെ കമന്റ് നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രതികരണവും മറ്റ് ആര്‍.എസ്.എസ് നേതാക്കളുടെയും അണികളുടെ പ്രതികരണങ്ങള്‍ എല്ലാം കൊണ്ടും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തമ്മിലടിക്കുകയാണിപ്പോള്‍.
ആര്‍.എസ്.എസ് മുന്‍ അഖേലന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയും ബാബുവിന്റെ അതേ അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്. ഇതിനെ എതിര്‍ത്തുകൊണ്ട് റെഡി റ്റു വെയ്‌ററ് ക്യാംപെയിനിന്റെ നേതാക്കളിലൊരാളായ ശങ്കു ടി. ദാസും മറ്റുചിലരും രംഗത്തുവരുകയായിരുന്നു.
ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന് വളരെനേരത്തെ നിലപാടെടുത്തയാളാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍.ഹരി. കോടതിവിധിക്കുമുമ്പും അതിനുശേഷവും അദ്ദേഹം ആചാര മാറ്റത്തിനുവേണ്ടി ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുവതീപ്രവേശം ഉള്‍പ്പടെ ഏത് ആചാരമാറ്റവും ആകാമെന്നുതന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത് ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഹിന്ദു വിരുദ്ധ ശക്തികള്‍ക്ക് ഉന്നയിക്കാന്‍ വാദങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ ആചാര പരിഷ്‌കരണവാദിയെന്നാണ് ആര്‍. ഹരിയെ ശങ്കു ടി. ദാസ് വിശേഷിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഭാസ്‌ക്കര്‍ ടി ദാസ് എന്നയാളിട്ട പോസ്റ്റിന് കീഴിലാണ് പദ്മപിള്ള ശബരിമല പ്രക്ഷോഭം യതാര്‍ത്ഥിത്തില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമുള്ളതായിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണ്.ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കല്‍ അടവുനയം മാത്രമായിരുന്നു അവര്‍ക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നുമായിരുന്നു പദ്മപിള്ള പറഞ്ഞത്.
അതേസമയം കമന്റ് വിവാദമായതിന് പിന്നാലെ ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ വിമര്‍ശനം ആര്‍.എസ്.എസിന് എതിരല്ലെന്ന് വിശദീകരണവുമായി പത്മ പിള്ള രംഗത്തെത്തി. ശബരിമലയില്‍ ഏതുവിധേനയും യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്നും ആചാരങ്ങളെ തകര്‍ക്കണമെന്നും വാദിക്കുന്നവര്‍ക്കും അതിനായി ഗൂഢാലോചന നടത്തിയവര്‍ക്കുമെതിരെയായിരുന്നു തന്റെ കമന്റ്. അത് കമ്മ്യൂണിസ്റ്റുകാരും മാധ്യമപ്രവര്‍ത്തകരും പലരീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആഘോഷങ്ങളെ അല്ല ശ്രദ്ധിക്കേണ്ടതെന്നും ഹൈന്ദവസമൂഹത്തിനുള്ളില്‍ ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പത്മപിള്ള പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അടക്കം ഏതു ആചാരമാറ്റവും ആവാമെന്നും എന്നാല്‍ ആചാര്യന്മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമുള്ള ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുവിന്റെ നിലപാടിനെതിരെയും പദ്മ പിള്ള വിമര്‍ശനം ഉന്നയിച്ചു. തന്ത്രിയും മറ്റ് ആചാര്യന്മാരുമെല്ലാം ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇനി ഏത് ആചാര്യന്മാരുടെ കാര്യമാണ് ആര്‍വി ബാബു പറയുന്നതെന്നും പദ്മ പിള്ള ചോദിച്ചു.
രഹന ഫാത്തിമ സന്നിധാനത്തേക്കു കയറിക്കൊണ്ടിരുന്ന സമയത്ത് തന്ത്രി വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാര്യന്‍ തന്ത്രിയാണ്. അതിനു ശേഷം തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് കേരളത്തിലെ വിവിധ മഠങ്ങളില്‍നിന്നുള്ള ആചാര്യന്മാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ഏത് ആചാര്യരാണ് ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പദ്മ പിള്ള ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചിരുന്നു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളില്‍പ്പെട്ട് കേസില്‍ അകപ്പെട്ടവരെ ബി.ജെ.പി സഹായിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു.
അതേസമയം സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഇതുവരെ ബി.ജെ.പി നേതാക്കളാരും ഇടപെട്ടിട്ടില്ല.