| Tuesday, 2nd April 2019, 8:42 pm

ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മില്‍; കോണ്‍ഗ്രസ് വിജയിച്ചാല്‍ പാകിസ്താനില്‍ വെടിക്കെട്ട് നടക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്ന ഭാഷ പാകിസ്താന്റേതാണെന്നും രൂപാനി വിമര്‍ശിച്ചു.

ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ് ചോദിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വാക്കുകള്‍ ലജ്ജാകരമായിരുന്നു എന്നും രൂപാനി പറഞ്ഞു. രാജ്‌കോട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രൂപാനി.

“പാകിസ്താന്റെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഗുരു സാം പിത്രോദ “നാണക്കേട് പിത്രോദ”യാണ്. പത്രോദയുടെ പരാമര്‍ശങ്ങള്‍ കാരണം രാജ്യം തലകുനിക്കേണ്ടി വരുന്നു. പത്രോദ ബലാകോട്ടില്‍ നടന്ന ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ടത് പാകിസ്താന്റെ അതെ ഭാഷയിലാണ്.


തങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ലെന്നും തീവ്രവാദികളുടെ സുരക്ഷാ താവളങ്ങള്‍ പാകിസ്ഥാനില്‍ ഇല്ലെന്നും പാകിസ്താന്‍ ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നു. അതിനാല്‍ അവര്‍ ബലാകോട്ടിലെ തീവ്രവാദികളുടെ ക്യാമ്പ് തകര്‍ത്തത് പുറത്തുപറയുന്നില്ല. എന്താണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം”- രൂപാനി പറയുന്നു.

തെരഞ്ഞെടുപ്പില്‍ മോദി വിജയിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കും. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പാകിസ്താനില്‍ വെടിക്കെട്ട് നടക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

“തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌ന പരിഹാരവും തെരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനം മാത്രമാണ്. ദരിദ്രര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്ക് വെള്ളവും വൈദ്യുതിയും വിളകള്‍ക്ക് താങ്ങു വിലയും നല്‍കിയിട്ടില്ല.


അതുകൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. നെഹ്രുവിന്റെ കാലത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് പറഞ്ഞു. ഒന്നും നടന്നില്ല. ഇന്ധിരാ ഗാന്ധി ദാരിദ്രനിര്‍മാര്‍ജനം നടത്തുമെന്ന് പറഞ്ഞു. ഒന്നും നടന്നില്ല. എന്നിട്ട് ദരിദ്രരെ അഴിമതിയിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്തത്”- രൂപാണി പറഞ്ഞു.

We use cookies to give you the best possible experience. Learn more