|

ശ്രീധരന്‍പിള്ള പോകുമ്പോള്‍ ബി.ജെ.പി അധ്യക്ഷ പദവിക്കായി ഗ്രൂപ്പുകള്‍ വടംവലി ശക്തമാക്കുന്നു; പരിഗണിക്കുന്നവരില്‍ പ്രമുഖര്‍ ഇവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറമില്‍ ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷ പദവിക്കു വേണ്ടിയുള്ള ചരടുവലി ശക്തമാകുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്റെയും മുന്‍ അധ്യക്ഷന്‍ പി.കെ കൃഷ്ണദാസിന്റെയും ഗ്രൂപ്പുകള്‍ തമ്മിലാണു പ്രധാന മത്സരം.

മുരളീധരന്‍ പക്ഷം പ്രധാനമായും വാദിക്കുന്നത് കെ. സുരേന്ദ്രനു വേണ്ടിയാണ്. ശബരിമല വിഷയത്തിലെ ഇടപെടലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നു മികച്ച പ്രകടനം നടത്തിയതുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷുമായുള്ള അടുപ്പവും സുരേന്ദ്രനു സഹായകരമാകും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം എം.ടി രമേശാണ് കൃഷ്ണദാസ് പക്ഷത്തു നിന്ന് അധ്യക്ഷസ്ഥാനത്തേക്കുള്ള പ്രധാനി. ആര്‍.എസ്.എസ് താത്പര്യമുള്ള നേതാവാണ് രമേശ്. രമേശിനെക്കൂടാതെ കൃഷ്ണദാസിനെത്തന്നെയും പക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

മുന്‍ സംസ്ഥാനാധ്യക്ഷനും ഇപ്പോള്‍ ദേശീയ നിര്‍വാഹക സമിതിയംഗവുമായ കൃഷ്ണദാസിനെ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണു പരിഗണിക്കുന്നത്. രമേശിനെ അംഗീകരിച്ചില്ലെങ്കില്‍ കൃഷ്ണദാസ് എന്ന നിലയിലാണ് അവര്‍ മുന്നോട്ടുപോകുന്നത്.

ഇനി ഇരുപക്ഷങ്ങളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാനാണു നീക്കമെങ്കില്‍ പാര്‍ട്ടിയുടെ അംഗത്വ പ്രചാരണത്തിനുള്ള അഞ്ചു ദേശീയ സഹ കണ്‍വീനര്‍മാരില്‍ ഒരാളായ ശോഭാ സുരേന്ദ്രനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പോര് ഒഴിവാക്കി സമവായം എന്നതാണു നേതൃത്വത്തിനു താത്പര്യമെങ്കില്‍ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ശോഭയെ പരിഗണിച്ചേക്കും. മാസങ്ങളായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും ശോഭയ്ക്ക് അനുകൂല ഘടകമാണ്.

ഗ്രൂപ്പുതര്‍ക്കം ഒഴിവാക്കാന്‍ ആദ്യ പരിഗണന വീണ്ടും കുമ്മനം രാജശേഖരനു ലഭിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ലോക്‌സഭയിലേക്കു മത്സരിച്ചു തോറ്റെങ്കിലും മിസോറം ഗവര്‍ണര്‍ പദവി രാജി വെച്ചെത്തിയ കുമ്മനത്തിന് അര്‍ഹിച്ച പദവി കൊടുത്തില്ലെന്ന ആക്ഷേപം ആര്‍.എസ്.എസിനുള്ളിലുണ്ട്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിലുള്ള പരിഭവം ആര്‍.എസ്.എസ് പരസ്യമായി പ്രകടിപ്പിച്ചതാണ്.