കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനെത്തിയ നവജ്യോത്സിങ് സിദ്ധുവിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
എന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വന്നതിന്റെ പേരില്‍ സിദ്ധുവിന് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് വിമര്‍ശിക്കുന്നതെന്നറിയില്ല. സിദ്ധു സാഹോദര്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. പാക് പഞ്ചാബില്‍ വന്ന് മത്സരിച്ചാല്‍ പോലും സിദ്ധു ജയിക്കും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
ചടങ്ങില്‍ പ്രിയ സുഹൃത്തെന്നാണ് ഇമ്രാന്‍ ഖാനെ സിദ്ധു അഭിസംബോധന ചെയ്തത്.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള പാതയുടെ വഴിവെട്ടല്‍ ചടങ്ങിന് സിദ്ധുവിനൊപ്പം കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ (ശിരോമണി അകാലിദള്‍), ഹര്‍ദീപ് സിങ് പുരി (ബി.ജെ.പി) എന്നിവരും പങ്കെടുത്തിരുന്നു.
ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര. ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സിദ്ധു പാകിസ്ഥാനിലെത്തിയപ്പോഴാണ് പാത പാകിസ്ഥാന്റെ പരിഗണനയിലെത്തിയത്. 20 വര്‍ഷം മുമ്പ് തന്നെ ഇന്ത്യ ഈ പദ്ധതി പാകിസ്ഥാന് മുന്നില്‍ വെച്ചിരുന്നു. പാതയുടെ ഇന്ത്യന്‍ ഭാഗത്തുള്ള വഴിവെട്ടല്‍ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു.