പുലഭ്യം, കയ്യാങ്കളി; ക്രിക്കറ്റിന് തന്നെ നാണക്കേടായി യൂസുഫ് പത്താനും മിച്ചൽ ജോൺസണും
Cricket
പുലഭ്യം, കയ്യാങ്കളി; ക്രിക്കറ്റിന് തന്നെ നാണക്കേടായി യൂസുഫ് പത്താനും മിച്ചൽ ജോൺസണും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd October 2022, 8:10 pm

ലെജൻഡ്സ് ലീഗ് മത്സരത്തിനിടെ ശക്തമായ വാക്‌പോരുമായി മുൻ ക്രിക്കറ്റ് താരങ്ങൾ. ഇന്നലെ ജോധ്പൂരിൽ നടന്ന ബിൽവാര കിങ്‌സ്-ഇന്ത്യ ക്യപിറ്റൽ മത്സരത്തിനിടെയാണ് സംഭവം. മുൻ ഇന്ത്യൻ താരം യൂസുഫ് പത്താനും മുൻ ഓസ്ട്രേലിയൻ താരം മിച്ചൽ ജോൺസുമാണ് മത്സരത്തിനിടെ പരിസരം മറന്ന് വാക്‌പോരിലേർപ്പെട്ടത്.

ബിൽവാര ബാറ്റ് ചെയ്യുമ്പോൾ 19ാം ഓവറിന്റെ അവസാന പന്തിൽ ഇരുവരും ചൂടേറിയ വാക്കുകളുമായി നേർക്കുനേർ വരികയായിരുന്നു.
ആദ്യ മൂന്ന് പന്തിൽ യൂസുഫ് 6,4,6 എന്നിങ്ങനെയാണ് അടിച്ചെടുത്തത്. അവസാനം മിച്ചൽ യൂസുഫിനെ പുറത്താക്കുകയായിരുന്നു.

താരം ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോകുമ്പോൾ മിച്ചൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. യൂസുഫിന് അതത്ര രസിച്ചില്ല. തിരിച്ചുവന്ന യൂസുഫ് മിച്ചലുമായി മുഖാമുഖം നിന്ന് പലതും തിരിച്ചുപറഞ്ഞു.

വാഗ്വാദം ശക്തമായതോടെ മിച്ചൽ യൂസഫിനെ പുറകോട്ട് തള്ളി. ഉടൻ അമ്പയർ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിക്കുകയും സംഭവ സ്ഥലത്തേക്ക് മറ്റ് താരങ്ങൾ ഓടിയെത്തി രംഗം ശാന്തമാക്കുകയുമായിരുന്നു.

സംഭവത്തിൽ സംഘാടകർ ഒട്ടും തൃപ്തരല്ലെന്നും ഐ.സി.സി നിയമപ്രകാരം ജോൺസണെ ഒരു മത്സരത്തിൽ നിന്ന് വിലക്കാനാണ് ആലോചിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

നാല് ഓവറിൽ 51 റൺസ് വിട്ടുകൊടുത്ത മിച്ചൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യ കാപിറ്റൽസ് ജയം സ്വന്തമാക്കുകയായിരന്നു. നാല് വിക്കറ്റിൽ ജയം സ്വന്തമാക്കിയ ടീം ക്യാപിറ്റൽ ഫൈനലിലേക്ക് കടന്നു. ബിൽവാരക്ക് ഫൈനൽ കടക്കാൻ എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ കീഴ്‌പ്പെടുത്തണം.

28 പന്തുകൾ നേരിട്ട യൂസുഫ് 48 റൺസാണ് ആകെ നേടിയത്. 84 റൺസെടുത്ത് റോസ് ടെയ്ലറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 11 പന്തുകളിലായി രാജേഷ് ബിഷ്ണോയ് 36 റൺസെടുത്തു.

ഷെയ്ൻ വാട്സൺ 39 പന്തിൽ 65 റൺസ് നേടിയപ്പോൾ വില്യം പോർട്ടർഫീൽഡ് 37 പന്തിൽ 59 റൺസ് നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് ബിൽവേരി കിങ്‌സ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ മൂന്ന് പന്ത് ശേഷിക്കെയാണ് കാപിറ്റൽസ് വിജയലക്ഷ്യം മറികടന്നത്.

Content Highlights: Fight between Yusuf Pathan and Mitchel Johnson during Mitchel Johnson