| Wednesday, 13th December 2023, 7:16 pm

അടി, ഇടി,വെടി,പുക ! മൈതാനത്ത് കൂട്ടത്തല്ല്; ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ മൈതാനത്ത് നടന്ന വ്യത്യസ്തമായ സംഭവവികാസങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്.

തുര്‍ക്കിഷ് ലീഗില്‍ നടന്ന മത്സരത്തില്‍ റഫറിമാര്‍ക്കെതിരെ ഉണ്ടായ കയ്യാംകളിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരപ്പോടെ നോക്കി നില്‍ക്കുന്നത്.

തുര്‍ക്കിഷ് ലീഗില്‍ അങ്കരഗുച്ചു- റിസസ്‌പോര്‍ മത്സരത്തിലായിരുന്നു സംഭവം നടന്നത്. രണ്ട് റെഡ് കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടികൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിനുശേഷമാണ് മൈതാനത്ത് കയ്യാംകളി നടന്നത്. മത്സരശേഷം റഫറിക്ക് നേരെ പായുകയായിരുന്നു താരങ്ങള്‍. അങ്കരഗുച്ചുവിന്റെ പ്രസിഡന്റ് റഫറിയുടെ മുഖത്ത് ഇടിച്ചതോടെയാണ് അടി തുടങ്ങിയത്.

ഇതിന് പിന്നാലെ എത്തിയ താരങ്ങളും ഒഫീഷ്യല്‍സും റഫറിയെ മൈതാനത്ത് വലിച്ചിട്ട് മർദിക്കുകയായിരുന്നു. അടികൊണ്ട റഫറിയുടെ മുഖത്ത് സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ തുര്‍ക്കിഷ് ലീഗിലെ എല്ലാ മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ലീഗ് പ്രസിഡന്റ് ആഹ്വാനം ചെയ്തു.

അങ്കരഗുച്ചുവിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14 മിനിട്ടില്‍ ആതിഥേയരാണ് ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 50 മിനിട്ടില്‍ അങ്കരഗുച്ചുവ് താരം സോവെ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. പിന്നീടുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് ആതിഥേയര്‍ പന്ത് തട്ടിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റിസസ്‌പോര്‍ താരവും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ റിസസ്‌പോര്‍ സമനിലഗോള്‍ നേടുകയായിരുന്നു.

Content Highlight: Fight between players and referees in Turkish League.

We use cookies to give you the best possible experience. Learn more