| Wednesday, 28th June 2023, 11:05 am

തല്ലുണ്ടാക്കി മടുക്കാത്ത ഒരു ടീമും റെഡ് കാര്‍ഡ് വാങ്ങി മടുക്കാത്ത ഒരു കോച്ചും; ഇതും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗമോ? വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയും കുവൈത്തും കൊമ്പുകോര്‍ത്തിരുന്നു. സുനില്‍ ഛേത്രിയുടെ ഗോളിലൂടെ മുമ്പിലെത്തിയ ഇന്ത്യ ഒരുവേള വിജയം മുമ്പില്‍ കണ്ടെങ്കിലും അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോള്‍ വില്ലനായി. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.

മത്സരഫലത്തേക്കാള്‍ ചര്‍ച്ചയായത് ഇന്ത്യ – കുവൈത്ത് താരങ്ങള്‍ തമ്മിലുള്ള തര്‍ക്കവും കയ്യാങ്കളിയുമാണ്. ഇതിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് വീണ്ടും റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മത്സരത്തിന്റെ 88ാം മിനിട്ടിലാണ് തര്‍ക്കവും കയ്യാങ്കളിയും കൈവിട്ടുപോയതെങ്കിലും ആദ്യ പകുതിയില്‍ തന്നെ കൂട്ടപ്പൊരിച്ചിലുകള്‍ ഇരുടീമിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

ആദ്യ പകുതിയില്‍ അനിരുദ്ധ് ഥാപ്പയും കുവൈത്ത് താരവും തമ്മില്‍ ചെറിയ തോതിലുള്ള ഉന്തും തള്ളും ഉണ്ടായെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടിരുന്നു.

അതിനിടെ ഹാഫ് ടൈമിന്റെ ആഡ് സമയത്ത് ലഭിച്ച പെനാല്‍ട്ടി വലയിലാക്കിയതോടെ ഇന്ത്യ 1-0ന്റെ ലീഡ് സ്വന്തമാക്കി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ ഇന്ത്യയെ മുമ്പിലെത്തിച്ചത്.

മത്സരത്തിന്റെ 63ാം മിനിട്ടില്‍ വീണ്ടും കാര്യങ്ങള്‍ കൈവിടുന്നതിന്റെ കാഴ്ചകളായിരുന്നു കണ്ഡീരവ കണ്ടത്. ഇത്തവണ ഇന്ത്യന്‍ കോച്ച് സ്റ്റിമാക് കൂടി ഈ വാക്കുതര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്‍. മഹേഷ് സിങ്ങിനെ ഫൗള്‍ ചെയ്തതിന് പിന്നാലെ കുവൈത്ത് താരത്തോട് അദ്ദേഹം കയര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളെത്തി അന്തരീക്ഷം ശാന്തമാക്കിയെങ്കിലും റഫറി കോച്ച് സ്റ്റിമാക്കിന് യെല്ലോ കാര്‍ഡ് സമ്മാനിച്ചിരുന്നു.

മത്സരത്തിന്റെ 81ാം മിനിട്ടില്‍ റഫറി വീണ്ടും ഇഗോര്‍ സ്റ്റിമാക്കിന് ശിക്ഷ നല്‍കി. റെഡ് കാര്‍ഡ് നല്‍കി കോച്ചിനെ പുറത്താക്കുകയായിരുന്നു റഫറി ചെയ്തത്. ടൂര്‍ണമെന്റില്‍ നേരത്തെ ചുവപ്പ് കാര്‍ഡ് വാങ്ങിയ സ്റ്റിമാക് കുവൈത്തിനെതിരായ മത്സരത്തിലും റെഡ് കാര്‍ഡ് നേരിടുകയായിരുന്നു.

കളിയുടെ 88ാം മിനിട്ടിലാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഫൗള്‍ വഴങ്ങിയ സഹലിനെ കുവൈത്ത് പ്രതിരോധ താരം ഹമാദ് അല്‍ ഖലാഫ് പിടിച്ചു തള്ളിയിടുകയായിരുന്നു. നില തെറ്റിയ സഹല്‍ താഴെ വീണതോടെ ഇന്ത്യന്‍ താരങ്ങള്‍ ഖലാഫിനെതിരെ ഓടിയടുത്തു.

സബ്ബായി ഇറങ്ങിയ റഹീം അലി ഓടിയെത്തി ഖലാഫിനെയും തള്ളിയിട്ടതോടെ കാര്യങ്ങള്‍ കുഴഞ്ഞു. കുവൈത്തിന്റെ അഹ്‌മദ് അല്‍ ദെഫിരി റഹീമിനെ തിരിച്ചു തള്ളിയതോടെ കൂടുതല്‍ താരങ്ങള്‍ ഓടിയെത്തുകയും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. ഇതേടെ റഫറി റഹീമിനും ഖലാഫിനും റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു.

ആഡ് ഓണ്‍ സമയത്ത് വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ഇന്ത്യ സമനിലയില്‍ കുരുങ്ങുകയായിരുന്നു.

സാഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ എതിരാളികളുമായി വഴക്കിലേര്‍പ്പെട്ടിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിലും നേപ്പാളിനെതിരായ മത്സരത്തിലും കളിക്കാരുടെ ചൂട് ആരാധകര്‍ അറിഞ്ഞിരുന്നു.

അതേസമയം, ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ജൂലൈ ഒന്നിന് കണ്ഡീരവയയില്‍ നടക്കുന്ന സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Content highlight: Fight between India and Kuwait stars in SAAF Championship group match

We use cookies to give you the best possible experience. Learn more