| Wednesday, 16th May 2018, 6:50 pm

വ്യത്യസ്തമായി അണിനിരക്കുക, ഒരുമിച്ചു ആക്രമിക്കുക

ദിനില്‍ സി.എ

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലമെണ്ണി തുടങ്ങി ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് അനുകൂലമെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നു കണ്ട മറ്റൊരു പ്രധാന വാര്‍ത്ത ഓഹരി വിപണികളില്‍ കുതിപ്പ് തുടങ്ങിയെന്നതായിരുന്നു. ഫിനാന്‍സ് മൂലധനത്തെ അനിയന്ത്രിത വളര്‍ച്ചയിലൂടെ അമിതലാഭം മുണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യവസ്ഥയാണ് മുതലാളിത്തം. ആ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയ ശക്തിയെ അധികാരത്തിലെത്തിക്കുകയെന്നതു അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ സന്തോഷം ഓഹരി വിപണികള്‍ പ്രകടമായതു ചാണക സംഘികള്‍ അഥവാ സങ്കുചിത ദേശീയവാദികള്‍ വിജയിക്കുന്നതു കൊണ്ടല്ല – മറിച്ചു കൂടുതല്‍ ശക്തരായ നിയോലിബറല്‍ ഭരണകൂടം അധികാരത്തില്‍ വരാനുള്ള സാധ്യതയവര്‍ കണ്ടിരുന്നുവെന്നുള്ളതുകൊണ്ടാണ്. തുടര്‍ന്നു ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കുകയില്ലെന്നുള്ള നിലവന്നപ്പോള്‍ വിപണി സൂചിക താഴോട്ടു പോകുന്നതാണ് പിന്നീട് കണ്ടതു. എന്തുകൊണ്ടാണ് സാംസ്‌കാരിക മാത്രാവാദികള്‍ക്കു സമ്പദ്‌വ്യവസ്ഥ സൂചികളിലെ ഇത്തരം മാറ്റങ്ങളെ വിലയിരുത്താന്‍ കഴിയാതെ പോകുന്നതെന്നു അവര്‍ തന്നെ വിലയിരുത്തട്ടെ!

കര്‍ണ്ണാടകയില്‍ ബി.ജെ.പി മുന്നണി അധികാരത്തില്‍ വരുമോയെന്നു കാത്തിരുന്നു കാണാം.

നിലവില്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഇനി 20 സംസ്ഥാനങ്ങളില്‍ ബി.ജെ.പി/എന്‍.ഡി.എ ഭരണത്തിനു കീഴിലാണ്. ലോക്‌സഭക്ക് പുറമേ രാജ്യസഭയിലും അവര്‍ ഭൂരിപക്ഷം നേടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. രാജ്യസഭയില്‍ ബി.ജെ.പി ഒരിക്കലും ഭൂരിപക്ഷം നേടില്ലെന്നും അതുകൊണ്ടു തന്നെ ഇന്ത്യയെ പൂര്‍ണമായി കീഴടക്കാന്‍ കഴിയുകയില്ലെന്നുമുള്ളോരു റിഡക്ഷണിസ്റ്റ് വിശകലനം നേരത്തെ ചിലരെങ്കിലും പങ്കുവെച്ചിരുന്നു.

ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുകയും പ്രവര്‍ത്തനക്ഷമമായതുമായ ബി.ജെ.പി-ആര്‍.എസ്.എസ് കാഡര്‍ ബേസിനെയും അവരുടെ അമിത് ഷായുടെ നേതൃത്വത്തിലുള്ള മാക്രോ-മൈക്രോ ലെവല്‍ മേനെജ്‌മെന്റ് സ്‌കില്ലിനെയും ഗൗരവമായി കാണാതെയുള്ള വിലയിരുത്തലുകളായിരുന്നു പലതും. ഇനിയിത്തരം വിലയിരുത്തലുകളെ സ്വീകരിക്കുവാന്‍ സാധ്യമല്ല. നിലവില്‍ തന്നെ ഈ രാജ്യത്തിന്റെ പ്രസിഡന്റ് ഒരു സംഘപവരിവാറുകാരനാണ്, സംഘപരിവാര്‍ പക്ഷപാദിത്വമുള്ളവരെ പല സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരായി നിയമിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ പാര്‍ലിമെന്ററി സംവിധാനത്തിലെ ഇരുസഭകളിലും (ലോകസഭയിലും, രാജ്യസഭയിലും) ഫാഷിസ്റ്റുകള്‍ ഭൂരിപക്ഷം നേടാന്‍ പോവുകയാണ്. അങ്ങിനെയുണ്ടാകുന്ന പക്ഷം ഇന്ത്യന്‍ ഭരണഘടന ഹിന്ദുത്വ അജണ്ടകള്‍ ഉള്‍കൊള്ളിക്കും വിധം തിരുത്തിയെഴുതപെടുകയും ചെയ്യും. അവകാശ സമരങ്ങളും, ജാതി/ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനും രാജ്യത്ത് ജനാധിപത്യവും ഭരണഘടനാവാഴ്ച നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ രാജ്യത്തിന്റെ ആധുനിക, ലിബറല്‍, മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ഭരണഘടന സംരക്ഷിക്കപെടുക തന്നെ വേണം. ഇവക്കെതിരെ പ്രഖ്യാപിത ലക്ഷ്യമുള്ള ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിറുത്തുന്നതിനുള്ള മാര്‍ഗങ്ങളാരായുകയാണ് അടിയന്തിരമായി പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ ചെയ്യേണ്ടത്.

കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ രാഹുല്‍ തോറ്റു, കോണ്‍ഗ്രസിന്റെ രാഷ്ട്രീയം പണ്ടേ പോലെ ഫലിക്കുന്നില്ല തുടങ്ങിയ ലളിത സമവാക്യങ്ങള്‍ ഉപയോഗിച്ചുള്ള വിലയിരുത്തലിനു ഇനിയെങ്കിലും നില്‍ക്കരുത്. താരതമ്യേന മതേതര സ്വഭാവം കാണിച്ചിരുന്ന ഒരു സര്‍ക്കാര്‍ ആയിരുന്നു കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതെന്നു നാം ഓര്‍ക്കണം. സോഷ്യല്‍ മീഡിയ കാമ്പയിനും മുന്‍ കാലങ്ങളെക്കാള്‍ മെച്ചപെട്ട അവസ്ഥയില്‍ നടക്കുകയുണ്ടായി. എന്നിട്ടുകൂടി വീണ്ടും തെരഞ്ഞെടുക്കപെടാതെ പോയതിന്റെ കാരണങ്ങള്‍ വസ്തുതാപരമായുള്ള വിശകലനത്തിനു തീര്‍ച്ചയായും യോഗ്യമാണ് (വിശദാംശങ്ങള്‍ പുറത്തു വരട്ടെ).

കോണ്‍ഗ്രസിന്റെ വികസന നയങ്ങള്‍ ജനലക്ഷങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ പരിഗണിക്കാത്തതും, മുതലാളിത്ത പക്ഷപാദിത്വമുള്ളതും, നിയോലിബറല്‍ വികസന നയങ്ങളിലൂന്നിയതുമാണെന്നും നാം മറക്കാതിരുന്നുകൂടാ. മൃദു നിയോലിബറലിസത്തിനു തീവ്ര നിയോലിബറലിസത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.

വര്‍ഗ്ഗ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഭജനമാണ് ഇടതുപക്ഷവും X വലതുപക്ഷവും. ഫ്രഞ്ച് വിപ്ലവത്തില്‍ രാജപക്ഷക്കാരും ജനാധിപത്യ പക്ഷക്കാരും തമ്മിലുണ്ടായ ശക്തമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ ചേരികളാണവ. വ്യവസ്ഥാനുകൂലികളായ “മാന്യന്മാര്‍” രാജാവിന്റെ വലതുപക്ഷത്തേക്ക് നീങ്ങിയിരുന്നപ്പോള്‍ നാളതുവരെയുള്ള സ്റ്റാറ്റസ്‌കോയേ ചോദ്യം ചെയ്ത ജനാധിപത്യവാദികള്‍ ഇടതുപക്ഷത്തു നീങ്ങിയിരിക്കുകയായിരുന്നു.

“അമാന്യാന്മാര്‍”, കുത്തിതിരിപ്പുകാര്‍” എന്നെല്ലാം ലേബല്‍ ചെയ്യപെട്ട ഇടതുപക്ഷം ശബ്ദമുഖരിതമായിരുന്നു.. തുടര്‍ന്നിങ്ങോട്ടുള്ള ചരിത്രം വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പക്ഷത്തെ ഇടതുപക്ഷമെന്നു കരുതി പോരുന്നു.

കേരളത്തില്‍ ഈ പക്ഷത്തെ വ്യവസ്ഥാനുകൂലമാക്കി മാറ്റുകയാണ് മുതലാളിത്തത്തിനു ബദലില്ലെന്ന് ഉള്ളാലെ വിശ്വസിക്കുന്ന ഇടതുപക്ഷത്തെ TINA(There Is No Alternative) വാദികള്‍ ചെയ്യുന്നതു. മുതലാളിത്തത്തിന് പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി മുതലാളിത്തത്തിനു തിരിച്ചടികള്‍ ഏറ്റിട്ടില്ലെന്നുള്ള വാദമാണ് ഈ മാന്യന്മാര്‍ക്കുള്ളത്.

വലതുപക്ഷത്തോട് സമരസപെടാന്‍ തീരുമാനിച്ചതും ഇക്കൂട്ടരാണ്. വലതുപക്ഷ സമ്പദ്ഘടനയ്ക്കും, നീതിശാസ്ത്രങ്ങള്‍ക്കും രാഷ്ട്രീയ സ്വീകാര്യത ലഭിക്കുമാറുള്ള ഭരണനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ അവര്‍ ഇടതു-വലതു വേര്‍തിരിവുകള്‍ നേര്‍പ്പിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.

അര്‍ദ്ധ/മൃദു വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന വിജയന്‍ സര്‍ക്കാരിനും സിദ്ധരാമയ്യയുടെ തോല്‍വിയൊരു പാഠമാണ്. കൃഷ്ണജയന്തി ആഘോഷങ്ങള്‍ കൊണ്ടോ, രക്ഷാബന്ധന്‍ മഹോത്സവം കൊണ്ടോ, സവര്‍ണ്ണ സംവരണം കൊണ്ടോ, ഹിന്ദു പാര്‍ലിമെന്റുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടോ, തുറമുഖങ്ങളുടെ സ്വകാര്യവല്‍ക്കരണം കൊണ്ടോ, ലോകബാങ്ക് പദ്ധതികളുടെ മികച്ച നടത്തിപ്പുകാരായി കൊണ്ടോ, കോര്‍പ്പറേറ്റ് മുതലാളിത്തത്തിനു വിടുപണി ചെയ്തുകൊണ്ടോ ബി.ജെ.പിയുടെ തീവ്ര വലതുപക്ഷ/വര്‍ഗീയ രാഷ്ട്രീയത്തെ തളച്ചിടാന്‍ കഴിയുകയില്ല.

വലതുപക്ഷ രാഷ്ട്രീയത്തിന് സമൂഹത്തില്‍ സ്വീകാര്യത നേടികൊടുക്കുന്ന ഒറ്റുകാരന്റെ വേഷമാണ് പിണറായി വിജയനും സി.പി.എമ്മിന്റെ കേരള ഘടകവും അണിഞ്ഞിരിക്കുന്നത്. മതവര്‍ഗീയതയെ മതേതരത്വം കൊണ്ടാണു നേരിടുകയെന്നതു പോലെതന്നെ മുതലാളിത്തത്തിനു ബദലായി സോഷ്യലിസമാണ് ഉയര്‍ത്തിപിടിക്കാനുള്ളത്.

അന്തര്‍ദേശീയ/ദേശീയ രാഷ്ട്രീയം ലളിതമായി മാത്രം വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിസങ്കീര്‍ണ്ണമായ രാഷ്ട്രീയ/സാമ്പത്തിക സാഹചര്യങ്ങളെ സങ്കീര്‍ണ്ണമായേ വിശദീകരിക്കാനും കഴിയൂ. പശു ദേശീയതയെ “അനുഭവത്തില്‍” കൂടി വിലയിരുത്താന്‍ കഴിയുന്ന അതേ സമയത്തു സാമ്രാജ്യത്വ ഇടപെടലുകളെ “അനുഭവപരത”കൊണ്ടു മാത്രം വിലയിരുത്താന്‍ കഴിഞ്ഞെന്നു വരില്ല. അതിനു വസ്തുനിഷ്ഠ സാഹചര്യത്തെ വിശകലനം ആവിശ്യമാണ്.

ലോകമുതലാളിത്തം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദിനങ്ങളില്‍ കൂടിയാണ് നാം കടന്നു പോകുന്നതു. അമേരിക്കയിലും, ഗ്രീസിലും, ബ്രിട്ടനിലും, മിഡില്‍ ഈസ്റ്റിലും, ഇന്ത്യയിലും ഇതു പ്രകടമായി നിലനില്‍ക്കുന്നു. ആറു മാസം കൂടുമ്പോള്‍ മാന്ദ്യപാക്കേജിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കേള്‍ക്കാം. മുതലാളിത്തത്തിന്റെ അനിയന്ത്രിത ലാഭത്തെ തടസപ്പെടുത്തുന്ന ഒന്നാണ് സാമ്പത്തിക മാന്ദ്യങ്ങള്‍. അതേ സമയം തന്നെ മുതലാളിത്ത വ്യവസ്ഥയുടെ കൂടപിറപ്പാണ് ഈ മാന്ദ്യങ്ങള്‍.

മാന്ദ്യകാലത്തെ നഷ്ടത്തെ കുറിച്ചു ചിന്തിക്കാന്‍ കഴിയാത്ത മൂലധന കൊള്ളക്കാര്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങളാണ് മുതലാളിത്ത ഭരണകൂടങ്ങളെക്കാള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു അനുകൂലമെന്ന് കണ്ടെത്തി മൂലധനത്തെ അത്തരം രാജ്യങ്ങളിലേക്ക് ഒഴുക്കുകയായിരുന്നു. ജര്‍മനിയില്‍ ഹോളോകോസ്റ്റ് നിര്‍മ്മിച്ചത് സങ്കുചിത ദേശീയത ഉന്നയിച്ച നാസികള്‍ അല്ലന്നും മറിച്ചു അമേരിക്കന്‍ കോര്‍പ്പറേറ്റ് ഭീമനായിരുന്നു ഐ.ബി.എം ആയിരുന്നുവെന്നതും വസ്തുതയാണ്.

അമേരിക്കന്‍ ഒര്‍ജിനുള്ള കമ്പിനിക്കു ജര്‍മനിയില്‍ ലാഭമുണ്ടാക്കുന്ന ബിസിനസില്‍ ഏര്‍പ്പെടുന്നതും അത്തരമൊരു ബിസിനസില്‍ വിദേശ മൂലധന താല്‍പര്യങ്ങളെ സങ്കുചിത ദേശീയ വാദികള്‍ തടയാത്തതും യാദൃശ്ചികമല്ല. വ്യത്യസ്ത തരത്തിലുള്ള ഏകാധിപത്യ പ്രവണത കാണിക്കുന്ന ഭരണകൂടങ്ങള്‍ മൂലധനം അതിന്റെ വ്യാപനത്തിനു തടസം നേരിടുന്ന കാലത്ത് സൃഷ്ടിക്കപെട്ടതായി കാണാം. തടസങ്ങളില്ലാത്ത മൂലധനത്തിന്റെ വ്യാപനത്തെ എതിര്‍ക്കാത്ത ഭരണകൂടങ്ങളെ അവര്‍ പുല്‍കും.

ഇന്ത്യയില്‍ ഫിനാന്‍സ് മൂലധനം ലക്ഷ്യം വെക്കുന്നതും അതിന്റെ വിസ്തൃതമായ കമ്പോളവും വിഭവങ്ങളും കണ്ടുകൊണ്ടാണ്. വിഭവകൊള്ള നടത്തുന്നതിനു സാമ്പത്തികനയങ്ങള്‍ ഉദാരമാക്കി തങ്ങളെ സഹായിക്കുന്ന ഒരു ഭരണകൂടത്തെ ആഗ്രഹിക്കുന്നുണ്ട്. ബി.ജെ.പി – സംഘപരിവാര്‍ ബ്രിഗേഡിനാണെങ്കില്‍ അധികാരമാണ് ലക്ഷ്യം. മതേതര സോഷ്യലിസ്റ്റ് ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനും തങ്ങളുടെ ആഭ്യന്തര ശത്രുവിനെ ഉന്മൂലനം ചെയ്യുവാനും അവര്‍ക്കു അധികാരം നിലനിറുത്തണം. ഈ രണ്ടു താല്പര്യങ്ങളും പരസ്പരം ഇണചേരുമ്പോള്‍ ജീവനാശകമായ ഒരു ഭരണകൂടം സൃഷ്ടിക്കപെടുന്നു.

ലോകസഭ തെരഞ്ഞെടുപ്പ് 2019ല്‍ ഉണ്ടാകും. ജനപക്ഷത്തു നില്‍ക്കുന്ന ഫലപ്രഥമായോരു പ്രതിപക്ഷം രാജ്യത്തിന്നില്ല. ലോകസഭയും രാജ്യസഭയും ഒരേസമയം കൈപിടിയിലാക്കാനുള്ള സാധ്യതയാണു നിയോ ഫാഷിസ്റ്റുകളായ ബി.ജെ.പിക്കു മുന്നിലുള്ളത്. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ആദ്യം നടപ്പിലാക്കാന്‍ പോകുന്നതു ഇന്ത്യന്‍ റെയില്‍വെയുടെ സ്വകാര്യവല്‍ക്കരണമാകും. കൂടുതല്‍ ജനവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ നിയമം, വനാവകാശ നിയമം അട്ടിമറിക്കല്‍ എന്നിവയെല്ലാം പുറകേവരും.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ തൊഴില്‍ നിയമങ്ങളില്‍ നികൃഷ്ടമായ മാറ്റം വരുത്തി എല്ലാ തൊഴിലും താത്കാലികമെന്ന ഭേദഗതി കൊണ്ടുവന്നു കഴിഞ്ഞു. കാര്‍ഷിക രംഗം കടുത്ത പ്രതിസന്ധിയെ നേരിടുന്നു. നിയോലിബറല്‍ നയങ്ങളുടെ വ്യക്താക്കളായ പുത്തന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും, ലിബറല്‍ ഡെമോക്രാറ്റുകളും ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗത്തിനു അത്തരം ലക്ഷ്വറികളില്ല. ജലത്തിലെ മത്സ്യം പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടും വലതുപക്ഷ സമ്പദ് വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടും ബഹുജന സമരങ്ങള്‍ സംഘടിപ്പിക്കുകയെന്നുള്ള ഉത്തരവാദിത്വമാണ് മുന്നിലുള്ളത്.

ബഹുജന സമരങ്ങളിലൂടെ പ്രതിപക്ഷ ഐക്യമുയര്‍ത്തി കൊണ്ടുവരിക. ചോരചിന്തിയാലും, ജീവന്‍ പോയാലും തൊഴിലാളി വര്‍ഗ്ഗം പിന്നോട്ട് പോവുകയില്ല, പോയ ചരിത്രമില്ല. ഇന്തോനേഷ്യയില്‍ ഇസ്‌ലാമിസ്റ്റുകളും പട്ടാളവും ചേര്‍ന്നു 10 ലക്ഷം കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കിയിട്ടും കമ്യൂണിസ്റ്റുകള്‍ പരാജയവാദം ഭാവിമാര്‍ഗ്ഗമായി സ്വീകരിച്ചില്ല. സോവിയറ്റ് സ്വപ്നങ്ങള്‍ തകര്‍ന്നിട്ടു ലോകത്തു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോ മാര്‍ക്‌സിസ്റ്റുകളോ ഇല്ലാതായിട്ടില്ല. ഭൂമിയില്‍ സമത്വമുണ്ടാകാത്തതുവരെ മാര്‍ക്‌സിസ്റ്റുകളെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇവിടെയും ഭയപെട്ടോടുകയല്ല, സംഘം ചേര്‍ന്ന് തിരിച്ചടിക്കുകയാണ് ചെയ്യാനുള്ളതു.

March separately, but strike together (വ്യത്യസ്ഥമായി അണിനിരക്കുക, ഒരുമിച്ചു ആക്രമിക്കുക) എന്ന പക്രിയയെ പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ കഴിയണം. ഇന്ത്യയിലെ ഇടതുപക്ഷ കക്ഷികളുടെ ഐക്യനിരയുടെ നിര്‍മ്മാണത്തിനൊപ്പം ഇന്നീ ദിവസം മുതലുള്ള രാജ്യത്തിന്റെ മുന്നോട്ടു പോക്കിന് ബി.ജെ.പി വിരുദ്ധ പക്ഷത്തുള്ള പ്രതിപക്ഷ കക്ഷികള്‍ ഐക്യത്തോടെ നീങ്ങേടതുണ്ട്. ഫാഷിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുന്ന രാജ്യത്തെ അതില്‍ നിന്നും മോചിപ്പിക്കേണ്ട ചുമതല നാമോരൊരുത്തര്‍ക്കുമുണ്ട്. അതിനു സ്വാതന്ത്ര്യ സമരകാലത്തു മുഖ്യശത്രുവിനെതിരെ ഒരൊറ്റ ജനതയെന്ന രീതിയില്‍ രാഷ്ട്രീയമായി സംഘടിച്ച മാതൃകയില്‍ (വിവിധ ചേരികളില്‍ നില്‍ക്കുമ്പോള്‍ പോലും നാമൊരുമിച്ചു നീങ്ങിയതുപോലെ) ഇനിയും ഒരുമിച്ചു സമരം ചെയ്യേണ്ടിയിരിക്കുന്നു.

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസും മറ്റു സോഷ്യല്‍ ഡെമോക്രാറ്റുകളും ഇടതുപക്ഷത്തെ (മുഖ്യധാരയില്‍ ഉള്ളതും അല്ലാത്തതുമായ) കേള്‍ക്കേണ്ടതുണ്ട്. കേരളമടക്കം ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയോലിബറല്‍ നയങ്ങളോട് സന്ധിചെയ്യുന്ന ഇടതുപക്ഷം തിരുത്തേണ്ടതുമുണ്ട്. നിയോലിബറല്‍ വികസന കാഴ്ച്ചപാട് ഉപേക്ഷിച്ചു ആസൂത്രണത്തില്‍ ഊന്നിയ സോഷ്യലിസ്റ്റ് രാഷ്ട്രീയം തിരികെ പിടിക്കണം.

“പൊതുമിനിമം പരിപാടിയുടെ” അടിസ്ഥാനത്തിലൊരു പ്രതിപക്ഷ ഐക്യനിര നിര്‍മ്മിക്കുന്നതിനു ഇടതുപാര്‍ട്ടികള്‍ മുന്‍കൈയ്യെടുക്കുമെന്നു കരുതാം. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിനെ പരിപാടിപരമായി നേരിടാന്‍ കഴിവുള്ള രാഷ്ട്രീയ കക്ഷികളായി അവരെ അവശേഷിക്കുന്നുള്ളൂ. (പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലണിനിരക്കാത്ത കേവല പ്രാധിനിത്യമുന്നയിക്കുന്ന കക്ഷികളെ ഫാഷിസ്റ്റുകള്‍ക്കു വിലക്കെടുക്കാന്‍ കഴിയുമെന്ന് ജെ.ഡി.യുവും, ബി.എസ്.പിയും, തൃണമൂല്‍ കോണ്‍ഗ്രസ്സും തെളിയിച്ചിട്ടുള്ളതാണ്)

ലിബറല്‍ ഡെമോക്രാറ്റുകളോ, ആയശവാദികളോ, പരാജയവാദികളോ, സലാം മടക്കുന്ന മാപ്പുസാക്ഷികളോ ഫാഷിസ്റ്റുകളെ തോല്‍പ്പിച്ച ചരിത്രമില്ല. കമ്മ്യൂണിസ്റ്റുകള്‍ തോല്‍പ്പിച്ച ചരിത്രമുണ്ടുതാനും. അതേസമയം ഫാഷിസത്തിനെതിരെയുള്ള സമരമുന്നണിയില്‍ മുകളില്‍ സൂചിപ്പിച്ചവരെ ഉള്‍കൊള്ളിക്കാനുള്ള ബ്രഹത്ത് പദ്ധതി കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാകേണ്ടതുമുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തെയും കര്‍ഷക ജനതയേയും യോജിപ്പിക്കാന്‍ കഴിയുന്നതും, പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളെയും (അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങള്‍), അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും, മറ്റു മതേതര ജാനാധിപത്യ ശക്തികളെയും സ്വാംശീകരിക്കാന്‍ കഴിയുന്നതുമായ രാഷ്ട്രീയ പദ്ധതിയുടെ സത്യസന്ധമായ അവതരണമാകണമത്.

സ്റ്റാലിന്‍ ബ്രിട്ടീഷ്, അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കൊപ്പം

ഫാഷിസത്തിനെതിരെ ഐക്യമുന്നണി റിപ്പോര്‍ട്ട് അംഗീകരിച്ച മൂന്നാം ഇന്റര്‍നാഷണലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സഖാവ് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ലോകമഹായുദ്ധം വിജയിച്ചത് നമുക്കു മുന്നിലുള്ള സുവര്‍ണ്ണ രേഖയാണ്. അന്നാ യുദ്ധം വിജയിച്ചില്ലയിരുന്നെങ്കില്‍ ലോകം ഇന്നീ കാണുന്ന സ്ഥിതിയില്‍ ആകുമായിരിക്കില്ല. ലോകത്തിന്റെയും ഇന്ത്യയുടെ തന്നെയും ചരിത്രം മറ്റൊന്നാകുമായിരുന്നു. “”ചരിത്രമാണ് ന്യായാധിപന്‍, തൊഴിലാളി വര്‍ഗ്ഗമാണ് ആരാച്ചാര്‍”” – ഇതു പറഞ്ഞത് മാര്‍ക്‌സാണ്. ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ആരാച്ചാര്‍ ഇന്ത്യന്‍ ഇടതുപക്ഷമാകട്ടെ. നമുക്കീ സമരം വിജയിക്കേണ്ടതുണ്ട്. ഇടതു X വലതു ചേരികളെ പുന:പ്രതിഷ്ടിക്കേണ്ട സമൂര്‍ത്ത സാഹചര്യം ഇന്ത്യയാവിശ്യപെടുന്നുണ്ട്.

പിന്‍കുറിപ്പ്

ഫാഷിസ്റ്റ് വിരുദ്ധ സമരത്തിനോപ്പം തന്നെ പാര്‍ലിമന്റേതര രംഗത്തെ ബഹുജനപ്രശ്‌നങ്ങളില്‍ സക്രിയമായി ഇടപെടാന്‍ കഴിയുന്ന ഇടതുപക്ഷ കക്ഷികളുടെ ഐക്യമുണ്ടായി വരികയും വേണം.

കേരളത്തില്‍ പിണറായി വിജയന്‍ നടപ്പിലാക്കുന്ന നിയോലിബറല്‍ വികസന നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ ബി.ജെ.പി ഭയത്തിന്റെ മറവില്‍ അവധിക്കു വെക്കേണ്ടതില്ല. കേരളത്തില്‍ ഇരട്ടപ്രതിരോധവും, രാജ്യത്തിന്റെ കാര്യത്തില്‍ ഫാഷിസ്റ്റ് പ്രതിരോധവുമാകണം ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ രാഷ്ട്രീയപരിപാടി.

ദിനില്‍ സി.എ

We use cookies to give you the best possible experience. Learn more