ജഗതി ശ്രീകുമാര്‍; നവരസങ്ങളുടെ അമ്പത് വര്‍ഷങ്ങള്‍
Film News
ജഗതി ശ്രീകുമാര്‍; നവരസങ്ങളുടെ അമ്പത് വര്‍ഷങ്ങള്‍
വി. ജസ്‌ന
Friday, 5th January 2024, 5:08 pm

മലയാളത്തിന്റെ അമ്പിളി ചേട്ടന്‍

1974ല്‍ ഇറങ്ങിയ കന്യാകുമാരി എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയിലെത്തി. 1975ല്‍ ഇറങ്ങിയ പ്രേം നസീര്‍ ചിത്രമായ ചട്ടമ്പി കല്യാണിയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി. ചെയ്യുന്ന ഓരോ കഥാപാത്രത്തിനും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന നടന്‍. ജഗതി ശ്രീകുമാര്‍. മലയാളത്തിന്റെ അമ്പിളി ചേട്ടന്‍.

അമ്പത് വര്‍ഷങ്ങള്‍

അദ്ദേഹത്തിന് ഇന്ന് 73 വയസാകുന്നു. ആദ്യ ചിത്രമായ കന്യാകുമാരിയിലൂടെ സിനിമയില്‍ എത്തിയിട്ട് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിനിടയില്‍ ആയിരത്തി അഞ്ഞൂറിലധികം മലയാള സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിവിധ സിനിമകളിലെ അഭിനയത്തിന് അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. കൂടാതെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും രണ്ടെണ്ണത്തിന് തിരക്കഥ എഴുതുകയും ചെയ്തു.

ഇന്ന് മലയാള സിനിമയില്‍ ആ മുഖം കാണാനില്ലെങ്കിലും ഓരോ മലയാളികളുടെയും മനസില്‍ മായാതെ നില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ഉണ്ട്. നൂറ് കണക്കിന് വേഷങ്ങള്‍ അഭ്രപാളിയിലെത്തിച്ച അദ്ദേഹത്തിന്റെ പത്ത് സിനിമകള്‍ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. എങ്കിലും അദ്ദേഹം അവിസ്മരണീയമാക്കിയ പത്ത് കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കടലാസ് – കാബൂളിവാല

സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമായിരുന്നു കാബൂളിവാല. തെരുവില്‍ ജീവിക്കേണ്ടി വരുന്ന രണ്ടുപേരുടെ കഥ പറഞ്ഞ ചിത്രത്തില്‍ ഇന്നസെന്റിനൊപ്പം ജഗതി ശ്രീകുമാര്‍ മത്സരിച്ച് അഭിനയിച്ചു. കോമഡിയില്‍ തുടങ്ങി ഒടുവില്‍ മലയാളികളെ കരയിച്ച സിനിമയായിരുന്നു അത്. ജഗതിയെ കുറിച്ച് പറയുമ്പോള്‍ കാബൂളിവാലയിലെ കടലാസിനെ ഓര്‍ക്കാതിരിക്കാന്‍ നമുക്ക് പറ്റില്ല.

പച്ചാളം ഭാസി – ഉദയനാണ് താരം

2005ല്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഉദയനാണ് താരം. ചിത്രത്തില്‍ അത്ര വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല പച്ചാളം ഭാസിയുടേത്. എന്നാല്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്‍ തന്റെ അഭിനയം കൊണ്ട് ആ കഥാപാത്രത്തെ ഏറെ ശ്രദ്ധേയനാക്കി മാറ്റി. ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തെ ഓര്‍ക്കാന്‍ നവരസങ്ങളെ കുറിച്ച് പറയുന്ന ഒരു രംഗം തന്നെ ധാരാളമാണ്.

ചേനിച്ചേരി കുറുപ്പ് – ഉറുമി

കോമഡി മാത്രമല്ല തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് ജഗതി തെളിയിച്ച ഒരു സിനിമയാണ് ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചേനിച്ചേരി കുറുപ്പ് എന്ന കഥാപാത്രമായാണ് ജഗതി എത്തിയത്. വന്‍ താരനിര തന്നെ ഉണ്ടായിരുന്ന ഈ ചിത്രത്തിലും തന്റെ അഭിനയ മികവ് കൊണ്ട് മുന്നിട്ട് നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

നിശ്ചല്‍ – കിലുക്കം

ജഗതി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സിനിമകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന സിനിമകളില്‍ ഒന്നാണ് കിലുക്കം. 1991ല്‍ റിലീസായ ചിത്രത്തില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്ന കഥാപാത്രമായാണ് ജഗതിയെത്തിയത്. അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കിലുക്കം. ജഗതിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടികൊടുത്ത ചിത്രം കൂടെയായിരുന്നു ഇത്.

ഉണ്ണിത്താന്‍ ആശാന്‍ – വാസ്തവം

2006ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു വാസ്തവം. പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ജഗതിയുടേത്. ചിത്രത്തില്‍ ഉണ്ണിത്താന്‍ ആശാന്‍ എന്ന അദ്ദേഹത്തിന്റെ കഥാപാത്രം എടുത്തു പറയേണ്ടത് തന്നെയാണ്. എഴുപതുകാരനായ ഉണ്ണിത്താന്‍ ആശാന്‍ എന്ന കഥാപാത്രത്തിലേക്ക് മറ്റൊരാളെ മനസില്‍ കാണാന്‍ കഴിയാത്ത വിധമായിരുന്നു ജഗതിയുടെ അഭിനയം.

സര്‍ദാര്‍ കൃഷ്ണകുറുപ്പ് – മഴ പെയ്യുന്നു മദളം കൊട്ടുന്നു

ജഗതിയുടെ സിനിമകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസിലെത്തുന്ന ഒരു കഥാപാത്രമാണ് സര്‍ദാര്‍ കൃഷ്ണകുറുപ്പ്. മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഴ പെയ്യുന്നു മദളം കൊട്ടുന്നു എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു ഇത്. കുതിരവട്ടം പപ്പുവിന്റെ സര്‍ദാര്‍ കോമകുറുപ്പും ജഗതിയുടെ സര്‍ദാര്‍ കൃഷ്ണകുറുപ്പും ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളായിരുന്നു.

ബഷീര്‍ – അടിക്കുറിപ്പ്

ഓര്‍മ നഷ്ടപ്പെട്ട ബഷീര്‍ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ജഗതി അവതരിപ്പിച്ച ചിത്രമായിരുന്നു അടിക്കുറിപ്പ്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. മമ്മൂട്ടി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ആ കഥാപാത്രത്തെ ചുറ്റിപറ്റിയായിരുന്നു സിനിമ മുന്നോട്ട് പോയിരുന്നത്.

ജോസഫ് – തന്മാത്ര

മലയാളികളെ ഏറെ കരയിച്ച സിനിമകളില്‍ ഒന്നാകും ബ്ലെസിയുടെ തന്മാത്ര. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ജോസഫ് എന്ന കഥാപാത്രമായാണ് ജഗതി എത്തിയത്. ഏറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തിലെ ജഗതിയുടെ കഥാപാത്രം ഓര്‍മിക്കപെടേണ്ടത് തന്നെയാണ്.

അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ – യോദ്ധ

മോഹന്‍ലാല്‍ – ജഗതി കൂട്ടുകെട്ടില്‍ എത്തിയ ചിത്രങ്ങളില്‍ ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് യോദ്ധ. 1992ല്‍ തിയേറ്ററില്‍ എത്തിയ ഈ ചിത്രത്തില്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന ജഗതിയുടെ കഥാപാത്രം മോഹന്‍ലാലിന്റെ തൈപറമ്പില്‍ അശോകനൊപ്പമോ അതിന് മുകളിലോ നില്‍ക്കുന്നത് തന്നെയാണ്.

വിനോദ് – സുഖമോ ദേവി

1986ല്‍ ഇറങ്ങി മോഹന്‍ലാല്‍, ശങ്കര്‍, ഉര്‍വശി, ഗീത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രമാണ് സുഖമോ ദേവി. ചിത്രത്തില്‍ വിനോദ് എന്ന കഥാപാത്രമായാണ് ജഗതി എത്തിയത്. ജഗതിയുടെ ആദ്യകാല സിനിമകളില്‍ ഓര്‍ക്കേണ്ട ഒരു കഥാപാത്രം തന്നെയാണ് വിനോദിന്റേത്.

ജഗതി ശ്രീകുമാര്‍ എന്ന ആ മഹാനടനെ കുറിച്ച് പറയുമ്പോള്‍ ഈ പറഞ്ഞ പത്ത് സിനിമകളോ പത്ത് കഥാപാത്രങ്ങളോ പറഞ്ഞ് നിര്‍ത്താന്‍ നമുക്ക് കഴിയില്ല.

Content Highlight: Fifty years of Jagathy Sreekumar

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ