കോഴിക്കോട്: അമ്പത് കഴിഞ്ഞ നേതാക്കള്‍ പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണമെന്ന് നിയുക്ത മിസോറാം ഗവര്‍ണറും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍പിള്ള.
അധ്യക്ഷനെന്ന നിലയില്‍ കലാവധി പൂര്‍ത്തിയാക്കിയാണ് താന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോകുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പുതിയ തലമുറ നേതൃത്വത്തിലേക്ക് കടന്നുവരണം .കുമ്മനത്തിന്റെ നിയമനവും തന്റെ നിയമനവും താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷന്‍ ആരാകണമെന്ന് പറയുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നാല് ദിവസം മുമ്പ് പ്രധാനന്ത്രി നരേന്ദ്രമോദി വിളിച്ച് കേരളത്തിന് പുറത്തേക്ക് പോകാമോ എന്ന് ചോദിച്ചിരുന്നെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
‘കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച് കേരളത്തിന് പുറത്ത് പോകാമോ എന്ന് ചോദിച്ചു. പക്ഷേ, പോസ്റ്റ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. മുമ്പും ഗവര്‍ണറാക്കാന്‍ ആവശ്യപ്പെട്ട് പ്രൊപ്പോസലുകള്‍ അയച്ചിരുന്നതായി അറിയാം. എല്ലാം നല്ലതിന്’, അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചത്.
കുമ്മനം രാജശേഖരന്‍ രാജി വച്ചതിന് ശേഷം ജഗദീഷ് മുഖിയായിരുന്നു മിസോറാം ഗവര്‍ണര്‍. മിസോറാമിന്റെ പതിനഞ്ചാമത്തെ ഗവര്‍ണറാണ് ശ്രീധരന്‍ പിള്ള. കേരളത്തില്‍നിന്നുള്ള മൂന്നാമത്തെ മിസോറാം ഗവര്‍ണര്‍ കൂടിയാണ് ഇദ്ദേഹം.
നേരത്തെ കുമ്മനം രാജശേഖരനും ബി.ജെ.പി അധ്യക്ഷനായിരിക്കുമ്പോഴായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലപ്പെടുത്തിയത്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒഴിവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മുരളീധരന്‍ പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയതോടെ് ദേശീയ നേതൃത്വം പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നുവരികയുമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video