| Monday, 24th June 2024, 8:22 pm

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പാരസെറ്റമോള്‍ അടക്കമുള്ള അമ്പത് മരുന്നുകള്‍ക്ക് നിലവാരമില്ല; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അമ്പത് ജീവന്‍ രക്ഷാമരുന്നുകള്‍ നിലവാരമില്ലാത്തതാണെന്ന് റിപ്പോര്‍ട്ട്. പാരസെറ്റമോള്‍ അടക്കമുള്ള വിറ്റാമിന്‍, കാല്‍സ്യം ഗുളികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

അമ്പത് മരുന്നുകളില്‍ 22ഉം ഹിമാചല്‍ പ്രദേശിലാണ് ഉത്പാദിപ്പിക്കുന്നത്. സി.ഡി.എസ്.സി.ഒയുടെ കണ്ടെത്തല്‍ പ്രകാരം, സംസ്ഥാന ഡ്രഗ് അതോറിറ്റി ബന്ധപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു. വിതരണം ചെയ്ത മരുന്നുകളുടെ മുഴുവന്‍ ബാച്ചുകളും വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്നാണ് നിര്‍ദേശം.

Also Read: തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്; വിമാനത്തിന് പുറമെ അയോധ്യയിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളും വെട്ടിക്കുറച്ചു

‘നിലവാരമില്ലാത്ത മരുന്നുകളെ കുറിച്ച് സി.ഡി.എസ്.സി.ഒയില്‍ നിന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു. ഇത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ നിരന്തരം അന്വേഷണം നടത്തിക്കൊണ്ടേയിരിക്കും. കോസ്‌മെറ്റിക് ആന്റ് ഡ്രഗ് ആക്ട് പ്രകാരം ക്രമക്കേട് നടത്തിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും,’ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ മനീഷ് കപൂര്‍ വ്യക്തമാക്കി. മരുന്നുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവാരമില്ലാത്ത മരുന്നുകളില്‍ പാരസെറ്റമോള്‍ 500 മില്ലിഗ്രാം, ടെല്‍മിസാര്‍ട്ടന്‍ ആന്റി-ഹൈപ്പര്‍ടെന്‍ഷന്‍ മരുന്ന്, കഫ്റ്റിന്‍ കഫ് സിറപ്പ്, ക്ലോനാസെപാം ഗുളികകള്‍, വേദന വേദന സംഹാരിയായ ഡിക്ലോഫെനാക്, മള്‍ട്ടി വൈറ്റമിനുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്.

Also Read: സർദാർ സരോവർ പദ്ധതി: കുടിയിറക്കപ്പെട്ട ദളിത്, ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാവശ്യപ്പെട്ട് മോദിക്ക് കത്ത്

അതേസമയം തൊണ്ടയിലെ അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദം, കാന്‍സര്‍, ഫംഗസ്-ബാക്ടീരിയ അണുബാധ, അള്‍സര്‍, ചുമ, അലര്‍ജി, അസിഡിറ്റി, ചൊറിച്ചില്‍, പനി എന്നിവയ്ക്കുള്ള മരുന്നുകളാണ് ഹിമാചലില്‍ നിര്‍മിക്കുന്നത്. ഇവ പരിശോധിക്കപ്പെട്ട സാമ്പിളുകളിലും ഉൾപ്പെടുന്നു.

ഇതില്‍ പല മരുന്നുകളും ലേബലില്ലാതെ കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ മരുന്നുകളില്‍ പലതും വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാചലിന് പുറമെ വാഗോഡിയ, ജയ്പൂര്‍, ഹരിദ്വാര്‍, അംബാല, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് സി.ഡി.എസ്.സി.ഒ സാമ്പിളുകള്‍ ശേഖരിച്ചത്.

Also Read: 18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം: ഭരണഘടന ഉയർത്തി ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം

ഇതിനുപുറമെ സാധാരണയായി ഉപയോഗിക്കുന്ന മൈലാഞ്ചി മെഹന്ദിയും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ് റെഗുലേറ്റര്‍ കണ്ടെത്തി. ഇവ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ വിഭാഗത്തിന് കീഴിലുള്ള വ്യവസ്ഥകള്‍ അനുസരിച്ച് തെറ്റായി ബ്രാന്‍ഡ് ചെയ്തവയാണെന്നും ഡ്രഗ് റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിര്‍മിച്ച സിറപ്പുകള്‍ കഴിച്ച് വിദേശത്തുള്ള കുട്ടികള്‍ മരണപ്പെട്ട സംഭവത്തെ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല കര്‍ശന പരിശോധനകള്‍ക്കും നടപടികള്‍ക്കും വിധയമാകുന്നുണ്ട്.

Content Highlight: Fifty life-saving drugs produced in India are of substandard quality, reports say

We use cookies to give you the best possible experience. Learn more