| Monday, 16th April 2012, 9:37 am

യു.ഡി.എഫില്‍ പരസ്പര അവിശ്വാസം; മത-ജാതി വേര്‍തിരിവ് രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസം രൂക്ഷമായ ചേരിപ്പോരിലേക്ക് നീങ്ങുന്നു. അതേസമയം അഞ്ചാം മന്ത്രിയെച്ചൊല്ലി ഉടലെടുത്ത വര്‍ഗ്ഗീയമായ ധ്രുവീകരണം മുമ്പൊന്നുമില്ലാത്ത വിധം സര്‍ക്കാറിനെ വേട്ടയാടുകയാണ്. കെ.പി.സി.സി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ശീതയുദ്ധവും ശക്തമാണ്.

വകുപ്പുമാറ്റവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ചെന്നിത്തലയുടെ നീക്കം അട്ടിമറി ലക്ഷ്യം വെച്ചാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് പ്രതിരോധിക്കാനാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പി.ടി തോമസ് ഇന്നലെ പ്രസ്താവിച്ചത്. കെ.പി.സി.സി നിര്‍വ്വാഹക സമിതി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിഷയത്തില്‍ കെ.മുരളീധരന്‍ നടത്തുന്ന രൂക്ഷമായ പ്രസ്താവനകള്‍ കെ.പി.സി.സി പ്രസിഡന്റ് പദം ലക്ഷ്യം വെച്ചാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

മതവും സമുദായവും തിരിച്ച് സര്‍ക്കാറിലും കോണ്‍ഗ്രസിലും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ മുന്നണിക്ക് ഏറെ ദോഷകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്‌ലിം ലീഗിന് അനര്‍ഹമായത് ലഭിച്ചുവെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിരോധിക്കാന്‍ ലീഗ് രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാറുകളിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്ക് അവതരിപ്പിച്ചുകൊണ്ട് ചില മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍, എന്നിങ്ങിനെ തിരിച്ചുള്ള കണക്കുകള്‍ താഴെത്തട്ടിലെ അണികളില്‍ വരെ വര്‍ഗ്ഗീയ ചിന്തക്ക് വേരോട്ടമുണ്ടാക്കാനേ സഹായിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം മന്ത്രി ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെയുള്ള നിലപാട് ശക്തമായി തുടരുകയാണ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിനുണ്ടായ തോല്‍വി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ആര്യാടന്‍ മലപ്പുറത്ത് പ്രസ്താവിക്കുകയുണ്ടായി. അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്ന് മുസ് ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. മുസ്‌ലിം ലീഗ് അധികമായോ അനര്‍ഹമായോ ഒന്നും നേടിയിട്ടില്ല. സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഒന്നും ലീഗില്‍ നിന്നുണ്ടായിട്ടില്ലെന്നും യോഗം വ്യക്തമാക്കി.

അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലാപം ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പദവികള്‍ക്ക് ഭീഷണിയായിരിക്കയാണ്. ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാന്‍ ചെന്നിത്തല വിഭാഗത്തിന്റെ ശ്രമം നടക്കുമ്പോള്‍ കിട്ടിയ അവസരം മുതലെയുത്ത് കെ.പി.സി.സി നേതൃത്വത്തിലേക്ക് ഉയരാനാണ് കെ.മുരളീധരന്റെ തീരുമാനം. ചെന്നിത്തലക്ക് ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് എന്‍.എസ്.എസ് ആരോപിക്കുമ്പോള്‍ അത് തനിക്ക് കഴിയുമെന്ന് തെളിയിക്കാനാണ് കെ.മുരളീധരന്റെ ശ്രമം.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more