സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍
തിരുവനന്തപുരം: ലീഗിന്റെ അഞ്ചാം മന്ത്രിക്ക് വേണ്ടി അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി ആഭ്യന്തരമൊഴിഞ്ഞ്, മന്ത്രിസഭയില്‍ വകുപ്പുമാറ്റം നടത്തിയെങ്കിലും കോണ്‍ഗ്രസിലും യു.ഡി.എഫിലും കലാപക്കൊടി താഴുന്നില്ല. അഞ്ചാം മന്ത്രിയെ നല്‍കി ലീഗിന് കീഴടങ്ങിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തിക്കഴിഞ്ഞു. ആര്യാടനും കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ.മുരളീധരനും ടി.എന്‍ പ്രതാപനും വി.ഡി സതീശനും ഉള്‍പ്പെടെ പല കോണ്‍ഗ്രസ് എം.എല്‍,എമാരും ഇതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടുമില്ല.
മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവും കോണ്‍ഗ്രസ് ഹൈക്കമാന്റും തീരുമാനിച്ചിട്ടില്ലെന്നാണ് ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. യുക്തമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ രണ്ട് പേരും മാത്രമാണ് തീരുമാനമെടുത്തത്. തന്റെ അഭിപ്രായം കെ.പി.സി.സി യോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ആര്യാടന്‍ പങ്കെടുത്തില്ല. അഞ്ചാം മന്ത്രി കോണ്‍ഗ്രസിന് ദോഷം ചെയ്യും. ആര് എതിര്‍ത്താലും ഇക്കാര്യം ഞാന്‍ പാര്‍ട്ടിയില്‍ പറയുമെന്നും ആര്യാടന്‍ പറഞ്ഞു.
മന്ത്രമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധം മൂലമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തീരുമാനം കെ.പി.സി.സി യോഗത്തിലല്ല എടുത്തത്. അടിയന്തിരമായി കെ.പി.സി.സി വിളിച്ചു ചേര്‍ക്കണമെന്ന് കെ.സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം എതിര്‍പ്പുമായി ആര്‍.ബാലകൃഷ്ണപ്പിള്ളയും രംഗത്തെത്തിയിട്ടുണ്ട്. തന്നോട് ആലോചിക്കാതെയാണ് അഞ്ചാം മന്ത്രിയെ നിശ്ചയിച്ചതെന്നും കോണ്‍ഗ്രസും ലീഗും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധം തണുപ്പിക്കാന്‍ ഇപ്പോള്‍ കൊണ്ടുവന്ന വകുപ്പുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ അഞ്ചാം മന്ത്രിക്ക് കോണ്‍ഗ്രസ് പല ഫോര്‍മുലകളും മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറാവേണ്ടെന്നായിരുന്നു ലീഗ് നിലപാട്. ചെന്നിത്തല ദല്‍ഹിയില്‍ നിന്നെത്തി ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇ.ടി മുഹമ്മദ് ബഷീര്‍ കര്‍ശനമായ നിലപാടെടുത്തതോടെ കോണ്‍ഗ്രസിന് വഴങ്ങേണ്ടി വരികയായിരുന്നു. ഇതെ തുടര്‍ന്ന് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പുമാറ്റമെന്ന തീരുമാനമുണ്ടായത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. എന്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വി.എസ് ശിവകുമാറിന് ആരോഗ്യം നല്‍കിയതും ഈ പരിഗണന വെച്ചാണ്. എസ്.എന്‍.ഡി.പിയുമായി നല്ല ബന്ധത്തിലുള്ള അടൂര്‍ പ്രകാശിന് റവന്യൂവകുപ്പ് നല്‍കിയതോടെ അവരുടെ പ്രതിഷേധവും കുറയ്ക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. പ്രതിഷേധമുയര്‍ത്തിയ ആര്യാടനെ തണുപ്പിക്കാനാണ് നിലവിലെ ഊര്‍ജ്ജ വകുപ്പിനൊപ്പം ഗതാഗതവും നല്‍കിയതെന്ന് വ്യക്തമാണ്.
എന്നാല്‍ ഇതെല്ലാം “തറ” പരിപാടികളാണെന്നും “ചെപ്പടി വിദ്യ”യാണെന്നും ആരോപിച്ച് വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും രംഗത്തെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്ന എം.എല്‍.മാര്‍ ചേര്‍ന്ന് മറ്റൊരു ഗ്രൂപ്പുണ്ടാക്കുമോയെന്ന ഭയവും കോണ്‍ഗ്രസ്സിനുണ്ട്.