2024 ഫിഫ്‌പ്രോ വേള്‍ഡ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിക്കാതെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പ്രൊഫഷണല്‍ താരങ്ങള്‍ക്കിടയില്‍ ഗ്ലോബല്‍ പ്ലയേഴ്‌സ് യൂണിയനായ ഫിഫ്‌പ്രോ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വേള്‍ഡ് ഇലവന്‍ തെരഞ്ഞെടുത്തത്.
ടീമിലെ ഓരോ പൊസിഷനിലേക്കും വിവിധ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക ഫിഫ്‌പ്രോ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഗോള്‍ കീപ്പര്‍മാരായി മൂന്ന് പേരും ഡിഫന്‍ഡര്‍മാരായി ഏഴ് താരങ്ങളും ഉള്‍പ്പെടെ ഓരോ പൊസിഷനിലേക്കുമായി 26 താരങ്ങളുടെ ചുരുക്കപ്പെട്ടികയാണ് ഫിഫ്‌പ്രോ നേരത്തെ പുറത്തുവിട്ടത്. ഇതില്‍ നിന്നുമാണ് വോട്ടെടുപ്പിലൂടെ വേള്‍ഡ് ഇലവന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ടീമില്‍ പകുതിയിലധികം താരങ്ങളും റയലില്‍ നിന്നുള്ളവരാണ്. ഗോള്‍കീപ്പര്‍ അടക്കം ആറ് താരങ്ങളാണ് സാന്‍ ഡിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നും ഫിഫ്‌പ്രോ ഇലവന്റെ ഭാഗമായത്. നാല് താരങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ടീമിന്റെ ഭാഗമായപ്പോള്‍ ലിവര്‍പൂളില്‍ നിന്നാണ് ശേഷിച്ച താരമെത്തിയത്.
റയലിന്റെ ബ്രസീലിയന്‍ ഷോട്ട് സ്‌റ്റോപ്പര്‍ എഡേഴ്‌സണാണ് ടീമിന്റെ ഗോള്‍ കീപ്പര്‍. ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എമിലിയാനോ മാര്‍ട്ടീനസ്, ജര്‍മന്‍ ഇതിഹാസം മാനുവല്‍ നൂയര്‍ എന്നിവരെ മറിടകന്നാണ് എഡേഴ്‌സണ്‍ ഒന്നാമതെത്തിയത്.
പ്രതിരോധ ഭടന്‍മാരായി അന്റോണിയോ റൂഡിഗറിനൊപ്പം ഡാനി കാര്‍വഹാലും വിര്‍ജില്‍ വാന്‍ ജിക്കുമെത്തുമ്പോള്‍ മധ്യനിരയില്‍ കെവിന്‍ ഡി ബ്രൂയ്‌ന, ജൂഡ് ബെല്ലിങ്ഹാം, 2024ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ റോഡ്രി എന്നിവര്‍ക്കൊപ്പം ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസും ഇടം നേടി.
എര്‍ലിങ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ടീമിന്റെ മുന്നേറ്റ നിരയിലുള്ളത്.
അതേസമയം, സൂപ്പര്‍ താരം മെസിയും റൊണാള്‍ഡോക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. നേരത്തെ പുറത്തുവന്ന 26 താരങ്ങളുടെ ചുരുക്കപ്പെട്ടികയില്‍ യൂറോപ്പിന് പുറത്തുള്ള രണ്ട് താരങ്ങളും ഇവര്‍ മാത്രമായിരുന്നു.
എഡേഴ്‌സണ്‍ – ഗോള്‍കീപ്പര്‍ (റയല്‍ മാഡ്രിഡ്, ബ്രസീല്‍)
ഡാനി കാര്‍വഹാല്‍ (റയല്‍ മാഡ്രിഡ്, സ്‌പെയ്ന്‍)
അന്റോണിയോ റൂഡിഗര്‍ (റയല്‍ മാഡ്രിഡ്, ഫ്രാന്‍സ്)
വിര്‍ജില്‍ വാന്‍ ജിക്ക് (ലിവര്‍പൂള്‍, നെതര്‍ഡലന്‍ഡ്‌സ്)
കെവിന്‍ ഡി ബ്രൂയ്‌ന (മാഞ്ചസ്റ്റര്‍ സിറ്റി, ബെല്‍ജിയം)
റോഡ്രി (റയല്‍ മാഡ്രിഡ്, സ്‌പെയ്ന്‍)
ടോണി ക്രൂസ് (റയല്‍ മാഡ്രിഡ്, ജര്‍മനി)
ജൂഡ് ബെല്ലിങ്ഹാം (റയല്‍ മാഡ്രിഡ്, ഇംഗ്ലണ്ട്)
കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്/പി.എസ്.ജി, ഫ്രാന്‍സ്)
എര്‍ലിങ് ഹാലണ്ട് (മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വേ)
വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്, ബ്രസീല്‍)
ഇതിനൊപ്പം വനിതാ താരങ്ങളുടെ ഇലവനും ഫിഫ്‌പ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷ ടീമിന് സമാനമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നും 7,000ഓളം താരങ്ങള്‍ ചേര്‍ന്നാണ് ഈ ഇലവനെ തെരഞ്ഞെടുത്തത്.
മേരി ഇയര്‍പ്‌സ് – ഗോള്‍കീപ്പര്‍ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്/പി.എസ്.ജി, ഇംഗ്ലണ്ട്)
ലൂസി ബ്രോണ്‍സ് (ബാഴ്സലോണ/ചെല്‍സി, ഇംഗ്ലണ്ട്)
അലക്സ് ഗ്രീന്‍വുഡ് (മാഞ്ചസ്റ്റര്‍ സിറ്റി, ഇംഗ്ലണ്ട്)
ഓള്‍ഗ കാര്‍മോണ (റയല്‍ മാഡ്രിഡ്, സ്പെയ്ന്‍)
ഐറ്റാന ബോണ്‍മാറ്റി (ബാഴ്‌സലോണ, സ്‌പെയിന്‍)
കെരിയ വാല്‍ഷ് (ബാഴ്സലോണ, ഇംഗ്ലണ്ട്)
അലക്‌സിയ പുറ്റെയാസ് (ബാഴ്‌സലോണ, സ്‌പെയ്ന്‍)
ലിന്‍ഡ കൈസെഡോ (റയല്‍ മാഡ്രിഡ്, കൊളംബിയ)
മാര്‍ത്ത (ഓര്‍ലാന്‍ഡോ പ്രൈഡ്, ബ്രസീല്‍)
ലോറന്‍ ജെയിംസ് (ചെല്‍സി, ഇംഗ്ലണ്ട്)
ബാര്‍ബ്ര ബാന്‍ഡ (ഷാങ്ഹായ് ഷെംഗ്ലി/ഒര്‍ലാന്‍ഡോ പ്രൈഡ്, സാംബിയ)
Content highlight: FIFPRO announces World XI