ലോകക്കപ്പാവേശത്തില്‍ ഇതിനകം തന്നെ പൂര്‍ണ്ണമായും മുങ്ങിയമര്‍ന്ന മലപ്പുറത്തെ ഒരു നാട്ടുമ്പുറത്തുയര്‍ന്ന ഫ്‌ളെക്‌സ് ബോര്‍ഡിലെ ചിത്രീകരണമാണിത്. ഇരുപതാം ലോകക്കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ എതിരിടാനൊരുങ്ങുന്ന ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളെ ഏറെക്കുറെ ശരിയാണീ വാക്കുകള്‍. ഫുട്‌ബോള്‍ പാരമ്പര്യമോ , ലോകകപ്പ ചരിത്രമോ പരിശോധിച്ചാല്‍ ബ്രസീലിന്റെ ഏഴയലത്ത് പോലും വരില്ല ക്രെയേഷ്യയുടെ നേട്ടങ്ങള്‍.
മാച്ച് പ്രിവ്യൂ / വിബീഷ് വിക്രം
[]അസാമാന്യ തലയെടുപ്പോടു കൂടിയ ഒരു ഗജവീരന്‍. യുദ്ധക്കളത്തില്‍ എതിരിടാനൊരുങ്ങി നില്‍ക്കുന്ന വലിയ സൈന്യത്തിനെ ഒറ്റയ്ക്ക് നാമാവശേഷമാക്കാനൊരുങ്ങിയ മട്ടിലാണ് അതിന്റെ നില്‍പ്പ്. വലിയ ചെവികള്‍. നീണ്ട് വളഞ്ഞ് നില്‍ക്കുന്ന കൊമ്പുകള്‍. വീതിയേറിയ മസ്തകത്തില്‍ മഞ്ഞയും പച്ചയും നീലയും നിറത്തിലുള്ള ബ്രസീലിയന്‍ പതാക മുദ്രണം ചെയ്തിട്ടുണ്ട്.
അതിന് മുകളില്‍ മഞ്ഞ ജഴ്‌സിയണിഞ്ഞ് ആക്രോശത്തോടെ അമര്‍ന്നിരിക്കുന്നു ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മര്‍. തൊട്ടു താഴെ ചുമപ്പ് നിറത്തില്‍ സാമാന്യം വലിപ്പത്തില്‍ ഒരു താക്കീത് പോലെ എഴുതി വച്ചിരിക്കുന്നു. തനി മലപ്പുറം സ്റ്റൈലില്‍ “മക്കളേ ..മുട്ടാന്‍ നിക്കണ്ട, മുട്ടോളം എത്തൂല”.
ലോകക്കപ്പാവേശത്തില്‍ ഇതിനകം തന്നെ പൂര്‍ണ്ണമായും മുങ്ങിയമര്‍ന്ന മലപ്പുറത്തെ ഒരു നാട്ടുമ്പുറത്തുയര്‍ന്ന ഫ്‌ളെക്‌സ് ബോര്‍ഡിലെ ചിത്രീകരണമാണിത്. ഇരുപതാം ലോകക്കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ എതിരിടാനൊരുങ്ങുന്ന ക്രൊയോഷ്യ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ശരിയാണീ വാക്കുകള്‍.
ഫുട്‌ബോള്‍ പാരമ്പര്യമോ , ലോകകപ്പ ചരിത്രമോ പരിശോധിച്ചാല്‍ ബ്രസീലിന്റെ ഏഴയലത്ത് പോലും വരില്ല ക്രെയേഷ്യയുടെ നേട്ടങ്ങള്‍. ഇക്കാര്യങ്ങളിലൊക്കെ ബ്രസീലിന്റെ മുട്ടോളം പോയിട്ട് കാല്‍പാദം വരെ പോലും എത്തില്ല ക്രൊയോഷ്യ.
ഡാവന്‍ സൂക്കറെന്ന സ്‌ട്രൈക്കറുടെ ഫിനിഷിംഗ് മികവില്‍ 1998ലെ ലോകക്കപ്പില്‍ മൂന്നാം സ്ഥാനം നേടിയതാണ് ക്രൊയോഷ്യയുടെ വലിയ നേട്ടം. അതവരുടെ അരങ്ങേറ്റ ലോകക്കപ്പായിരുന്നു. പിന്നീട് രണ്ട ലോകക്കപ്പിന് കൂടി ക്രെയേഷ്യയെത്തി. എന്നാല്‍ ആദ്യ നേട്ടത്തിന് അടുത്തെങ്ങുമെത്താന്‍ അവര്‍ക്കായില്ല.
ഇത്തവണയും വലിയ മുന്നേറ്റം നടത്താന്‍ ക്രെയേഷ്യക്കാവുമെന്ന് കരുതാനാവില്ല. കോച്ച് നിക്കോ കോവാക്കിന്റെ വാക്കുകളില്‍ തന്നെ ഇത് വ്യക്തമാണ്. ടീമിന്റെ പ്രകടനത്തെ കുറിച്ച് എന്തെങ്കിലും പ്രവചനങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ കോച്ച് ഒരുക്കമല്ല. അതേസമയം സംഘശക്തിയില്‍ അഭ്ഭുതങ്ങള്‍ വിരിയിക്കാമെന്നും കോച്ച് പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു.
മിക്കവാറും 4-2-3-1 എന്ന ഫോര്‍മേഷനിലാവും ക്രൊയോഷ്യ ഇറങ്ങുക. മുന്നേറ്റ നിരയില്‍ ബയേണ്‍ മ്യൂണിക്കിന്റെ മരിയോ മാന്‍സുക്കിച്ചിന് കളിക്കാനാവില്ലെന്നത് ക്രൊയോഷ്യക്ക തിരിച്ചടിയാവും. ഐസലന്‍ഡിനെതിരായ പ്ലെ ഓഫ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതാണ് താരത്തിന് വിനയായത്.
വെറ്ററന്‍ താരം ഇവിക ഒലിച്ചോ യുവതാരം എഡ്വോര്‍ഡാ ഡാ സില്‍വയോ ഒറ്റ സ്‌ട്രൈക്കറായേക്കും. സെവിയ്യക്കായി തിളങ്ങിയ ഇവാന്‍ റിക്കിറ്റിച്ചിനായിരിക്കും പ്ലെ മേക്കറുടെ ചുമതല. രണ്ട് വിങ്ങുകളിലുമായി മത്തേയോ കോവാസിച്ചും ഇവാന്‍ പെരിസിച്ചും അണിനിരന്നേക്കും.
റയലിന്റെ ലൂക്കോ മാഡ്രിച്ചിനെയും വുക്കോജെവിച്ചിനെയുമായിരിക്കും മിക്കവാറും കോച്ച ഡിഫന്‍സീവ് മധ്യനിരയില്‍ കളിപ്പിച്ചേക്കുക. ഡാനിയല്‍ പ്രാനിച്ച്, ഡയാന്‍ ലവ്‌റേന്‍, ഡാരിയോ സര്‍ന, വെര്‍ദന്‍ കൊര്‍ലൂക്ക എന്നിവര്‍ക്കായിരിക്കും പ്രതിരോധ ചുമതല. ബാറിന് കീഴില്‍ പ്രായം 35 ആയെങ്കിലും നൂറിലധികം മത്സരങ്ങക്കായി ഗ്ലൗസ്സണിഞ്ഞ സ്റ്റിഫെ പ്ലെറ്റിക്കോസയും.
ലോകക്കപ്പ് പോലൊരു വലിയ വേദിയില്‍ പോരിനായി ഇറങ്ങുമ്പോള്‍ കളിക്കാര്‍ക്കുണ്ടാവുന്ന മത്സരസമ്മര്‍ദ്ദം ചെറുതൊന്നുമായിരിക്കില്ല. മത്സരഗതിയെ തന്നെ കാര്യമായി സ്വാധീനിക്കുന്ന ഘടകം. നഷ്ടപ്പെടാനൊന്നുമില്ലാത്തവര്‍ക്ക് അതിത്തിരി കുറവായിരിക് കും. നേട്ടങ്ങളാവര്‍ത്തിക്കാന്‍ ഒരുങ്ങിയെത്തുന്നവര്‍ക്ക് ഇത്തിരി കൂടുതലും.
ആതിഥേയരും അഞ്ച്തവണ ലോകചാമ്പ്യന്മാരുമായ ബ്രസീലിനെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ ക്രൊയോഷ്യക്ക് ആകെ കൈമുതലായുള്ളതും നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവാണ്. അതില്‍ നിന്നുള്‍ക്കൊള്ളുന്ന ഊര്‍ജ്ജത്തില്‍ ഒരട്ടിമറിവിജയം സ്വപ്‌നം കാണുന്നു അവര്‍.