ഉറങ്ങുന്ന ഭീമന്മാര്‍ ഉണര്‍ന്നു! നൂറഴകില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍; 21 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ ഇന്ത്യ
Daily News
ഉറങ്ങുന്ന ഭീമന്മാര്‍ ഉണര്‍ന്നു! നൂറഴകില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍; 21 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2017, 4:42 pm

ജനീവ: ഇന്ത്യന്‍ ഫുട്‌ബോള്‍ 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍. ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമതാണ്. തുടര്‍ച്ചയായി ലാവോസ്(രണ്ട് തവണ), ഭൂട്ടാന്‍,പ്യൂട്ടോറിക്കോ, കംബോഡിയ, മ്യാന്‍മാര്‍ എന്നിവരുമായുള്ള വിജയമാണ് പുതിയ റാങ്കിംഗിന് ഇന്ത്യയെ സഹായിച്ചത്.

സ്റ്റിവന്‍ കോണ്‍സ്‌റ്റൈന്റെ കീഴില്‍ തുടര്‍ച്ചയായ ആറ് വിജയവും മലാവിക്ക് മഡഗാസ്‌കറിനോടേറ്റ അപ്രതീക്ഷിത പരാജയവുമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം. 101 ാമതായിരുന്ന ഇന്ത്യ ഇതോടെ നൂറാമതെത്തി.

ഐ.എസ്.എല്‍ ന്റെ തുടക്കത്തോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പുതിയ ഉണര്‍വിലെത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് ഐ.എസ്.എല്‍ ആരംഭിച്ചതോടെ 135ല്‍ നിന്നും വന്‍ മുന്നേറ്റമാണ് നടത്തിയത്. ഐ.എസ്.എല്ലിന് മുന്‍പ് ഫിഫ ഇന്ത്യയെ വിശേഷിപ്പിച്ചത് ഉറങ്ങുന്ന ഭീമന്മാര്‍ എന്നായിരുന്നു.

വളരെയധികം സന്തോഷവാനാണെന്നും നമ്മള്‍ ശരിയായ ദിശയിലാണെന്നും ഇന്ത്യയുടെ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. വലിയ മത്സരങ്ങളുണ്ടെന്നും ആഘോഷിക്കാന്‍ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം ഇന്ത്യക്ക് മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജൂണില്‍ ലെബനാനും കിര്‍ഗിസ്ഥാനുമെതിരെ ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങളുണ്ട്.


Also Read:‘ഷാരൂഖ് അബ്‌റാമിന്റെ സ്‌കൂളില്‍’; ആരാധകന്‍ പകര്‍ത്തിയ ചിത്രവും കിംഗ് ഖാന്റെ മറുപടിയും വൈറലാകുന്നു


ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ ശകതമായ പരീക്ഷണമാണ്. ഇനിയും മുന്നോട്ട് പോവാനുണ്ടെന്നും ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.