| Friday, 29th June 2018, 1:44 am

40 വര്‍ഷത്തിനിടെ ആദ്യ ലോകകപ്പ് ജയം; പാനമയെ തകര്‍ത്ത് ടുണീഷ്യയ്ക്ക് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

മൊര്‍ഡോവിയ: റഷ്യ ലോകകപ്പില്‍ ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ പാനമയ്‌ക്കെതിരെ ടുണീഷ്യയ്ക്ക് ജയം. ഒന്നനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടൂണിഷ്യ വിജയം നേടിയത്. 40 വര്‍ഷത്തിനിടെ ആദ്യ ലോകകപ്പ് വിജയമാണ് ടുണീഷ്യ നേടിയത്.

ആദ്യ പകുതിയില്‍ മെറിയയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു പാനമയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ്, വഹാബി ഖാസ്രി എന്നിവരുടെ ബുട്ടില്‍ നിന്നായിരുന്നു വിജയ ഗോള്‍ പിറന്നത്.

അവസാന മിനറ്റില്‍ പാനമ പ്രതിരോധത്തെ ഭേദിച്ച് ബോക്സിനുള്ളിലെത്തി ഔസമ ഹദാദി വെച്ചുനീട്ടിയ പാസ് വഹാബി ഖാസ്രി വലയിലെത്തിക്കുകയായിരുന്നു.

ടീം വര്‍ക്കില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ ബോക്സിനുള്ളിലേക്ക് വഹാബി ഖസ്രി നല്‍കിയ പാസ് പോസ്റ്റിലേക്ക് തട്ടിയിട്ട ബെന്‍ യൂസഫാണ് ഗോള്‍ മടക്കിയത്.

33-ാം മിനിറ്റില്‍ ടുണീഷ്യ നല്‍കിയ സെല്‍ഫ് ഗോളിലാണ് പാനമ ലീഡ് പിടിച്ചത്. ടുണീഷ്യന്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ടോറസിന്റെ പാസില്‍ ലൂയിസ് റോഡ്രിഗസ് തൊടുത്ത ഷോട്ട് മെറിയയുടെ ദേഹത്ത് തട്ടി ഗതി മാറി പോസ്റ്റിലെത്തുകയായിരുന്നു. സ്വന്തം പിഴവില്‍ പാനമയ്ക്ക് ലീഡ് നല്‍കിയെങ്കിലും ആദ്യ 45 മിനിറ്റും കളിയില്‍ ആധിപത്യം ടുണീഷ്യക്കായിരുന്നു.

ഇന്നത്തെ മത്സരത്തോടെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ജൂണ്‍ 30നാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അര്‍ജന്റീന-ഫ്രാന്‍സ് മത്സരമാണ് ആദ്യം നടക്കുക.

We use cookies to give you the best possible experience. Learn more