ലുഷ്നികി: ലോകകപ്പിലെ ഫ്രാന്‍സ് ക്രൊയേഷ്യ ഫൈനല്‍ പോരാട്ടത്തിനിടെ ഗ്രൗണ്ടിലേയ്ക്ക് അതിക്രമിച്ചുകയറി പ്രതിഷേധക്കാര്‍. മത്സരത്തിന്റെ അമ്പത്തിരണ്ടാം മിനിറ്റിലാണ് ഏവരെയും അമ്പരപ്പിച്ച് നാലു പേര്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയത്. പുസി റയട്ട് എന്ന സംഘടനയിലെ അംഗങ്ങളായ നാലു പേരാണ് സെക്യുരിറ്റിയെ പോലും വക വെക്കാതെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.
എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ അന്തം വിട്ട നിമിഷങ്ങള്‍. പിന്നീട് ഇവരെ സുരക്ഷാ ഭടന്മാര്‍ ഓടിച്ചിട്ട് പിടിച്ച് കൊണ്ടുപോവുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ഗ്രൗണ്ട് കൈയേറിയത്.
എന്നാല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രതിഷേധമായിരുന്നു അത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, സോഷ്യല്‍ മീഡിയയില്‍ ലൈക്കടിച്ചതിന്റെ പേരില്‍ ആളുകളെ ജയിലില്‍ ഇടാതിരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളുടെ പേരില്‍ ആളുകളെ അനധികൃതമായി ജയിലില്‍ അടയ്ക്കാതിരിക്കുക, റഷ്യയില്‍ രാഷ്ട്രീയ മത്സരം അനുവദിക്കുക, ആളുകളെ കള്ളക്കേസുകള്‍ ഉണ്ടാക്കി ജയിലില്‍ അടയ്ക്കാതിരിക്കുക തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
തങ്ങളുടെ അംഗങ്ങള്‍ ഗ്രൗണ്ടില്‍ കയറി പ്രതിഷേധിക്കുന്ന കാര്യം “പുസി റയട്ട്” സംഘടന നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ആറു വര്‍ഷം മുന്‍പ് മോസ്‌ക്കോയിലെ ഒരു പള്ളിയില്‍ കയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ സംഘടനയെ കുറിച്ച് ലോകമറിഞ്ഞത്.
അതേസമയം ഒരു മാസം നീണ്ട ലോക കാല്‍പ്പന്താരവത്തിന് ഫ്രാന്‍സിന്റെ കിരീടധാരണത്തോടെ ഇന്നലെ അന്ത്യം കുറിച്ചു. ലുഷ്‌കിനിയിലെ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി, ലോകകപ്പെന്ന ക്രൊയേഷ്യയുടെ സ്വപ്നം ദിദിയര്‍ ദെഷാംപ്സിന്റെ കുട്ടികള്‍ തല്ലിക്കെടുത്തി.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ലോകജേതാക്കളായത്. 2006 ല്‍ സിനദിന്‍ സിദാന്‍ ചുണ്ടോളം കൊണ്ടുവന്നെത്തിച്ച കപ്പില്‍ ദെഷാംപിന്റെ യുവനിര മുത്തമിട്ടു. കളിക്കാരനായും പരിശീലകനായും ലോകകിരീടമെന്ന നേട്ടം ദിദിയര്‍ ദെഷാംപ്സ് സ്വന്തമാക്കി.