| Tuesday, 26th June 2018, 6:02 pm

ആ പിഴ ഞങ്ങള്‍ അടക്കും; ഗോളാഘോഷത്തിന് സ്വിസ് താരങ്ങള്‍ക്ക് ചുമത്തിയ പിഴ തങ്ങള്‍ അടക്കുമെന്ന് കൊസോവോ

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: സെര്‍ബിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടയില്‍ നടത്തിയ ഗോള്‍ ആഘോഷത്തിന് മൂന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ക്ക് ഫിഫ ചുമത്തിയ പിഴ തങ്ങള്‍ അടക്കുമെന്ന് കോസോവോ. ഷെര്‍ദാന്‍ ഷാക്കിരി, ഗ്രാനിറ്റ് ഷാക്ക, ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലിച്ചന്‍സ്റ്റെയ്നര്‍ എന്നിവര്‍ക്കാണ് ഫിഫ പിഴയിട്ടത്. കൊസോവ രാജ്യത്ത് നിന്ന് സെര്‍ബിയന്‍ ആക്രമണം കാരണം സ്വിറ്റ്‌സര്‍ലാന്റിലേക്ക് പലായനം ചെയ്യപ്പെട്ട താരങ്ങള്‍ക്കായിരുന്നു പിഴ വിധിച്ചത്.

ഞങ്ങളോടുള്ള സ്‌നേഹം കാരണം വന്ന പിഴ തങ്ങള്‍ അടക്കും എന്നാണ് കൊസോവ പറയുന്നത്. ഇന്നലെ ഓണ്‍ലൈനായി ആരംഭിച്ച ഫണ്ട് ശേഖരണം ഒരു ദിവസം ആകും മുമ്പ് തന്നെ 12000 ഡോളറില്‍ എത്തി.


Read Also : ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തിയ പെനാൽറ്റി ഓർമ്മിപ്പിക്കുന്ന മറ്റൊരു പെനാൽറ്റി; ഫുട്ബോൾ മാന്യതയുടേത് കൂടെയാണ്


കൊസോവോ വ്യവസായ മന്ത്രി ബജ്‌റാം ഹസാനി തന്റെ ശമ്പളമായ 1500 ഡോളറും ഇതിനായി സംഭാവന ചെയ്തു. ഷാക്കിരിയും ഷാക്കയും തന്ന സന്തോഷത്തിനൊപ്പം എത്താന്‍ ഒരു പണത്തിനും കഴിയില്ല എന്ന് ഹസാനി പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന് അമ്പത്തിനാലായിരം ഫ്രാങ്കും പിഴയിട്ടിട്ടുണ്ട്. സ്വിസ് ആരാധകര്‍ ഉണ്ടാക്കിയ ബഹളത്തിനും രാഷ്ട്രീയവും നിന്ദ്യവുമായ സന്ദേശങ്ങള്‍ കാണിച്ചു എന്നാരോപിച്ച് സെര്‍ബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിലായിരുന്നു നടപടി.

കൈകള്‍ നെഞ്ചില്‍ പിണച്ചുവെച്ച് തള്ളവിരലുകള്‍ കൂട്ടിമുട്ടിച്ചായിരുന്നു ഇരുവരുടെയും ഗോള്‍ ആഘോഷം. അല്‍ബേനിയന്‍ ദേശീയ പതാകയിലെ ഇരട്ടത്തലയുള്ള കഴുകന്‍മാരെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ചിഹ്നം. സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് കൊസോവ.

സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ കൊസോവ വംശജരാണ് ഷാക്കിരിയും ഷാക്കയും. 2008-ല്‍ തങ്ങളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ പഴയ പ്രവിശ്യയായ കൊസോവയെ സെര്‍ബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. സെര്‍ബിയയുംകൂടി ഉള്‍പ്പെട്ട പഴയ യുഗോസ്ലാവ്യന്‍ ഭരണകൂടത്തിനെതിരെ കൊസോവോന്‍ വംശജര്‍ 1998, 99 കാലഘട്ടത്തില്‍ നടത്തിയ യുദ്ധത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടുമില്ല.

അവര്‍ക്കിടയിലെ സംഘര്‍ഷം തുടരുന്നുണ്ട്. ഈ യുദ്ധത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരാണ് ഷാക്കിരിയുടെയും സ്വിസ് ടീമിലെ മറ്റൊരംഗമായ വാലണ്‍ ബെഹ്രാമിയുടെയും കുടുംബം. വീടും കുടിയും നഷ്ടപ്പെട്ടാണ് ഇവര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അഭയം തേടിയത്.

We use cookies to give you the best possible experience. Learn more