| Thursday, 28th June 2018, 9:43 pm

മഞ്ഞ കാര്‍ഡ് കുറഞ്ഞത് തുണച്ചു; പോളണ്ടിനോട് തോറ്റിട്ടും പ്രീക്വാര്‍ട്ടറില്‍ കടന്ന് ജപ്പാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിനോട് പരാജയപ്പെട്ടിട്ടും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ജപ്പാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ സെനഗലിനോട് സമനില വഴങ്ങുകയും ചെയ്ത് ഗ്രൂപ്പിലെ രണ്ടാമനായാണ് ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. കുറച്ചു മഞ്ഞ കാര്‍ഡുകള്‍ വാങ്ങിയതാണ് ജപ്പാന് തുണയായത്.

ഈ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഒരു ഏഷ്യന്‍ രാജ്യത്തിന് അവസരമുണ്ടോ എന്നറിയാനുള്ള നിര്‍ണായക മത്സരത്തിലെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചിരുന്നു. പ്രീക്വാര്‍ട്ടറിലെത്താന്‍ ജയം അത്യാവശ്യമായിരുന്ന ജപ്പാനും ആശ്വാസ ജയം തേടിയിറങ്ങിയ പോളണ്ടും ഗോള്‍ അടിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാല്‍ മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ജാന്‍ ബെഡ്നാറെക് നേടിയ ഗോളിലാണ് പോളണ്ട് ലീഡ് ചെയതത്. ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് കുര്‍സാവ എടുത്ത ഫ്രീകിക്ക് ജപ്പാന്‍ പ്രതിരോധത്തെ ഭേദിച്ച് ജാന്‍ ബെഡ്നാറെക് പോസ്റ്റിലെത്തിക്കുകയായിരുന്നു.

ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ കളിക്കുന്ന ഏക ടീമായിരിക്കുകയാണ് ജപ്പാന്‍.

We use cookies to give you the best possible experience. Learn more