| Tuesday, 20th December 2022, 4:26 pm

ഫിഫ ലോകകപ്പ് മൂന്ന് വർഷത്തിലൊരിക്കൽ; പദ്ധതികളുമായി ഫിഫ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് വളരെ ആവേശകരമായ രീതിയിൽ അവസാനിച്ചിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സാമ്പത്തികമായി ലാഭം ഫിഫക്ക് നേടിക്കൊടുത്ത ലോകകപ്പാണ് ഖത്തറിലേത്.

ഏകദേശം 6.2 ബില്യൺ ഡോളറാണ് ഖത്തർ ലോകകപ്പിൽ നിന്നും ഫിഫ സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ റഷ്യൻ ലോകകപ്പിനെ അപേക്ഷിച്ച് ഏകദേശം 840 മില്യൺ ഡോളറിന്റെ വരുമാന വർധനവാണ് ഖത്തർ ലോകകപ്പ് ഫിഫക്ക് നേടികൊടുത്തത്.

കൂടാതെ ഏഷ്യൻ, ആഫ്രിക്കൻ, അറബ് മേഖലകളിൽ നിന്നും കൂടുതൽ ആളുകൾക്ക് ലോകകപ്പിന്റെ ഭാഗമാകാനും ഖത്തർ ലോകകപ്പ് അവസരമൊരുക്കി.

എന്നാലിപ്പോൾ ലോകകപ്പ് ഫുട്ബോളിനെ അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കാനുള്ള ചർച്ചകൾ ഫിഫ നടത്തുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ലോകകപ്പ് മൂന്ന് വർഷത്തിൽ ഒരിക്കൽ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി എന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഫുട്ബോൾ ലോകകപ്പിൽ നിന്നും ഉണ്ടാകുന്ന വലിയ സാമ്പത്തിക ലാഭം മുന്നിൽ കണ്ട് ക്ലബ്ബ് ലോകകപ്പ് 32 ടീമുകളെ വെച്ച് വിപുലമായി നടത്താൻ അടുത്തിടെ ഗിയാനിയുടെ നേതൃത്വത്തിൽ ഫിഫ തീരുമാനിച്ചിരുന്നു.

കൂടാതെ ജൂൺ മാസങ്ങളിൽ ആരംഭിക്കാറുള്ള ലോകകപ്പ് ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിച്ചപ്പോൾ യൂറോപ്പിന് പുറത്ത് അതിന് ലഭിച്ച സ്വീകാര്യതയും ഫിഫ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ ഏഷ്യയിൽ ഫുട്ബോൾ ലോകകപ്പ് സൃഷ്ടിച്ച തരംഗവും ഫിഫ ശ്രദ്ധിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിനെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് എന്നാണ് ഗിയാനി ഇൻഫാന്റിനോ വിശേഷിപ്പിച്ചത്.

മുമ്പ് ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റ് ചീഫും മുൻ ഫ്രഞ്ച് കോച്ചുമായ ആഴ്സൺ വെങ്കർ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണം എന്ന ആവശ്യവുമായി രംഗത്ത് വന്നപ്പോൾ യൂറോപ്യൻ, ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫഡറേഷനുകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

നിലവിൽ 2030 വരെ ഫിഫയുടെ മത്സരങ്ങളെല്ലാം ചാർട്ട് ചെയ്യപ്പെട്ടതിനാൽ ഫിഫയുടെ തീരുമാനങ്ങൾ അവയെ ബാധിക്കാൻ ഇടയില്ല. എന്നാൽ 2031 വരെ ചുമതലയുള്ള ജിയാനിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ അടക്കമുള്ള ടൂർണമെന്റുകളിൽ അടിമുടി മാറ്റങ്ങൾ സംഭവിച്ചേക്കാം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights:FIFA World Cup in every three years; FIFA presidentplans to change worldcup structure

We use cookies to give you the best possible experience. Learn more