അർജന്റീനക്കൊപ്പം റെക്കോഡ് നേട്ടവുമായി ജിയോ; വ്യൂവർഷിപ്പിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം കേരളത്തിന്
2022 Qatar World Cup
അർജന്റീനക്കൊപ്പം റെക്കോഡ് നേട്ടവുമായി ജിയോ; വ്യൂവർഷിപ്പിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം കേരളത്തിന്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th December 2022, 6:46 pm

ഫിഫ ലോകകപ്പ് കിരീടം അർജന്റീന നേടിയപ്പോൾ ആവേശം ഒട്ടും ചോരാതെ കയ്യടി നേടിയിരിക്കുകയാണ് ജിയോ സിനിമ. ഡിജിറ്റൽ വ്യൂവർഷിപ്പിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് ജിയോ സിനിമയുടെ കുതിപ്പ്. ഈ നൂറ്റാണ്ടിൽ ആളുകൾ കണ്ട ഏറ്റവും വലിയ കായികമാമാങ്കമായി ഖത്തർ ലോകകപ്പ് മാറി.

ജിയോ സിനിമയിലൂടെയാണ് ലോകകപ്പിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം സംപ്രേക്ഷണം നടത്തിയിരുന്നത്. അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ ലോകകപ്പിലെ അർജന്റീന – ഫ്രാൻസ് കലാശ പോരാട്ടം ജിയോ സിനിമയിൽ കണ്ടത് 32 മില്യൺ ആളുകളാണെന്നാണ് കണക്കുകൾ.

ആപ്പ് ആന്നി (App Annie) എന്ന ആപ്പ് അനലിസ്റ്റിക്കൽ ഏജൻസിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ലോകകപ്പ് കാലയളവിൽ നടന്ന ആപ്പ് ഡൗൺലോഡ്‌സിന്റെ മൂന്നിലൊന്നും ജിയോ സിനിമാസിന് ആയിരുന്നു. ആകെ ചെയ്യപ്പെട്ട ഡൗൺലോഡ്‌സിന്റെ 29 ശതമാനം വരുമിത്.

ലോകകപ്പിലെ മൽസരങ്ങൾ 4കെ മികവിൽ വിവിധ ഭാഷകളിലൂടെയാണ് ജിയോ സിനിമാസ് ആരാധകരിലെത്തിച്ചത്. സൗജന്യമായിട്ടായിരുന്നു സംപ്രേക്ഷണമെന്നത് സ്വീകാര്യത വർധിപ്പിച്ചു.

ആദ്യ ദിവസം അപ്രതീക്ഷിത ജനബാഹുല്യം കാരണം ആപ്പ് ഡൗൺ ആയെങ്കിലും പിന്നീട് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മികച്ച ആസ്വാദം നൽകാൻ ജിയോയ്ക്ക് സാധിച്ചു.

110 മില്യണിൽ അധികം കാഴ്ച്ചക്കാർ ലോകകപ്പിന്റെ ഡിജിറ്റൽ സംപ്രേഷണം ഉപയോ​ഗപ്പെടുത്തി. ഇതോടെ ഫിഫ ലോകകപ്പിന്റെ ഏറ്റവും ഉയർന്ന ഡിജിറ്റൽ വ്യൂവർഷിപ്പ് വിപണികളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകകപ്പിന്റെ സമയത്ത് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് ആയും ജിയോ സിനിമ മാറി.

സൗജന്യമായിട്ടായിരുന്നു സംപ്രേക്ഷണം എങ്കിലും പരസ്യ വരുമാനത്തിലൂടെ കോടികൾ നേടാൻ ജിയോയ്ക്ക് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കണ്ട ലോകകപ്പായും ഖത്തർ മാറി. ഇന്ത്യയിലെ ഫുട്‌ബോൾ വിപണി എത്രത്തോളം വലുതാണെന്ന് പരസ്യദാതാക്കൾക്ക് മനസിലാക്കി കൊടുക്കാനും ലോകകപ്പിന് സാധിച്ചു.

ലോകകപ്പ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ കണ്ടവരുടെ റേറ്റിങ്ങിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്. അസമും സിക്കിമും ഉൾപ്പെടുന്ന നോർത്ത് ഈസ്റ്റ് മേഖലയാണ് മുന്നിൽ. 2.84 ആണ് അവിടുത്തെ ടിവി റേറ്റിങ്. കേരളം തൊട്ടുപിന്നിൽ 2.83 റേറ്റിങ്ങുമായി രണ്ടാമതാണ്. ബംഗാൾ (1.02), തമിഴ്‌നാട് (0.13) എന്നീ സംസ്ഥാനങ്ങളാണ് പിന്നീടുള്ളത്.

Content Highlights: FIFA World Cup final makes 32 million tune in to Jio Cinema