ബ്രസീലിനും അര്‍ജന്റീനയ്ക്കും എളുപ്പത്തില്‍ ഗ്രൂപ്പ് കടക്കാം; പൊര്‍ചുഗലിന് കടുപ്പം; ഖത്തറിലെ കളിയിലെ കാര്യങ്ങള്‍
2022 Qatar Worldcup Football
ബ്രസീലിനും അര്‍ജന്റീനയ്ക്കും എളുപ്പത്തില്‍ ഗ്രൂപ്പ് കടക്കാം; പൊര്‍ചുഗലിന് കടുപ്പം; ഖത്തറിലെ കളിയിലെ കാര്യങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st April 2022, 11:54 pm

ദോഹ: ഖത്തര്‍ ലോകകപ്പിനുള്ള ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചു. വെള്ളിഴായ്ച ദോഹയില്‍ നടന്ന നറുക്കെടുപ്പിലാണ് ടീമുകളുടെ ഗ്രൂപ്പുകള്‍ തീരുമാനമായത്. ഗ്രൂപ്പ് ഘട്ടത്തില്‍ താരതമ്യേന ദുര്‍ബല ഗ്രൂപ്പിലാണ് ബ്രസീലും അര്‍ജന്റീനയും. ബ്രസീല്‍ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്. സെര്‍ബിയ, സ്വിറ്റ്സര്‍ലാന്‍ഡ്, കാമറൂണ്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

അര്‍ജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിലായതോടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും റോബര്‍ട്ടോ ലവന്‍ഡോസ്‌കിയും ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടും. മെക്സിക്കോയും സൗദിയും ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് ബ്രസീലിന്റെ ഗ്രൂപ്പ് വെച്ചുനോക്കുമ്പോള്‍ അത്ര ദുര്‍ബലമല്ല.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നവംബര്‍ 21നാണ് മത്സരം. സ്പെയിനും ജര്‍മനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയില്‍ സ്പെയിനിനും ജര്‍മനിക്കും പുറമേ, ജപ്പാന്‍, ന്യൂസിലാന്‍ഡ്/കോസ്റ്റാറിക്ക ടീമുകളാണുള്ളത്.

ഗ്രൂപ്പ് എച്ചില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന, സുവാരസിന്റെ ഉറുഗ്വേ, ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ സ്ഥാനം. ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് നടന്നത്.

ഗ്രൂപ്പുകള്‍ ഇങ്ങനെ: ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ്‌സ്. ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്എ, സ്‌കോട്ട്‌ലന്‍ഡ്/വെയില്‍സ്/ഉക്രെയ്ന്‍. ഗ്രൂപ്പ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്. ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, പെറു/ഓസ്‌ട്രേലിയ/ഉക്രെയ്ന്‍, ഡെന്‍മാര്‍ക്ക്, ടുണീഷ്യ. ഗ്രൂപ്പ് ഇ: സ്‌പെയിന്‍, ന്യൂസിലാന്‍ഡ്/കോസ്റ്റാറിക്ക, ജര്‍മ്മനി, ജപ്പാന്‍ഗ്രൂപ്പ് എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ. ഗ്രൂപ്പ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍. ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ.