അര്‍ജന്റീന ഒരിക്കലും മറക്കാത്ത പേരാണ് അഹമ്മദ് മൂസ;ഐസ്‌ലാന്‍ഡിനെ തകര്‍ത്ത നൈജീരിയയുടെ വിജയശില്പി
2018 fifa world cup
അര്‍ജന്റീന ഒരിക്കലും മറക്കാത്ത പേരാണ് അഹമ്മദ് മൂസ;ഐസ്‌ലാന്‍ഡിനെ തകര്‍ത്ത നൈജീരിയയുടെ വിജയശില്പി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd June 2018, 9:58 am

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് നൈജീരിയ വിജയച്ചത്. നിര്‍ണ്ണായക പോരാട്ടത്തില്‍ നൈജീരിയയുടെ വിജയശില്പി ആയത് അഹ്മദ് മൂസ എന്ന ഏഴാം നമ്പറുകാരന്‍ ആയിരുന്നു.

ക്രൊയേഷ്യയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ കളത്തിന് പുറത്തിരുന്ന അഹമ്മദ് മൂസയുടെ ടീമിലേക്കുള്ള മടങ്ങിവരവാണ് ആഫ്രിക്കന്‍ ശക്തികള്‍ക്ക് കരുത്തായത്. രണ്ടാം പകുതിയില്‍ 49ാം മിനുറ്റിലാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ ഐസ്‌ലാന്‍ഡിന്റെ വലകുലുക്കിയത്.

Game feed photo

ലീഡ് നേടിയ ശേഷം സമനില പിടിക്കാനുള്ള ശ്രമത്തിലായിരുന്ന ഐസ്ലാന്‍ഡിന്റെ ഗോള്‍മുഖത്തേക്ക് മൂസ നിരന്തരം പന്തുമായി പാഞ്ഞടുക്കുകയായിരുന്നു. 75 ാം മിനിറ്റില്‍ ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ മൂസയെ തടുക്കാന്‍ ഐസ്‌ലാന്‍ഡിന്റെ പ്രതിരോധത്തിനൊ ഗോളിക്കൊ കഴിഞ്ഞില്ല.

മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ മൂസ ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ നാല് ഗോളുകള്‍ നേടി. ഈ നാല് ഗോളുകള്‍ പിറന്നത് രണ്ടു മത്സരങ്ങളില്‍ നിന്നാണ്, ഇന്നലെ ഇരട്ട ഗോളുകള്‍ നേടിയ മൂസ കഴിഞ്ഞ ലോകകപ്പിലും ഇരട്ട ഗോള്‍ നേടിയിരുന്നു. അര്‍ജന്റീനക്കെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് മൂസ ഇരട്ട ഗോളുകള്‍ നേടിയത്.

Game feed photo

ലോകകപ്പ് ഗോള്‍ നേട്ടം നാലാക്കിയ മൂസ നൈജീരിയയുടെ ലോകകപ്പുകളില്‍ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനുമായി, രണ്ടാം സ്ഥാനത്തുള്ള ഡാനിയല്‍ അമൊകാഷി, ഇമ്മാനുവല്‍ അമ്യൂണിക്കേ, കാലു ഉച്ചേ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടി രണ്ടാം സ്ഥാനത്താണ്.

Game feed photo

ആഫ്രിക്കയില്‍ ഗോള്‍ വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് അഹമ്മദ് മൂസ ഇപ്പോള്‍. 6 ഗോളുകള്‍ നേടിയ അസമാവോ ഗ്യാനും 5 ഗോളുകള്‍ നേടിയ റോജര്‍ മില്ലക്കും പുറകിലാണ് ഇപ്പോള്‍ അഹമ്മദ് മൂസ.

അര്‍ജന്റീന ഒരിക്കലും മറക്കാത്ത പേരാണ് മൂസ. കഴിഞ്ഞ ലോകകപ്പില്‍ എണ്ണം പറഞ്ഞ രണ്ടു വെടിയുണ്ട ഗോളുകളാണ് ഇദ്ദേഹം ആര്‍ജന്റീനയുടെ വലയിലാക്കിയത്. കഷ്ടിച്ചായിരുന്നു അന്ന് അര്‍ജന്റീന രക്ഷപ്പെട്ടത്.

Game feed photo

ഈ ജയത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നൈജീരിയ അര്‍ജന്റീനയെ നേരിടുക. മൂസയുടെ ഫിനിഷിങ് കഴിവ് അര്‍ജന്റീന ഭയന്നെ മതിയാകൂ, തടുക്കാന്‍ പാകം തന്ത്രങ്ങള്‍ സാംപോളിയുടെ കയ്യില്‍ ഇല്ലെന്നു തന്നെ പറയാം.

ഈ കളിയോടെ വേറൊരു പ്രത്യേകത കൂടിയുണ്ട്, നൈജീരിയയുടെ ലോകകപ്പിലെ ആകെയുള്ള ആറു ജയവും യൂറോപ്യന്‍ ടീമുകള്‍ക്കെതിരെയായിരുന്നു. അതായത് പ്രതിരോധ തന്ത്രങ്ങളും മാന്‍-ടു-മാന്‍ മാര്‍കിങ് സ്ട്രാറ്റജിയുമായി വരുന്ന യൂറോപ്യന്‍ ടീമുകള്‍ക്ക് വേഗതയുള്ള ആഫ്രിക്കന്‍ ഫുട്ബോള്‍ ഇപ്പോഴും പേടിസ്വപ്നം തന്നെയാണ്.

Game feed photo

ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ക്രൊയേഷ്യയ്ക്ക് ആറ് പോയിന്റും നൈജീരിയക്ക് മൂന്ന് പോയിന്റുമായി. മൂന്നും നാലും സ്ഥാനത്തുള്ള ഐസ്ലാന്‍ഡിനും അര്‍ജന്റീനയ്ക്കും ഓരോ പോയിന്റ് വീതമാണുള്ളത്. മൂന്നാം മത്സരത്തില്‍ ഐസ്ലാന്‍ഡും ക്രൊയേഷ്യയും, നൈജീരിയയും അര്‍ജന്റീനയുമാണ് ഏറ്റുമുട്ടുക. ഈ മത്സരത്തില്‍ ഐസ്ലാന്‍ഡും നൈജീരിയയും തോറ്റാല്‍ മെസിക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ എത്താം.