| Wednesday, 3rd July 2019, 8:32 am

ഈ പെനാല്‍റ്റിക്ക് ലോകകപ്പിന്റെ വിലയാണ്; ഇംഗ്ലീഷ് പടയെ വീഴ്ത്തി അമേരിക്കന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലിയോണ്‍: കോപ അമേരിക്കയുടെ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ തങ്ങളുടെ മൂന്നാം ഫൈനല്‍ പ്രവേശനം നേടി യു.എസ്. സെമിയില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് അവര്‍ ഫൈനലില്‍ കടന്നത്. 83-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മത്സരം കൈവിട്ടുകളഞ്ഞത്.

ഫ്രാന്‍സിലെ പാര്‍ക് ഒളിമ്പിക് ലിയോണൈസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തങ്ങളുടെ സൂപ്പര്‍ താരം മെഗാന്‍ റാപ്പിനോയെ കൂടാതെയാണ് യു.എസ് കളിക്കാനിറങ്ങിയത്. ഇത് ആരാധകരെ ഞെട്ടിച്ചു. മെഗാന്‍ കളിക്കാനിറങ്ങാത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സൂപ്പര്‍ താരമില്ലാതിരുന്നിട്ടും താരതമ്യേന അനായാസമായാണ് യു.എസ് ഫൈനലിലേക്ക് ജയിച്ചുകയറിയത്.

പത്താം മിനിറ്റില്‍ ക്രിസ്റ്റന്‍ പ്രസ്സിലൂടെ ആദ്യ ഗോള്‍ നേടിയായിരുന്നു യു.എസിന്റെ തുടക്കം. എന്നാല്‍ അധികനേരം ഈ ലീഡ് തുടരാന്‍ അവര്‍ക്കായില്ല. 19-ാം മിനിറ്റില്‍ എലന്‍ വൈറ്റിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഇംഗ്ലീഷ് പട സമനില പിടിച്ചു.

ബോള്‍ പൊസിഷനുകള്‍ മാറിമാറി വന്നെങ്കിലും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് യു.എസായിരുന്നു. അതിനിടെ രണ്ടാം ഗോളും പിറന്നു, 31-ാം മിനിറ്റില്‍. ഇത്തവണ മോര്‍ഗന്റെ വകയായിരുന്നു ഗോള്‍. ഇംഗ്ലീഷ് പ്രതിരോധത്തെ മുഴുവന്‍ അപ്രസക്തരാക്കിയാണ് മോര്‍ഗന്‍ ഈ ലോകകപ്പിലെ തന്റെ ആറാം ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാന്‍ ഇംഗ്ലണ്ടും, പ്രതിരോധം തീര്‍ത്ത് യു.എസും കളിച്ചപ്പോള്‍ കളി ആവേശത്തിലായി. 67-ാം മിനിറ്റില്‍ തങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചെന്ന് തോന്നലുളവാക്കിയെങ്കിലും ഇംഗ്ലീഷ് ആരാധകര്‍ക്കു നിരാശയായിരുന്നു ഫലം. വൈറ്റിന്റെ ഗോള്‍ വീഡിയോ അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

ഒടുവില്‍ 83-ാം മിനിറ്റില്‍ പ്രതീക്ഷകളുമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സ്റ്റെഫ് ഹൂട്ടണ്‍ അതു പാഴാക്കി. അതിനിടെ രണ്ടാം മഞ്ഞക്കാര്‍ഡ് ബ്രൈറ്റ് പുറത്തുപോയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി.

നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍ മത്സരത്തിലെ വിജയികളെയാണ് യു.എസ് ഫൈനലില്‍ നേരിടുക.

We use cookies to give you the best possible experience. Learn more