| Sunday, 26th June 2022, 3:24 pm

ലോകകപ്പ് കളിക്കാന്‍ അവസരം, അവസാനം ചെന്നുകേറികൊടുത്തത് സിംഹത്തിന്റെ മടയിലും; ഇന്ത്യയും ബ്രസീലും ഒരേ ഗ്രൂപ്പില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കരുത്തര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിരിക്കുന്നത്.

കരുത്തരായ ബ്രസീലും അമേരിക്കയുമാണ് എ ഗ്രൂപ്പിലെ പ്രധാന ആകര്‍ഷണം. മൊറോക്കോയാണ് ഇന്ത്യക്ക് പുറമെയുള്ള അടുത്ത ടീം. ബ്രസീലും അമേരിക്കയും ഉള്ളതിനാല്‍ തന്നെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ത്യക്ക് കഠിനമാവും. എന്നാല്‍ ഇന്ത്യയും ഒട്ടും മോശമല്ലാത്തതിനാല്‍ ഗ്രൂപ്പ് എയെ മരണ ഗ്രൂപ്പായും വിലയിരുത്തപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലാണ് ഗ്രൂപ്പുകളേയും ടീമുകളേയും തെരഞ്ഞെടുത്തത്. നാല് ഗ്രൂപ്പിലായി 16 ടീമുകളാണ് ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്.

ഇന്ത്യ, ബ്രസീല്‍, മൊറോക്കോ, അമേരിക്ക, ജര്‍മനി, നൈജീരിയ, ചിലി, ന്യൂസിലാന്‍ഡ്, സ്പെയ്ന്‍, കൊളംബിയ, മെക്സിക്കോ, ചൈന, ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ് എന്നിവരാണ് ലോകകപ്പ് ലക്ഷ്യം വെച്ചിറങ്ങുന്നത്.

ഗ്രൂപ്പ് സിയിലാണ് നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ കളിക്കുന്നത്.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. 2022 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത വേദികളിലായാകും ടൂര്‍ണമെന്റ് നടക്കുക.

കലിംഗ സ്‌റ്റേഡിയം ഭുവനേശ്വര്‍ (ഒഡീഷ), ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മര്‍ഗോവ (ഗോവ), ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം നവി മുംബൈ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

ലോകകപ്പിനുള്ള മുന്നൊരുക്കത്തിനായി ഇന്ത്യന്‍ ടീം യൂറോപ്പില്‍ പര്യടനം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യ ഇറ്റലിയെ തോല്‍പിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളിനാണ് ഇന്ത്യ ഇറ്റലിയെ പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് എ: ബ്രസീല്‍, ഇന്ത്യ, അമോരിക്ക, മൊറോക്കോ

ഗ്രൂപ്പ് ബി: ജര്‍മനി, നൈജീരിയ, ചിലി, ന്യൂസിലാന്‍ഡ്

ഗ്രൂപ്പ് സി: സ്‌പെയ്ന്‍, കൊളംബിയ, മെക്‌സിക്കോ. ചൈന

ഗ്രൂപ്പ് ഡി: ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ്

Content Highlight: FIFA U17 Women’s World Cup, India and Brazil in Same Group

We use cookies to give you the best possible experience. Learn more