| Friday, 25th August 2023, 12:57 pm

ലോകകപ്പിലെ ചുംബന വിവാദം; നടപടിയെടുക്കാന്‍ ഫിഫ, രാജിക്കൊരുങ്ങി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് കിരീടം നേടിയതിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഫെര്‍മോസോയെ ദി റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയീസ് റുബൈലെസ് ചുംബിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിട്ടും റുബെലെസ് താരത്തെ ചുംബിക്കുകയായിരുന്നു.

സംഭവത്തില്‍ റുബെലെസിനെതിരെ ഫിഫ നടപടിക്കൊരുങ്ങുകയാണ്. ഫിഫ അച്ചടക്ക നടപടികളെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ദി റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനം റുബൈലസ് രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പ് വേദിയിലെ വിവാദ ചുംബനം സ്‌പെയ്‌നിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സപാനിഷ് സര്‍ക്കാരിലെ മന്ത്രിമാര്‍ വരെ റുബൈലസിന്റെ രാജിക്കായി രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ ജെന്നിഫര്‍ ഫെര്‍മോസോയും പ്രതികരിച്ചിരുന്നു. റുബൈലെസിന്റെ നടപടി തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്. കായിക മാധ്യമമായ മാര്‍ക്കയെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ആ നിമിഷം ഞാന്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല. വിജയാവേശത്തില്‍ പരസ്പര ബഹുമാനത്തോടെ ചെയ്തതാണെന്ന് തന്നെയാണ് കരുതുന്നത്. ഞാനും പ്രസിഡന്റും തമ്മില്‍ വലിയ ബന്ധമുണ്ട്.

ഞങ്ങളോടെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം മികച്ചതാണ്. അതില്‍ വാത്സല്യവും സ്നേഹവുമുണ്ട്. എന്നാല്‍ ആ പെരുമാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു,’ ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ താരത്തോട് മാപ്പ് ചോദിച്ച് റുബൈലസ് രംഗത്തെത്തിയിരുന്നു. ലോകകപ്പ് നേടിയതിന്റെ ആവേശം കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു റുബൈലസിന്റെ വാദം. എന്നാല്‍ ഫിഫയുടെ നടപടി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ റുബൈലസ് പ്രതികരിച്ചിട്ടില്ല.

Content highlight: FIFA to take action against Luis Rubailes

We use cookies to give you the best possible experience. Learn more