2021ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക പുറത്ത്. ലയണല്‍ മെസി, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍.
കരിയറിലെ ഏഴാം ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫയുടെ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മെസി തന്നെ സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് കായിക ലോകം.
2020 ഒക്ടോബര്‍ 8 മുതല്‍ 2021 ഓഗസ്റ്റ് 7 വരെയുള്ള പ്രകടനവും നേട്ടങ്ങളുമാണ് വിജയിയെ തിരഞ്ഞെടുക്കാന്‍ പാനല്‍ പരിഗണിക്കുക. അതായത്, മെസി ബാഴ്‌സലോണയ്ക്ക് വേണ്ടി നേട്ടങ്ങള്‍ മാത്രമാവും ജൂറി പരിഗണിക്കുന്നത്. പി.എസ്.ജിക്കായി കളിച്ച ഒരു കളിയും അടിച്ച ഗോളുകളും പുരസ്‌കാര നിര്‍ണയത്തെ സ്വാധീനിക്കില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ത്രില്ലടിച്ചിരിക്കുന്നത് മെസി ആരാധകര്‍ തന്നെയാണ്. പി.എസ്.ജിയില്‍ തന്റെ മുഴുവന്‍ പ്രകടനവും താരത്തിന് ഇതുവരെ പുറത്തെടുക്കാനായിട്ടില്ല എന്നത് തന്നെയാണ് ആരാധകരുടെ സന്തോഷത്തിന് കാരണവും.
2020 ഒക്ടോബര്‍ 8 മുതല്‍ 2021 ഓഗസ്റ്റ് 7 വരെ 47 മത്സരങ്ങളില്‍ നിന്നും 43 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
2021 മെസിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു. ബാഴ്‌സയെ കോപ്പ ഡെല്‍ റെ കിരീടം ചൂടിക്കുകയും അര്‍ജന്റീനയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ഫിഫയുടെ ഒരു മേജര്‍ കിരീടവും സ്വന്തമാക്കിയ വര്‍ഷമായിരുന്നു 2021.
2 കിരീട നേട്ടങ്ങള്‍ക്കും മാറ്റുകൂട്ടാനായി കരിയറിലെ ഏഴാമത് ബാലണ്‍ ഡി ഓറും മെസി നേടിയിരുന്നു. ഇനി ഫിഫയുടെ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ കൂടി നേടിയാല്‍ 2021 ആരാധകരെ സംബന്ധിച്ച് അവിസ്മരണീയമാവും എന്നുറപ്പാണ്.
കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ഈ അവാര്‍ഡ് സ്വന്തമാക്കിയത്. ഇത്തവണ പുരസ്‌കാരം മെസി നേടിയാല്‍ അത് അര്‍ജന്റീനിയന്‍ താരത്തിന്റെ ഏഴാമത്തെ ഫിഫ ‘ദി ബെസ്റ്റ്’ പുരസ്‌കാരമായിരിക്കും.