ഫിഫയുടെ ചട്ടം ലംഘിച്ചു; എംബാപ്പെക്കെതിരെ നടപടിയെടുത്തേക്കും
Football
ഫിഫയുടെ ചട്ടം ലംഘിച്ചു; എംബാപ്പെക്കെതിരെ നടപടിയെടുത്തേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th November 2022, 8:59 pm

ഫിഫയുടെ ചട്ടം ലംഘിച്ചതിന് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെക്കെതിരെ നടപടിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ നിര്‍ബന്ധമായും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ഫിഫയുടെ നിയമം.

എന്നാല്‍ എംബാപ്പെ ഡെന്മാര്‍ക്കിനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളില്‍ അവാര്‍ഡിന് അര്‍ഹനായിട്ടും പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നില്ല.

ഓസ്‌ട്രേലിയക്കെതിരായ മത്സര ശേഷം പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാതിരുന്നതിന് എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. വീണ്ടും ചട്ടം ലംഘിച്ചതിനാല്‍ താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത.

പി.എസ്.ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് എംബാപ്പെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

നിലവില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയെയും രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെയുമാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരെ നേടിയ രണ്ട് ഗോളുകളും എംബാപ്പെയുടെ സംഭാവനയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോള്‍ നേടാനും താരത്തിനായി.

എംബാപ്പെയുടെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പില്‍ നിന്ന് ഇതിനകം ഏഴ് ഗോളുകളാണ് താരം വാരിക്കൂട്ടിയത്. ലോകത്തേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോളറായ ഈ ഫ്രഞ്ച് താരം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും നെയ്മര്‍ ജൂനിയര്‍ക്കുമൊപ്പമാണ് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ ബൂട്ട് കെട്ടുന്നത്.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് താരം ഖത്തര്‍ ലോകകപ്പിനെത്തിയത്. വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷമെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് താരം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, എംബാപ്പെയുമായുള്ള കരാര്‍ പുതുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് പി.എസ്.ജി. താരത്തെ സൈന്‍ ചെയ്യിക്കാന്‍ മറ്റ് ചില വമ്പന്‍ ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: FIFA takes action against Kylian Mbappe